പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേള പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം നടക്കുന്നതാണ്. 'തീർത്ഥങ്ങളുടെ രാജൻ' എന്നറിയപ്പെടുന്ന ത്രിവേണീസംഗമം ഉത്തർ പ്രദേശിലെ പ്രയാഗ് രാജിലാണ്.
ഈ കുംഭമേള എന്നത് ,
ശരീരബോധം നഷ്ടപ്പെട്ടവരുടേയും
ആ തലത്തിലെത്താൻ ആഗ്രഹിക്കുന്നവരുടേയും ഒത്തുകൂടലാണ്.
'അയ്യേ!' എന്ന് നമ്മൾ കരുതുന്ന അവയവങ്ങളെ,
കയ്യും കാലും കണ്ണും മൂക്കുംപോലെ
ഒരവയവമായിമാത്രം കരുതുന്ന ആണിനും പെണ്ണിനും ഇടയിൽ ചെന്നുനിന്ന്,
അവരുടെ കുളിയിടങ്ങളിലേയ്ക്ക് ഒളിഞ്ഞുനോക്കി
'അയ്യയ്യേ!' എന്ന് പറയുന്നവരുടെ സംസ്ക്കാരത്തെയാണ് ആദ്യം സത്ക്കരിക്കേണ്ടത്.
ബ്രഹ്മാണ്ഡത്തിലുള്ളതെല്ലാം പിണ്ഡാണ്ഡത്തിലുമുണ്ട് എന്നാണ് ആചാര്യമതം. തിരിച്ചുമതെ. അതായത്, പുറത്തുള്ള ഈ വിശ്വപ്രകൃതിയിൽ ഉള്ളതിൻ്റെ നേർപതിപ്പ് നമ്മുടെ ശരീരത്തിൻ്റെ ഉള്ളിലെ പ്രകൃതിയിലും ഉണ്ടായിരിക്കും എന്ന് ശാസ്ത്രം.
ഇവിടെ, തണുത്തതും വെളുത്തതുമായ പുണ്യനദി ഗംഗ ഒരു ധാരയാണ്. അഥവാ ബ്രഹ്മാണ്ഡത്തിലെ ഒരു നാഡിയാണ് ഗംഗ. കറുത്തതും ചൂടുള്ളതുമായ യമുനാനദി മറ്റൊരു ധാര. അദൃശ്യസാന്നിദ്ധ്യമായി ഇതിൽ ചേരുന്ന ഗുപ്തസരസ്വതി മൂന്നാമത്തെ പ്രധാന ഊർജ്ജധാരയും.
യോഗികൾ, ബ്രഹ്മാണ്ഡത്തിലെ ഈ ഒഴുകലുകളെയും നദീസംഗമത്തെയും
നമ്മുടെ ശരീരത്തിലെ ഇഡ, പിംഗള നാഡികളോടും സുഷുമ്നാ നാഡിയോടും ബന്ധപ്പെടുത്തിയിരിക്കുന്നു. കുംഭമേളയുടെ യോഗീവ്യാഖ്യാനം മേൽ പറഞ്ഞ പ്രകാരമാണ്.
ഈ വർഷം അമ്പത് കോടിയോളം ജനങ്ങൾ ഒഴുകിയെത്തും എന്ന് പ്രതീക്ഷിക്കുന്ന പ്രയാഗ്‌രാജ് കുംഭമേളയെ ഹാർവാർഡിലെ ഗവേഷണ വിദ്യാർത്ഥികളും പ്രൊഫസർമാരും സർട്ടിഫൈ ചെയ്യുന്നു;
'ഇത് ലോകത്തെത്തന്നെ ഒരു മാനേജ്മെൻ്റ് വിസ്മയമാണ് ' എന്ന്.
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമമാണ് ഇത്.
ഗൂഗിൾ ഇമേജറി സംവിധാനങ്ങൾ ഉപയോഗിച്ച്, കഴിഞ്ഞ കുംഭമേളയ്ക്ക് ഇരുപത് കോടിയിലേറെ ആൾക്കാർ എത്തിയതായി കണക്കാക്കുന്നു.
