Tuesday, 20 August 2024

ഓണം എങ്ങനെ എപ്പോൾ എന്തിന്?

ത്രെഡിൽ 'പിള്ളേർ ഓണം' കഴിക്കുന്ന കുട്ടികളുടെ ഫോട്ടോ കണ്ടപ്പോൾ ആണ് കുറച്ച് ദിവസങ്ങൾ ഗുജറാത്തിലെ ഭരൂച്ച് എന്ന സ്ഥലത്ത് താമസിച്ചതും അവിടുത്തെ തദ്ദേശവാസികൾ ഇവിടെ ആണ് മഹാബലി യാഗം നടത്തിയത് എന്നും പറഞ്ഞ കാര്യം ഓർമ്മ വന്നത്.

മഹാബലിയുടെ വിശ്വജിത്ത് യാഗം നടന്നത് ഗുജറാത്തിൽ ആണെങ്കിൽ ഭരിച്ചതും അവിടെ ആയിരിക്കുമല്ലോ. അപ്പൊൾ കേരളത്തിൽ മാത്രം മഹാബലിയുടെ ഓർമ്മക്ക് ഓണം ആഘോഷിക്കപ്പെടുന്നത് എന്തുകൊണ്ട് എന്ന സംശയം തീർക്കാൻ ഉള്ള ശ്രമത്തിൽ മനസ്സിലായത് അത് വേ ഇത് വേ എന്നാണ്.

ഇന്ദ്രസേനൻ എന്ന മഹാബലി പിതാവായ വിരോചനനും മാതാവ്  ദേവാംബായുടേയും മുത്തച്ഛനായ പ്രഹ്ലാദൻ്റെയും ഗുരുവായ ശുക്രാചാര്യരുടെയും സംരക്ഷണത്തിൽ ഹിരണ്യകശിപു പുരിയിലായിരുന്നു വളർന്നത്.

മഹാബലി നടത്തിയ യാഗം ഗുജറാത്തിലെ ഭറുച് (Bharuch) ജില്ലയിലെ  നർമദാനദി തീരത്ത് സ്ഥിതിചെയ്യുന്ന തപോണിൽ ആണ്. ഭറുച് (പുരാതനകാലത്ത് ഭ്രഗുകച്ച) ഒരു പുരാതന പട്ടണവും വ്യാപാരകേന്ദ്രവുമായിരുന്നു. നർമദാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ട് ഇവിടെ  ഏറെ പൗരാണികവും ആധ്യാത്മികവുമായ പ്രാധാന്യമുണ്ട്.

അതുപോലെ മഹാബലിയെ പാതാലത്തിലേക്ക് ചവിട്ടി താഴ്ത്തി എന്ന് ഒരു പുരാണത്തിലും ഇല്ല.  ഭഗവാൻ വിഷ്ണുവിൻെറ ആജ്ഞയനുസരിച്ച് അസുരപരിവാരങ്ങളോട് കൂടി മഹാബലി സ്വയം തന്നെ സുതലത്തിലേക്ക് യാത്ര ചെയ്‌തു എന്നാണ് പറയുന്നത്. അതായത് കൃത്യമായ അനുഗ്രഹാശിസ്സുകളോടെ മഹാബലിയെ ത്രിവിക്രമനായ ഭഗവാൻ വാമനൻ പാദദീക്ഷ (ഗുരുവിന്റെ പാദം ആണ് ഒരു മനുഷ്യന്റെ അഹങ്കാരത്തിന്റെ നാശസ്ഥാനം) നൽകി ഭൂലോകത്തു നിന്നും സുതലം എന്ന ലോകത്തിലേക്ക് വിടുന്നു എന്നാണ് പുരാണങ്ങളിൽ പറഞ്ഞിരിക്കുന്നത്.

കേരളത്തിൽ മാത്രം ഓണം ആഘോഷിക്കപ്പെടുന്നത് എന്ത് കൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം ഇതാണ്.

കേരളത്തിലെ ചേര രാജാക്കൻമാരുടെ കീഴിൽ കൊങ്ങുനാട്ടിലെ അമരാവതി തീരത്തെ കരവൂരിൽ വാണിരുന്നവരത്രേ കൊങ്കിളം കോവരചർ. ഇവരാണ് മഹാബലിവംശജർ എന്ന് ചില ചരിത്രകാരന്മാർ വാദിക്കുന്നുണ്ട്. ഈ വംശത്തിൽ പെട്ടതും തൃക്കാക്കര ആസ്ഥാനമാക്കിയിരുന്നതുമായ മഹാനായ ഒരു ചേരരാജാവാണ് മഹാബലി എന്ന് ഐതിഹ്യം സൂചിപ്പിക്കുന്നു. ഇതിഹാസ പുരാണങ്ങളിലെ കഥാപാത്രമായ ദൈത്യരാജാവായ ബലിയും നാടോടി ആരാധനാ സമ്പ്രദായങ്ങൾക്ക് പാത്രമായ ബലിരാജ്യത്തിലെ ബലിയും ഒരേ വ്യക്തി തന്നെയാണൊ എന്നതും ഗവേഷണ വിധേയമാക്കിയിട്ടുള്ള വിഷയങ്ങൾ ആണ്‌.രണ്ടും രണ്ടാണെന്നാണ്‌ വിലയിരുത്തൽ. 

