Wednesday, 7 October 2026

Intelligent vs Cleverness vs Wisdom

ബുദ്ധി vs കൗശലം vs വിവേകം

നിങ്ങൾക്ക് ബുദ്ധിയാണോ, കൗശലമാണോ, വിവേകമാണോ കൂടുതൽ?

കൗശലം ലോകത്ത് എങ്ങനെ അതിജീവിക്കണമെന്ന് പഠിപ്പിക്കുന്നു. ബുദ്ധി ലോകത്തെ എങ്ങനെ മനസ്സിലാക്കണമെന്ന് പഠിപ്പിക്കുന്നു. വിവേകം ആ ലോകത്ത് എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നു.

“നിനക്ക് കാഞ്ഞ ബുദ്ധിയാണ്… പക്ഷേ നീ ചെയ്യുന്നതൊക്കെ മുഴുവൻ പൊട്ടത്തരമാണല്ലോ!”

ഈ ഡയലോഗ് നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ടാകും.

പക്ഷേ ഇവിടെ ഒരു രസകരമായ ചോദ്യം ഉയരുന്നു:

ബുദ്ധിയുണ്ടായാൽ മാത്രം പോരേ? അതിനെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയേണ്ടതില്ലേ?

കൗശലത്തിലൂടെ ജീവിതത്തിൽ വിജയിച്ച ഒരാൾ പലപ്പോഴും ബുദ്ധിയുടെ മുന്നിൽ ഉത്തരം മുട്ടാറുണ്ട്.

കാരണം കൗശലം അവനെ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ പഠിപ്പിച്ചിട്ടുണ്ടാകും; ബുദ്ധി സാഹചര്യങ്ങളെ മനസ്സിലാക്കാൻ പഠിപ്പിച്ചിട്ടുണ്ടാകും.

കൗശലക്കാരൻ ജീവിതത്തിന്റെ പല കളികളും ജയിച്ചിട്ടുണ്ടാകാം. പക്ഷേ ബുദ്ധിമാൻ ചോദിക്കുന്നത് ചിലപ്പോൾ കളി ജയിക്കാനുള്ള വഴിയല്ല—

“ഈ കളിയുടെ നിയമം തന്നെ ശരിയാണോ?”

അവിടെയാണ് കൗശലത്തിന്റെ പരിധി അവസാനിച്ച് ബുദ്ധിയുടെ ആഴം തുടങ്ങുന്നത്.

അതുകൊണ്ടുതന്നെ ജീവിതത്തിൽ പല കളികളും ജയിച്ചിട്ടുള്ള ഒരു കൗശലക്കാരൻ, യഥാർത്ഥത്തിൽ ആഴത്തിൽ ചിന്തിക്കുന്ന ഒരാളുടെ മുന്നിൽ ചിലപ്പോൾ വാക്കുകൾ നഷ്ടപ്പെട്ടവനായി നിൽക്കും.

കൗശലം ഉത്തരങ്ങൾ കണ്ടെത്തുന്നു. ബുദ്ധി ശരിയായ ചോദ്യങ്ങൾ കണ്ടെത്തുന്നു. വിവേകം — ഏത് ഉത്തരമാണ് ജീവിക്കേണ്ടതെന്ന് തിരിച്ചറിയുന്നു.

നമ്മൾ പലപ്പോഴും ബുദ്ധിയെയും കൗശലത്തെയും ഒരേ അർത്ഥത്തിലാണ് കാണുന്നത്. പക്ഷേ അവ രണ്ടും ഒരുപോലെയല്ല.

കൗശലം പലപ്പോഴും ജീവിതം നമ്മെ പഠിപ്പിച്ച ഒരു തന്ത്രമാണ്. അതിന്റെ അടിസ്ഥാനം അതിജീവനമാണ്.

അതുകൊണ്ടുതന്നെ കൗശലം മനുഷ്യരിൽ മാത്രം കാണുന്നതല്ല. മൃഗങ്ങൾക്കും അപകടം തിരിച്ചറിയാനും, രക്ഷപ്പെടാനും, ഭക്ഷണം കണ്ടെത്താനും, സാഹചര്യങ്ങൾക്കനുസരിച്ച് പെരുമാറാനും അറിയാം.

പക്ഷേ ബുദ്ധി അതിനപ്പുറത്തേക്ക് പോകുന്നു.