ഈ മേളയ്ക്ക് ആ എണ്ണം അമ്പത് കോടിയോളം എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
അറുപത് കോടി ജനം വന്നാലും; അവരെയെല്ലാം സ്വീകരിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുമുണ്ട്.
2000 കോടി രൂപ ചെലവാക്കുന്ന സർക്കാർ, രണ്ട് മാസം കൊണ്ട് 12000 കോടിയിലധികം തിരിച്ചെടുക്കുന്നു!
ശബരിമലയിൽ ഒരു വർഷം വരുന്നത് ഒരു കോടിയിൽ താഴെ ഭക്തരാണ്.
കുംഭമേളയിൽ ഈ ഒന്നര മാസത്തിൽ എത്തുന്നത് അമ്പത് കോടിയോളം ആൾക്കാരും.
ശങ്കരാചാര്യർ സ്ഥാപിച്ച ദശനാമി പരമ്പരയിൽപ്പെട്ടവരാണ് ഈ അഖാഡകൾ. കംഭമേളയിൽ പ്രാധാന്യവും ശൈവർക്കാണ്. ശങ്കരാചാര്യർ ചിട്ടപ്പെടുത്തിയ ദശനാമി സമ്പ്രദായത്തിലെ
സരസ്വതി, തീർത്ഥ , ആരണ്യ, ഭാരതി, ആശ്രമ, ഗിരി, പർവ്വത , സാഗര ,വന, പുരി എന്നീ പേരുകളിലായിരിക്കും ഇതിലെ സന്ന്യാസിനാമങ്ങൾ അവസാനിക്കുക.
ജൂന അഖാഡയാണ് ഭാരതത്തിലെ പുരാതനവും വലുതുമായ അഖാഡ.
മഹാനിർവ്വാണി, നിരഞ്ജിനി എന്നീ അഖാഡകളും പ്രധാനപ്പെട്ടവയാണ്
ജൂന, മഹാനിർവ്വാണി, നിരഞ്ജിനി ,അഗ്നി, ആവാഹൻ ,ആനന്ദ്, അടൽ എന്നീ 7 ശൈവ അഖാഡകളും, ദിഗംബർ അനി,
നിർമ്മോഹി അനി, ശ്രീ നിർവ്വാണി അനി എന്നീ 3 വൈഷ്ണവ അഖാഡകളും സിഖ് ഗുരുവായ ഗുരു നാനാക് ദേവിനെക്കൂടി തങ്ങളുടെ ആചാര്യനായി ആദരിക്കുന്ന നയാ ഉദാസീൻ, ബഡാ ഉദാസീൻ എന്നീ 2 അഖാഡകളും, നിർമ്മൽ അഖാഡ എന്ന ഒരു അഖാഡയും ചേർന്ന് 13 അഖാഡകൽ ആണ് പ്രധാന പങ്കാളികൾ.
വൈഷ്ണവ സന്ന്യാസികളെ പൊതുവേ 'വൈരാഗികൾ' എന്നാണ് വിളിക്കാറ്.
ഇവരുടെ പേര്, പൊതുവേ, 'ദാസ് ' എന്നായിരിക്കും അവസാനിക്കുന്നത്.
ശൈവ അഖാഡകളിലെ മുഴുവൻ സന്ന്യാസിമാരും നാഗബാബമാർ ആണ്.
നാഗബാബമാരും അഘോരികളും തമ്മിൽ ഒരു ബന്ധവുമില്ല.
'അഘോരി ' എന്നത് സന്ന്യാസമല്ല.
ഒരു സമ്പ്രദായമാണ്.
അമ്പലത്തിലിരുന്ന് ജപിക്കുന്ന ചിലരേപ്പോലെ, ശ്മശാനത്തിലിരുന്ന് ചിലർ ജപിക്കുന്നു. ഈ ശ്മശാന സമ്പ്രദായക്കാരാണ് അഘോരികൾ. ശ്മശാന സാധനയെ ഉത്തമസാധനയായി സന്ന്യാസി സമൂഹം കാണുന്നുമില്ല.
1. കുംഭമേള 4000 ഹെക്റ്റർ സ്ഥലത്ത് വ്യാപിക്കും.
2. മേളാ പ്രദേശം 25 സെക്ടറുകളിൽ വിഭജിക്കും.
