Saturday, 12 April 2025

വിഷുവും വിഷുവവും

സൂര്യൻ ഖഗോളമദ്ധ്യരേഖ കടന്നു പോകുന്ന ജ്യോതിശാസ്ത്ര സംബന്ധിയായ പ്രതിഭാസത്തിനെയാണ്‌ വിഷുവം (Equinox) എന്നു പറയുന്നത്. ഇതു മാർച്ച് 20നും സെപ്റ്റംബർ 23നും ആണ് സംഭവിക്കുന്നത്. സാങ്കേതികമായി പറഞ്ഞാൽ ക്രാന്തിവൃത്തവും (ecliptic) ഖഗോളമദ്ധ്യരേഖയും (ഘടികാമണ്ഡലം) (celestial equator) കൂട്ടി മുട്ടുന്ന ഇടത്തിലുള്ള ബിന്ദുക്കളെയാണ് ‍ വിഷുവങ്ങൾ എന്ന്‌ പറയുന്നത്‌. ഈ ദിവസങ്ങളിൽ പകലിനും രാത്രിക്കും ഏകദേശം തുല്യനീളമാണ്.

ഭൂമധ്യരേഖ ഖഗോളത്തെ ഛേദിക്കുമ്പോൾ ലഭിക്കുന്ന മഹാവൃത്തത്തിന്‌ ഖഗോളമധ്യ രേഖ (celestial equator) അഥവാ ഘടികാമണ്ഡലം എന്ന്‌ പറയുന്നു. രാശിചക്രത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്ന പാതയെ ക്രാന്തിവൃത്തം (ecliptic) എന്നും പറയുന്നു. ഭൂമിയുടെ അച്ചുതണ്ട്‌ 23.5° ചെരിഞ്ഞാണ്‌ കറങ്ങുന്നത്‌ . അപ്പോൾ ഖഗോളമധ്യ രേഖയും ക്രാന്തിവൃത്തവും തമ്മിൽ 23.5° യുടെ ചരിവ്‌ ഉണ്ട്‌.

അതിനാൽ ഈ രണ്ട്‌ മഹാവൃത്തങ്ങൾ തമ്മിൽ രണ്ട്‌ ബിന്ദുക്കളിൽ മാത്രമേ കൂട്ടിമുട്ടുന്നുള്ളൂ‌. ഈ ബിന്ദുക്കളെ വിഷുവങ്ങൾ (Equinox)എന്ന് വിളിക്കുന്നു. Equinox എന്ന വാക്കിന്റെ മൂല പദം ലാറ്റിൻ ഭാഷയിൽ നിന്നുള്ള ഒരു പദമാണ്‌. Equal night എന്നാണ്‌ അതിന്റെ അർത്ഥം. സൂര്യൻ ഈ രണ്ട്‌ ബിന്ദുക്കളിലുള്ളപ്പോൾ രാത്രിക്കും പകലിനും തുല്യദൈർഘ്യമായിരിക്കും

സൂര്യചന്ദ്രന്മാർ ഭൂമിയിൽ ചെലുത്തുന്ന ഗുരുത്വ ആകർഷണം മൂലം ഭൂമിയുടെ അച്ചുതണ്ട്‌ അതിന്റെ സ്വാഭാവികമായുള്ള കറക്കത്തിന്‌ പുറമേ 26,000 വർഷം കൊണ്ട്‌ പൂർത്തിയാകുന്ന വേറൊരു ഭ്രമണവും ചെയ്യുന്നുണ്ട്‌. ഇത്‌ പുരസ്സരണം (precission) എന്ന പേരിൽ അറിയപ്പെടുന്നു.

ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം മൂലം ഘടികാമണ്ഡലം ഓരോ വർഷവും 50.26‘’ (50.26 ആർക്‌ സെക്കന്റ് ) വീതം കറങ്ങികൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി വർഷം തോറും വിഷുവങ്ങളുടെ സ്ഥാനവും ഇത്രയും ദൂരം മാറുന്നു. ഏകദേശം 71 വർഷം കൊണ്ട്‌ ഒരു ഡിഗ്രിയുടെ മാറ്റം ഉണ്ടാകും.

അയനം മഹാവിഷുവം, തുലാ വിഷുവം‍, ഉത്തര അയനാന്തം, ദക്ഷിണ അയനാന്തം തുടങ്ങിയ ക്രാന്തിവൃത്തത്തിലെ വിവിധ ബിന്ദുക്കൾക്ക് പുരസ്സരണം കാരണം സംഭവിക്കുന്ന സ്ഥാനചനത്തിനു അയനം എന്നു പറയുന്നു. ഈ ബിന്ദുക്കളെല്ലാം വർഷം തോറും 50.26 ആർക് സെക്കന്റ്‌ വീതം നീങ്ങി കൊണ്ടിരിക്കുന്നു.

സായന രീതി അനുസരിച്ച് വിഷുവം വരുന്ന മാർച്ച് 21 അടിസ്ഥാനമാക്കി കണക്കാക്കി മേടമാസം കണക്കാക്കേണ്ടി വരും. എന്നാൽ പഞ്ചാംഗവും നമ്മുടെപല കലണ്ടറുകളും ഗണിച്ചിരിക്കുന്നത് നിരയന രീതി അനുസരിച്ചാണ്. അതാണ് വിഷുവും വിഷുവവും രണ്ടു വെവ്വേറെ ദിവസങ്ങളാവാൻ കാരണം

No comments:

Post a Comment