മഹാബലി ചേരവംശസ്ഥാപകനും തൃക്കാക്കര തലസ്ഥാനമാക്കി കേരളം വാണ ചക്രവർത്തിയാണ് എന്ന് ഐതിഹ്യത്തിന് അടിസ്ഥാനമുണ്ട് എന്നാണ് ചില ചരിത്രകാരന്മാർ വാദിക്കുന്നത്.

മഹാബലിയുടെ പാരമ്പര്യം അവകാശപ്പെട്ടിരുന്ന ബാണർ എന്ന ആന്ധ്രയിലെ പ്രാചീനഗോത്രവംശജരായിരുന്ന നായകന്മാരായിരുന്നു ഒൻപതാം നൂറ്റാണ്ടിൽ ചോളഭരണ കാലത്ത് തമിഴ്നാട്ടിലെ പല നാടുകളും ഭരിച്ചിരുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ തമിഴ്നാട്ടിലെ സാഹചര്യങ്ങൾ പ്രതികൂലമായപ്പോൾ അവരിൽ ചിലർ കേരളത്തിലേക്ക് വരികയുണ്ടായി. ഇവരുടെ ഇടയിൽനിന്ന് പ്രബലനും തൃപ്പൂണിത്തുറയും, തൃക്കാക്കരയും ഭരിച്ചിരുന്നതുമായ 'മാവേലി' എന്നു പേരായ ഒരു രാജാവ്, ഒറീസയിലും, കർണാടകയിലും മഹാബലിയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ആഘോഷത്തെ കേരളത്തിലെ കൊയ്ത്തുത്സവവുമായി ബന്ധപ്പെടുത്തി ഓണാഘോഷം രൂപപ്പെടുത്തി. എന്നാണ് ചരിത്രപണ്ഡിതനായിരുന്ന കെ.ബാലകൃഷ്ണ കുറുപ്പിന്റെ നിഗമനം.

കേരളത്തിലെ തികച്ചും ദ്രാവിഡരീതിയിലുള്ള ഓണാഘോഷം തന്നെ അതിനായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തലസ്ഥാനമായിരുന്ന കരവൂർ - കരൂർക്കരയാണ് തൃക്കാക്കാക്കരയായതെന്നും കാൽക്കരൈ നാടാണ് തൃക്കാക്കരയായതെന്നും ചരിത്രകാരന്മാർക്കിടയിൽ വിഭിന്ന അഭിപ്രായം ഉണ്ട്.

പരശുരാമകഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട്‌. വരുണനിൽനിന്ന്‌ കേരളക്ഷേത്രത്തെ മോചിപ്പിച്ച്‌ ബ്രാഹ്മണർക്ക്‌ ദാനം നൽകിയ പരശുരാമൻ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യർത്ഥനയെ തുടർന്ന്‌ വർഷത്തിലൊരിക്കൽ തൃക്കാക്കരയിൽ അവതരിക്കുമെന്ന്‌ വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണമെന്നും സങ്കൽപ്പമുണ്ട്‌.

സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന്‌ ശേഷം ശ്രവണപദത്തിലേക്ക്‌ പ്രവേശിച്ചത്‌ ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്ന്‌ ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു. ബുദ്ധമതത്തിന്‌ ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണമെന്ന്‌ അവർ സമർത്ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന്‌ ശക്തമായ തെളിവാണ്‌.

മലബാർ മാന്വലിന്റെ കർത്താവായ ലോഗൻ ഓണാഘോഷത്തെ ചേരമാൻപെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാൾ ഇസ്ലാംമതം സ്വീകരിച്ച്‌ മക്കത്തുപോയത്‌ചിങ്ങമാസത്തിലെ തിരുവോണത്തിൻ നാളിലായിരുന്നുവെന്നും ഈ തിർത്ഥാടനത്തെ ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണാഘോഷത്തിന്‌ നിമിത്തമായതെന്നും ലോഗൻ ഓണത്തെപ്പറ്റി എഴുതിയിട്ടുണ്ട്‌

ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു.

No comments:

Post a Comment