3. സംഗമതീരത്ത് 12 കിലോമീറ്റർ നീളമുള്ള ഘാട്ടുകൾ ഉണ്ടാകും.
4. 1850 ഹെക്റ്റർ പ്രദേശത്ത് പാർക്കിംഗ് സൗകര്യം ലഭ്യമാക്കും.
5. 450 കിലോമീറ്റർ പാഞ്ച് പ്ലേറ്റ് സ്ഥാപിക്കും.
6. നദി മുറിച്ചു കടക്കുന്നതിനായി 30 താൽക്കാലിക പാലങ്ങൾ പണിയും.
7. 67,000 താത്ക്കാലിക ലൈറ്റുകൾ സ്ഥാപിക്കും.
8. മേളാ പ്രദേശത്ത് 1,50,000 ശൗചാലയങ്ങൾ ഉണ്ടാകും.
9. ഭക്തരുടെ താമസത്തിനായി 1,50,000 താൽക്കാലിക ടെന്റുകൾ പണിയും.
30 കിലോമീറ്റർ നീളവും 30 കിലോമീറ്റർ വീതിയും എന്ന് കണക്കാക്കാം.
അതായത്, 30 ചതുശ്ര കിലോമീറ്റർ പരപ്പിൽ ഒരു ടെൻ്റ് സിറ്റി ഉണ്ടാക്കിയെടുക്കുകയാണ് ആറ് മാസം കൊണ്ട്. മൂന്ന് ലക്ഷത്തിൽപ്പരം ടെൻ്റുകൾ ആണ് ഈ പൂഴിപ്പരപ്പിൽ കുംഭമേളയ്ക്കായി ഉയരുന്നത്. അതായത്, കേരളത്തിലെ ഒരു ജില്ലയുടെ വിസ്തൃതിയിൽ, ഒരു കൃത്രിമ നഗരം താത്ക്കാലികമായി ഉണ്ടാക്കിയെടുക്കുന്നു.
ഇതിനായി മാത്രം ആയിരം കിലോമീറ്ററോളം ഇലക്ട്രിക് ലൈൻ വലിക്കുന്നു. അത്രതന്നെ വെള്ളത്തിനായുള്ള പൈപ്പ് ലൈനും ഇടുന്നു. ഏതാണ്ടത്രയും നീളത്തിൽ സീവേജ് ലൈനും. കുംഭമേളയ്ക്കായി മാത്രം 500 കിലോമീറ്റർ റോഡും നിർമ്മിക്കുന്നു.
രണ്ട് ലക്ഷത്തോളം വരുന്ന ഗവൺമെൻ്റ് ജീവനക്കാരുടെ, രാവും പകലുമില്ലാത്ത ആറ് മാസത്തെ കഠിനാദ്ധ്വാനമാണ് കുംഭമേളയുടെ വിജയത്തിന് പുറകിൽ.
ഇരുപതോളം എണ്ണം വലിയ പാണ്ഡൂൺ പാലങ്ങൾ താത്ക്കാലികമായി നഗരിയിൽ ഉയരുന്നു.
രണ്ട് ലക്ഷത്തിലധികം താത്ക്കാലിക ഇലക്ട്രിക് കണക്ഷനുകൾ നൽകുന്നു.
മേള നഗരിയെ 14 സെക്റ്റർ ആക്കിത്തിരിച്ച്, ഓരോ സെക്റ്ററിനും
പ്രത്യേകം പോലീസ് സ്റ്റേഷനും
പ്രത്യേകം ഫയർസ്റ്റേഷനും
പ്രത്യേകം പോസ്റ്റ് ഓഫീസും
പ്രത്യേകം ആശുപത്രിയും നിർമ്മിക്കുന്നു!
ഓരോ സെക്റ്ററിനും പ്രത്യേകം മജിസ്ട്രേറ്റുമാർ !
രണ്ട് ലക്ഷത്തിലധികം താത്ക്കാലിക റേഷൻ കാർഡുകൾ മേളക്കാലത്ത് വിതരണം ചെയ്യുന്നു.
എന്നും രണ്ട് കോടിയിലധികം ആൾക്കാർ ഇവിടെ തമ്പടിക്കും.
