Saturday, 17 August 2024

പ്രേതം ഉള്ളതോ കെട്ടുകഥയോ?

പ്രേതകഥകൾ ഇവിടെ കണ്ടത് കൊണ്ട് ഞാനും ഒരു അനുഭവം പറയാം. ഇയ്യിടെ എൻ്റെ കൂട്ടുകാരൻ്റെ വീട്ടിൽ എനിക്ക് ഒരാഴ്ച്ച താമസിക്കേണ്ടി വന്നു. അന്ന് രാത്രിയിൽ ഞാൻ ടീവി കണ്ടുകൊണ്ട് ഡ്രോയിംഗ് റൂമിൽ തന്നെ കിടന്നു. ലൈറ്റ് അണച്ച ശേഷം ഉറങ്ങാൻ ശ്രമിച്ചിട്ടും എന്തോ ഒരു ഡിസ്തർബൻസ് ഉള്ളതായി തോന്നി. ഞാൻ കൂടാതെ റൂമിൽ ആരോ ഒരാളും കൂടെ ഉണ്ടെന്ന് തോന്നി. ഉറക്കം വരാതെ കുറേ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു. കുറെ സമയത്തിന് ശേഷമാണ് ഉറങ്ങിയത്. കമന്ന് കിടന്നിരുന്ന എന്നെ ബലമായി തിരിച്ച് കിടത്താൻ ആരോ ശ്രമിക്കുന്നതായി എനിക്ക് തോന്നിയത് കൊണ്ട് ഞാൻ ഉണർന്നു. സമയം നോക്കി, രാത്രി രണ്ട് മണി. മുറിയിൽ അപ്പോഴും ആരോ ഉള്ളതായി തോന്നി. പൂജകളും മന്ത്രങ്ങളും ഒക്കെ ആവശ്യത്തിന് അറിയാവുന്നത് കൊണ്ട് ഒരു മന്ത്രം ജപിച്ചിട്ട് പിന്നേയും ഞാൻ ഉറങ്ങി. അടുത്ത ദിവസം ഈ കാര്യം കൂട്ടുകാരനോട് പറഞ്ഞു. ഈ വീട് ഏകദേശം 4 വർഷങ്ങൾ അടഞ്ഞു കിടക്കുക ആയിരുന്നെന്നും,തുടർന്ന് താമസം തുടങ്ങിയ ശേഷം എല്ലാർക്കും ഓരോ അനുഭവങ്ങൾ ഉണ്ടാകാറുണ്ട് എന്നും ഒരു സ്ത്രീ എളിയിൽ ഒരു കുട്ടിയുമായി ഗേറ്റിൽ വന്നുനിന്നു കരയുന്നതും, പിന്നെ ഹാളിലെ കട്ടിലിൽ വന്നിരുന്ന് കരയുന്നതും, ആരെങ്കിലും ഹാളിലെ കട്ടിലിൽ കിടന്ന് ഉറങ്ങിയാൽ എൻ്റെ കുട്ടിയെ ഉറക്കത്തെ എന്ന് പറഞ്ഞ് കൊണ്ട് കട്ടിലിൽ കിടക്കുന്ന ആളിനെ എടുത്ത് താഴെ ഇടുന്നതും, ചില സമയത്ത് കോലിസിൻ്റെ ഒച്ച കേൾക്കുന്നതായും ഒക്കെ പറഞ്ഞു. ഒരു രാത്രിയിൽ പേടിച്ച് വീട് വിട്ട് ഓടി അയൽപക്കത്തെ വീട്ടിൽ ഉറങ്ങിയതായും പറഞ്ഞു. അടുത്ത ദിവസം ധൈര്യം സംഭരിച്ച് രാത്രിയിൽ ഇച്ചിരെ ഒച്ചക്ക് ആ അദൃശ്യ ശക്തിയോട് (ധൈര്യവർധന പാനീയം കുടിച്ചിട്ട്😀) പറഞ്ഞു അത്രേ ' ഞാൻ നിങ്ങളെ ശല്യം ചെയ്യാൻ വന്നതല്ല, നിങ്ങൾക്ക് ഇഷ്ടം പോലെ എത്ര നാളുകൾ വേണമെങ്കിലും ഇവിടെ കഴിയാം, എന്നേയും താമസിക്കാൻ അനുവദിക്കൂ ' എന്ന്. അത് കഴിഞ്ഞ് അവനെ ശല്യം ചെയ്യാറില്ലെങ്കിലും പുതിയ ആളുകൾ ആരെങ്കിലും വന്നാൽ അവരെ ശല്യം ചെയ്യുമെന്നും പറഞ്ഞു.

