ഭക്തി എന്നത് ഓരോ വ്യക്തിക്കും അവരവരുടെ ഇഷ്ടപെട്ട രീതികളിലൂടെ അനുപമമായ ദൈവാനുഭവത്തിനും ആത്മീയ വളർച്ചയ്ക്കും ഉള്ള മാർഗ്ഗങ്ങൾ ആണ്.
ദൈവഭക്തിയിൽ പ്രധാനം സ്നേഹമാണ് എന്ന് ഹിന്ദു തത്വശാസ്ത്രങ്ങൾ വ്യക്തമാക്കുന്നു. നിങ്ങളുടെ ഭക്തി, കാര്യസാധ്യങ്ങൾക്കും സാഹചര്യങ്ങൾ കൊണ്ടും, ഭയം കൊണ്ടും ഉള്ളതാണെങ്കിൽ ദൈവാനുഗ്രഹം അത്ര എളുപ്പമല്ല. പല രീതിയിൽ ഉള്ള പരീക്ഷണങ്ങളും, വിഷമങ്ങളും നിറഞ്ഞ വഴിയിലൂടെ മാത്രമേ ദൈവാനുഗ്രഹം കിട്ടൂ. നിങ്ങൾക്ക് ദൈവത്തോട് നിഷ്കപടമായ സ്നേഹമാണ് ഉള്ളതെങ്കിൽ ദൈവത്തെ അറിയുവാനും അനുഭവിക്കുവാനും വളരെ വേഗത്തിൽ സാധിക്കുന്നു.
ജ്ഞാനയോഗം, രാജയോഗം, കർമ്മയോഗം, ഭക്തിയോഗം എന്നിവ ഭഗവദ്ഗീതയിൽ പറഞ്ഞിരിക്കുന്ന ചതുര്‍വ്വിധ യോഗങ്ങൾ ആണ്. ഓരോ യോഗവും ഒരു പ്രത്യേക ആത്മീയ മാർഗ്ഗം അല്ലെങ്കിൽ പരിശീലന രീതിയെ പ്രതിനിധീകരിക്കുന്നു.
1. ജ്ഞാനയോഗം - തത്ത്വചിന്തയിലൂടെയും, ഗ്രഹണത്തിലൂടെയും, ബുദ്ധിപരമായ അന്വേഷണം കൊണ്ടും സത്യത്തെ അറിയാൻ ശ്രമിക്കുന്ന മാർഗ്ഗമാണ്. ആത്മസാക്ഷാത്കാരം, സ്വതന്ത്ര ആത്മാവിന്റെ തിരിച്ചറിവ്, മോക്ഷം എന്നിവയാണ് ഈ യോഗത്തിന്റെ ലക്ഷ്യങ്ങൾ. ശാസ്ത്രീയ പഠനം, ചിന്ത, ധ്യാനം എന്നിവ ജ്ഞാന യോഗത്തിന്റെ ഭാഗമാണ്.
2. രാജയോഗം - മനസ്സിന്റെ നിയന്ത്രണത്തിനും ധ്യാനത്തിനും പ്രധാന്യം നൽകുന്ന ഒരു പ്രസ്ഥാനമാണ് രാജയോഗം. അത് ആത്മീയ ആത്മസംയമനം, പ്രാണായാമം, ധ്യാനം എന്നിവയിൽ കേന്ദ്രീകരിക്കുന്നു. പതഞ്ജലി രചിച്ച 'യോഗ സൂത്ര' രാജയോഗത്തിന്റെ അടിസ്ഥാനമാണ്.
3. കർമ്മയോഗം - പ്രവർത്തിയുടെ മാർഗ്ഗം എന്നർത്ഥം വരുന്ന കർമ്മയോഗം, ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ, നിർവികാരമായി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. നിസ്വാർഥ സേവനം, സമർപ്പണം, ധർമ്മ അനുഷ്ഠാനം എന്നിവ കർമ്മയോഗത്തിന്റെ പ്രധാനത്വങ്ങൾ.
4. ഭക്തിയോഗം - ആരാധന, സമർപ്പണം, ഭക്തി എന്നിവയിലൂടെ ദൈവാനുഭവം നേടുക എന്നതാണ് ഭക്തിയോഗത്തിന്റെ ലക്ഷ്യം. സ്നേഹവും, സമർപ്പണവും, അനുസരണവും ഭക്തിയോഗത്തിന്റെ പ്രാഥമിക ധ്യാനങ്ങൾ.
ഈ നാലു യോഗങ്ങളും സ്വാമി വിവേകാനന്ദൻ പാശ്ചാത്യ ലോകത്തിൽ പ്രശസ്തമാക്കിയ ആത്മീയ വഴികളാണ്. ഓരോ യോഗവും ഒരു വ്യക്തിയുടെ ആത്മീയ വളർച്ചയ്ക്കും അറിവിനും ഉപകരിക്കാവുന്നതായാണ് കരുതപ്പെടുന്നത്.