കൂടാതെ, എന്നും കോടിക്കണക്കിന് ആൾക്കാർ വന്നും പോയുമിരിക്കും.
എന്നിട്ടും, മാലിന്യമെന്ന പ്രശ്നം മേളനഗരിയിലെങ്ങുമുണ്ടാവില്ല.
പരാതിക്കിടയില്ലാത്ത വിധം ,
'സ്വാസ്ഥ്യവിഭാഗം' എന്ന സർക്കാർ സംവിധാനം, രാപകൽ , ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടുന്നു.
മുപ്പതിനായിരത്തോളം പോലീസുകാരെ കൂടാതെ, അർദ്ധസൈനിക വിഭാഗങ്ങളും നഗരിയിൽ സുരക്ഷാ ക്രമീകരണങ്ങൾക്കായി നിലയുറപ്പിക്കുന്നു.
പതിനയ്യായിരത്തോളം സ്പെഷ്യൽ ട്രെയിനുകൾ കുംഭമേളയിലേയ്ക്ക് റെയിൽവേ ഒരുക്കുന്നു. കഴിഞ്ഞ തവണത്തെ കുംഭമേളയ്ക്ക് സ്പെഷൽ ബസ്സുകൾ ഓടിയത് ഗിന്നസ് റെക്കോഡായിരുന്നു. അതായത്, ആള് നിറഞ്ഞാൽ പോകുന്ന ബസ്സുകൾ തുടരെത്തുടരെ ഓടിയപ്പോൾ; അത് ലോകത്തിലെ ഏറ്റവും വലിയ കോൺവോയ് ബസ് സർവ്വീസായി മാറി!
പ്രധാന സ്നാന ദിനങ്ങളിലൊഴികെ, മേളനഗരിയിൽ എവിടെ പോകാനും ബാറ്ററി വണ്ടികൾ യഥേഷ്ടം.
ഇത്രയും ഏരിയ പ്ലാസ്റ്റിക് ഫ്രീ സോണുമാണ്.
ഹോട്ടൽ, ട്രാവൽസ് മേഖലയിൽ ഏഴ് ലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് മേള സൃഷ്ടിക്കുന്നത്. ധാരാളം വിദേശികളും എത്തുന്നുണ്ട്.
വന്നുപോകുന്ന കോടിക്കണക്കിന് ജനങ്ങളുടെ പർച്ചേയ്സിലൂടെ
ടാക്സ് ഇനത്തിൽ മാത്രം കോടികൾ സർക്കാരിന് ലഭിക്കുന്നു.
പാലാഴീമഥന കഥയിൽ,പാലാഴി കടഞ്ഞ് അമൃത് കിട്ടിയപ്പോൾ, അസുരൻമാർ അത് തട്ടിയെടുത്തു. മോഹിനീവേഷം കെട്ടിയ വിഷ്ണു, അസുരൻമാരെ കബളിപ്പിച്ച്, അമൃതകുംഭം തിരികെ വാങ്ങി.
തുടർന്ന് നടന്ന ദേവാസുരയുദ്ധക്കാലത്ത് ഗരുഡൻ അമൃതകുംഭവുമായി ആകാശത്ത് പറന്നുനടന്നു.
വ്യാഴമാണ് ഗരുഡന് വഴികാട്ടിയായത്.
ദേവാസുരൻമാരുടെ ഒരു ദിവസം എന്നത് മനുഷ്യരുടെ ഒരു വർഷമാണ്.
അതായത്, നമ്മുടെ കണക്കിൽ പറഞ്ഞാൽ; ദേവാസുരയുദ്ധം നടന്നത് 12 വർഷമാണ്.
ഈ പന്ത്രണ്ട് ദിവസവും; അമൃതകുംഭം അസുരൻമാരുടെ കയ്യിൽ പെടാതിരിക്കാൻ, ഗരുഡൻ, അമൃതകുംഭവും വഹിച്ച്, ആകാശത്ത് പറന്നുനടന്നു. പറന്നു പറന്ന് ക്ഷീണിക്കുമ്പോൾ, ക്ഷീണം തീർക്കാൻ ഗരുഡൻ പല സമയങ്ങളിലായി ഈ അമൃതകുംഭം നാല് തീർത്ഥങ്ങളിൽ ഇറക്കിവെയ്ക്കുന്നുണ്ട്.