സത്യത്തിൽ എന്തായിരിക്കും എന്ന് അറിയാൻ ആഗ്രഹം ഉണ്ടായെങ്കിലും തുടർന്ന് ഉള്ള ദിവസങ്ങളിൽ എന്നെ ശല്യം ചെയ്തില്ലാത്തത് കൊണ്ട് ഞാനും അത് വിട്ടുകളഞ്ഞു.

ചില ശാസ്ത്രീയ വശങ്ങൾ പറയുന്നത് 
ഉറക്കത്തിന്റെയും ജാഗ്രതയുടെയും ഇടയിലുള്ള അവസ്ഥകളിൽ അവബോധം കാത്തു സൂക്ഷിക്കുന്ന അനുഭവങ്ങൾ (sleep paralysis) ചില ആളുകൾക്ക് 'പ്രേതം കാണുന്നത്' പോലെയുള്ള അനുഭവം ഉണ്ടാകാം എന്നാണ്.

സ്ലീപ് പാരാലിസിസ് (Sleep Paralysis) എന്നത് മനസ്സും ശരീരവും തമ്മിൽ സമന്വയിപ്പിക്കുന്നത് നഷ്ടപ്പെടുന്നതു കൊണ്ടുള്ള അവസ്ഥയാണ്. 

സ്ലീപ് പാരാലിസിസിനുള്ള കാരണം REM (Rapid Eye Movement) ഉറക്കത്തിന്റെ സമയത്ത് ശരീരം സാധാരണയായി ചലിക്കാതിരിക്കാനായി മസിലുകളെ അടക്കി നിർത്തുന്നു. ഇത് ഉറക്കത്തിന്റെ സംരക്ഷണമെന്ന നിലയ്ക്ക് പ്രവർത്തിക്കുന്ന ഒരു സിസ്റ്റമാണ്, സ്വപ്നം കാണുമ്പോൾ ശരീരം ചലിക്കാതിരിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. എന്നാൽ, ചിലപ്പോൾ മസ്തിഷ്കം 'ഉണരുകയും', 
ശരീരത്തിന്റെ ഈ അവസ്ഥ തുടരുകയും ചെയ്യുന്നുണ്ടാകും. ആ സമയത്ത് ബോധമുണ്ടെങ്കിലും ശരീരം അണക്കാണോ, കൈയ്യുകൾ ഉയർത്താണോ സാധിക്കാതെ വരും.

പലരും ഇവയെ പ്രേതവുമായി ബന്ധപ്പെടുത്തി തെറ്റിദ്ധരിക്കും. ഈ അവസ്ഥയിൽ ചിലപ്പോൾ ആളുകൾക്ക് ഭയമോ, ദേഷ്യമോ, ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നതായോ അനുഭവപ്പെടാം. എന്തെങ്കിലും അപകടകരമായ കാര്യം സംഭവിക്കുന്നു എന്ന രീതിയിൽ പേടിപ്പിക്കുന്ന സ്വപ്നങ്ങളും കാണാം. 

ഈ ഭൂമിയിൽ പല ഗ്രഹങ്ങളിൽ നിന്നും വന്ന് പലതും നമ്മുടെ ഇടയിൽ തന്നെ നമ്മൾക്ക് മനസ്സിലാക്കാൻ കഴിയാത്ത വിധം താമസിക്കുന്നു. അവർക്ക് നമ്മൾക്കില്ലാത്ത പല കഴിവുകളും ഉണ്ട്. പോസിറ്റീവ് എനർജിയും, നെഗറ്റീവ് എനർജിയും ഒക്കെ ഉണ്ട് ഇവയിൽ. ചിലർ അവയെ ദൈവിക ശക്തി എന്നോ പൈശാചിക ശക്തിയെന്നോ ഒക്കെ വിളിക്കും. ഭഗവാനും, ദേവതകളും, രാക്ഷസന്മാരും, പിത്രുക്കളും, ചെകുത്താനും ഒക്കെ ഉണ്ട് എന്നുള്ളത് സത്യവും ആകാം മിഥ്യയുമാകാം. പക്ഷേ നമ്മുടെ മനസ്സ് തന്നെ ആണ് ഈ ലോകത്തിലെ എല്ലാ വിശ്വാസങ്ങളുടേയും സംഭവങ്ങളുടേയും അടിസ്ഥാന കാരണക്കാരൻ.

No comments:

Post a Comment