ഭക്തിക്ക് പല വഴികളുണ്ടെങ്കിലും ലക്ഷ്യം ഒന്ന് തന്നെ ആണ്. സ്ത്രീകൾ പലപ്പോഴും കൃഷ്ണനെ കാമുകനായി കാണുന്നതും പുരുഷന്മാർ ദേവിയെ അമ്മയായും, തൊഴി ആയും, ഭാര്യ ആയും, മകളായും, കാമുകി ആയും ഒക്കെ കണ്ട് ആരാധിക്കുന്നു.
ഭക്തി യോഗ, അല്ലെങ്കിൽ ഭക്തി മാർഗ്ഗം, ഭാരതീയ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളിൽപ്പെട്ട ഒരു പ്രധാന യോഗ മാർഗ്ഗമാണ്. ഇത് ദൈവത്തോടുള്ള സമർപ്പണവും പ്രീതിയും അടിസ്ഥാനമാക്കിയുള്ളത്.
ഭക്തിയോഗത്തിൽ സാധാരണയായി ആറ് പ്രധാന തരത്തിലുള്ള ഭക്തികൾ ഉണ്ട്:
1. ശാന്ത ഭക്തി - ഈ ഭക്തി സമാധാനത്തിനും ശാന്തിക്കും, ആത്മനിര്‍ണയത്തിനും ഉദ്ദേശിച്ചാണ്.
2. ദാസ്യ ഭക്തി - ഭക്തൻ ദൈവത്തെ തന്റെ യജമാനനായി, സ്വയം ദാസനായി കാണുന്നു. രാമായണത്തിൽ ഹനുമാൻ ദാസനെ പോലെ രാമൻ്റെയും സീതയുടെയും കൂടെ ഉള്ളത് ദാസ്യ ഭക്തിയുടെ ഉദാഹരണമാണ്.
3. സഖ്യ ഭക്തി - ഭക്തൻ ദൈവത്തെ സുഹൃത്ത് (സഖി) ആയി കാണുന്നു. മഹാഭാരതത്തിൽ അർജുനനും ഭഗവാൻ കൃഷ്ണനും തമ്മിലുള്ള ബന്ധം സഖ്യ ഭക്തിയുടെ ഒരു ഉത്തമ ഉദാഹരണമാണ്.
4. വാത്സല്യ ഭക്തി - ദൈവത്തെ ഒരു കുഞ്ഞായി കണ്ട് മാതാപിതാക്കളെ പോലെ ഭഗവാനെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. യശോദക്ക് കൃഷ്ണനോടുള്ള മാതൃസ്നേഹമാണ് ഇതിന്റെ ഉദാഹരണം.
5. മാധുര്യ ഭക്തി - ഇതിനെ കാമ്യം ഭക്തി എന്നും വിളിക്കുന്നു. ദൈവത്തോടുള്ള പ്രണയം. രാധയും ഗോപികമാരും കൃഷ്ണനോടുള്ള പ്രണയം ഉദാഹരണങ്ങളാണ്.
6. ആത്മനിവേദനം - ഭക്തൻ തന്റെ സർവവും ദൈവത്തിന് സമർപ്പിക്കുകയും, ദൈവത്തിൽ മുഴുവനായും ലയിക്കുകയും ചെയ്യുന്ന രീതിയാണ് ആത്മനിവേദനം. ഭക്തി മാർഗത്തിലെ അവസാന ഘട്ടമാണിത്, ഭഗവാനുമായി ഏകാത്മകത കൈവരിച്ച അവസ്ഥ.
പ്രഹ്ലാദൻ തന്റെ ജീവിതകഥയിലൂടെ ഒമ്പത് തരം ഭക്തി സാധനകൽ പഠിപ്പിക്കുന്നു. ഇവ ഓരോന്നും ഭഗവാനുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനുള്ള വ്യത്യസ്ത മാർഗങ്ങൾ ആണ്.
(1) ശ്രവണം (ഭഗവാൻ്റെ കഥകൾ ശ്രവിക്കുക)
(2) കീർത്തനം (ഭജന പാടി സ്തുതിക്കുക)
(3) സ്മരണം (ഭഗവാനെ ഓർമ്മിക്കുക)
(4) പാദ-സേവനം (സേവനം ചെയ്യുക)
(5) അർച്ചന (ഒരു മൂർത്തിയെ ആരാധിക്കുക)
(6) വന്ദനം (ആദരാഞ്ജലി അർപ്പിക്കുക) (7) ദാസ്യം (ഭഗവാനെ താൻ ഒരു ദാസനായി സേവിക്കുക)
(8) സഖ്യം (ഭഗവാനെ കൂട്ടുകാരനായി കാണുക)
( 9) ആത്മ-നിവേദനം (സ്വയം സമ്പൂർണ്ണ കീഴടങ്ങൽ)
ഭക്തപ്രഹ്ലാദൻ തന്റെ ജീവിതത്തിൽ ഈ ഭക്തി മാർഗ്ഗങ്ങളിലൂടെയാണ് ഭഗവാന്റെ അനുഗ്രഹം നേടിയതെന്ന് വിശ്വസിക്കുന്നു.
No comments:
Post a Comment