അന്ന്, അമൃതിൻ്റെ ആറ് തുള്ളികൾ ഈ നാലിടങ്ങളിലെ തീർത്ഥങ്ങളിൽ കലർന്നതായി വിശ്വാസം.
പന്ത്രണ്ട് വർഷത്തിലൊരിക്കൽ;
അതായത്, ഒരു വ്യാഴവട്ടക്കാലമെത്തുമ്പോൾ, ഈ തീർത്ഥങ്ങളിൽ വീണ്ടും അമൃതിൻ്റെ സാന്നിദ്ധ്യം ഉണ്ടാവുന്നു.
ഈ സമയത്ത് ഇവിടെ സ്നാനംചെയ്യാൻ സമസ്തദേവതകളും എത്തുന്നു,
യക്ഷ,ഗന്ധർവ്വ,കിന്നരരും സ്നാനത്തിനെത്തുന്നു. ശരീരരൂപികളല്ലാത്ത ഋഷീശ്വരൻമാരും എത്തും.
ഇവർക്കൊപ്പം സ്നാനംചെയ്യാൻ ഭാരതത്തിലെ സന്ന്യാസികളും പുണ്യതീർത്ഥസ്ഥാനങ്ങളിലെത്തും.
ഈ സ്നാന ഉത്സവമാണ് കുംഭമേള.
മൂന്ന് ദിവസത്തിലൊരിയ്ക്കലാണ് ഗരുഡൻ കുംഭം ഇറക്കിവെച്ച് ക്ഷീണം മാറ്റിയത്. അതായത്, മൂന്ന് ദിവസത്തിലൊരിക്കൽ ഒരിടത്ത് എന്ന മട്ടിൽ, നാല് തീർത്ഥസ്ഥാനങ്ങളിലായാണ് അമൃതകുംഭം ഗരുഡൻ താഴെ വെയ്ക്കുന്നത്.
ഒന്ന്, ഹരിദ്വാറിലെ ഹർക്കീ പൗഡിയിൽ.
ഒന്ന്, ഉജ്ജയിനിയിലെ ക്ഷിപ്രാ നദിയിൽ.
ഒന്ന്, നാസിക്കിലെ ഗോദാവരിയിൽ.
പിന്നെ, പ്രയാഗിലെ പ്രയാഗ് രാജിലും.
അമൃത് ഇറക്കിവെച്ച ആ ഇടങ്ങളിലെല്ലാം അന്ന് അമൃതിൻ്റെ സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ടാകുമല്ലോ.
ഏതാനും തുള്ളികൾ അതാത് നദികളിൽ കലർന്നിട്ടുമുണ്ടാകും.ആറ് തുള്ളികൾ അന്ന് അമൃതകുംഭത്തിൽനിന്നും ഈ തീർത്ഥങ്ങളിൽ വീണിട്ടുണ്ട് എന്നാണ് വിശ്വാസം. കാലപ്രവാഹത്തിൽ ആ സമയം വീണ്ടും കറങ്ങി വരുമ്പോൾ;
അന്നത്തെ അതേ ഗ്രഹനില വീണ്ടും ആവർത്തിക്കുമ്പോൾ; അന്നത്തെ ആ പ്രകൃതിയുടെ പുനരാവർത്തനമാവുമ്പോൾ
ആണ് കുംഭമേള നടക്കുന്നത്.
ഗരുഡൻ, ദേവാസുരയുദ്ധം നടന്ന 12 ദിവസത്തിൽ നാല് തവണയായി കുംഭം ഇറക്കിവെച്ചു എന്നാണല്ലോ.
അപ്പോൾ, നമ്മളുടെ 12 കൊല്ലത്തിനെ നാലാക്കിയാൽ കിട്ടുന്ന മൂന്ന് വർഷത്തിലൊരിക്കൽ ഒരു തീർത്ഥത്തിൽ കുംഭം ഇറക്കിവെച്ചു എന്ന് സാരം.അതുകൊണ്ടുതന്നെ മൂന്ന് വർഷം കൂടുമ്പോൾ; മാറി മാറി, ഈ നാല് സ്ഥലങ്ങളിൽ കുംഭമേള നടക്കും.
പന്ത്രണ്ടാം വർഷം ഏറ്റവും പ്രധാന മേളയായ മഹാകുംഭമേളയും നടക്കുന്നു. ഇത്തവണ ഈ 12 -ാം വർഷത്തിലൊരിക്കൽ നടക്കുന്ന പൂർണ്ണകുംഭമേള , പ്രയാഗ് രാജിലാണ്.
അമൃതകുംഭം വഹിച്ചുള്ള ഈ പറക്കലിൽ ഗരുഡന് വഴികാണിച്ചത് വ്യാഴമാണ്. അതിനാൽ, ഒരു വ്യാഴവട്ടക്കാലം; അതായത്, പന്ത്രണ്ട് കൊല്ലം കൂടുമ്പോഴാണ് മഹാകുംഭമേള നടക്കുന്നത്.
അന്നത്തെ ആ അമൃതസാന്നിദ്ധ്യം പ്രകൃതിയിൽ ആവർത്തിക്കപ്പെടുന്നു എന്ന് വിശ്വസിക്കുന്ന ഈ സമയങ്ങളിൽ,
ഈ പുണ്യ സ്നാന ഘട്ടങ്ങളിൽ മുങ്ങിനിവരാനായി സകല ദേവതകളും
യക്ഷ, ഗന്ധർവ , കിന്നരൻമാരും
ശരീരമില്ലാത്ത മഹർഷിവര്യരും എത്തുന്നു എന്നാണ് സങ്കൽപം.
ഇവരോടൊപ്പം സ്നാനം ചെയ്യാൻ ഭാരതത്തിലങ്ങോളമിങ്ങോളമുളള;
ശരീരമുള്ള സന്യാസികളും എത്തുന്നു.
ഇവർക്കൊപ്പം സ്നാനം ചെയ്യാൻ അനേകകോടി ജനങ്ങളും എത്തുന്നു.
ഇതാണ്, ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ കുംഭമേളയുടെ ഐതിഹ്യം.
ഇനി, സന്യാസിമാരുടെ നഗ്നതയെപ്പറ്റി.
"സ്വന്തം നഗ്നത പ്രദർശിപ്പിക്കാനായി, എക്സിബിഷനിസമുള്ള ; കുറേ താടിയും മുടിയും നീട്ടിയവൻമാർ..... 'സന്ന്യാസി' എന്ന് പേരും !
റോട്ടിലിറങ്ങി പരസ്യമായി തുണിയില്ലാതെ നടക്കുകയും കടവിലിറങ്ങി പരസ്യമായി കുളിക്കുകയും ചെയ്യുന്ന പ്രാകൃത പ്രവൃത്തികൾ !
ഇതാണോ സനാതനം!?
ഇതാണോ ഈ കൊട്ടിഘോഷിക്കുന്ന ഭാരത സംസ്ക്കാരം!?"
ഒരു വിഭാഗം, ദീക്ഷ സ്വീകരിച്ചാൽ പുഴയിൽനിന്നും മുങ്ങിക്കയറുന്നത് വസ്ത്രമടക്കം ഉപേക്ഷിച്ചാണ്. 'ദിഗംബരർ' എന്നു പറയും.
ആരൊക്കെ പുച്ഛിച്ചിട്ടും പരിഹസിച്ചിട്ടും
നൂറ്റാണ്ടുകൾ കടന്നും ഈ സംസ്കാരവും ഈ കുംഭമേളയും കേടുപാടുകളില്ലാതെ തുടരുന്നതിന് കാരണം, അതിൻ്റെ പേരുതന്നെ. 'സനാതനം' എന്നാണ് എന്നതാണ്.
ഇത്തവണത്തെ കുംഭമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മലയാളികൾക്കായി, ജൂനാ അഖാഡയുടെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ആവശ്യക്കാർക്ക് ബന്ധപ്പെടാനുള്ള നമ്പർ താഴെ കൊടുക്കുന്നു.
9745889996,
9745889997
No comments:
Post a Comment