ബുദ്ധി എന്നത് ചിന്തിക്കാനും, കാര്യങ്ങളെ വിശകലനം ചെയ്യാനും, അവയുടെ പിന്നിലെ കാരണങ്ങൾ മനസ്സിലാക്കാനും, വ്യത്യസ്ത കാര്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനും കഴിയുന്ന കഴിവാണ്.

കൗശലമുള്ള ഒരാൾ സാഹചര്യങ്ങളെ വേഗത്തിൽ വായിക്കും.

ആരാണ് എന്ത് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കും. അപകടം തിരിച്ചറിയും. മറ്റുള്ളവർ ഒരുക്കുന്ന കെണിയിൽ വീഴാതെ രക്ഷപ്പെടും. ആവശ്യമെങ്കിൽ അതേ തന്ത്രം ഉപയോഗിച്ച് സാഹചര്യം തനിക്കനുകൂലമാക്കുകയും ചെയ്യും.

കാരണം കൗശലം പലപ്പോഴും അതിജീവനത്തിൽ നിന്നാണ് വളരുന്നത്.

പക്ഷേ ബുദ്ധിയുള്ള ഒരാൾക്ക് കാര്യങ്ങളെ മറ്റൊരു തലത്തിൽ കാണാൻ കഴിയും.

അവൻ ചോദിക്കും:

“ഇവിടെ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?”

കാര്യങ്ങളുടെ പിന്നിലെ കാരണം അന്വേഷിക്കും. മനുഷ്യബന്ധങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കും. മനുഷ്യസ്വഭാവത്തെ നിരീക്ഷിക്കും. സാഹചര്യങ്ങളെയും ആശയങ്ങളെയും ആഴത്തിൽ പരിശോധിക്കും.

അവിടെയാണ് ചിലപ്പോൾ ഒരു വിരോധാഭാസം സംഭവിക്കുന്നത്.

ബുദ്ധിയുള്ള ഒരാൾ ചതിയിൽ വീഴാം; കൗശലമുള്ള ഒരാൾ അതേ ചതിയിൽ നിന്ന് രക്ഷപ്പെടാം.

കാരണം കൗശലം ആദ്യം ചോദിക്കുന്നത്:

“എന്നെ എങ്ങനെ ചതിക്കാതിരിക്കാം?”

ബുദ്ധി ചോദിക്കുന്നത്:

“എന്താണ് സത്യം?”

ഒരു കൗശലക്കാരൻ ജീവിതത്തെ ഒരു കളിയായി കാണുന്നു:

എങ്ങനെ ജയിക്കാം? എങ്ങനെ രക്ഷപ്പെടാം? എങ്ങനെ മറ്റുള്ളവരുടെ നീക്കം മുൻകൂട്ടി മനസ്സിലാക്കാം?

പക്ഷേ ഒരു ബുദ്ധിമാൻ അതിനേക്കാൾ ആഴത്തിൽ നോക്കുന്നു:

“ഈ കളി തന്നെ എന്തിനാണ്?”

ഇവിടെയാണ് വിവേകത്തിന്റെ ആവശ്യം വരുന്നത്.

കാരണം ബുദ്ധിയുണ്ടെന്നതുകൊണ്ട് മാത്രം ശരിയായ തീരുമാനമെടുക്കണമെന്നില്ല.

ഒരാൾക്ക് വളരെ ബുദ്ധിയുണ്ടാകാം. പക്ഷേ ആ ബുദ്ധി തെറ്റായ കാര്യത്തിന് ഉപയോഗിക്കാം.

ഒരു മനുഷ്യന് മറ്റുള്ളവരെ എങ്ങനെ സ്വാധീനിക്കാമെന്ന് അറിയാം. പക്ഷേ അത് എപ്പോൾ ഉപയോഗിക്കണം എന്ന് അറിയണമെന്നില്ല.

ഒരു വ്യക്തിക്ക് ചതിയെ തിരിച്ചറിയാം. പക്ഷേ ചതിയെ തിരിച്ചറിഞ്ഞതിന്റെ പേരിൽ അവനും ചതിക്കാരനായി മാറണമെന്നില്ല.

അവിടെയാണ് വിവേകം.

ചതിയെ തിരിച്ചറിയാൻ കൗശലം വേണം. ചതിയുടെ കാരണം മനസ്സിലാക്കാൻ ബുദ്ധി വേണം. ചതിയെ തിരിച്ചറിഞ്ഞിട്ടും അതുപോലെ തന്നെ മാറിപ്പോകാതിരിക്കാൻ വിവേകം വേണം.

അതുകൊണ്ടാണ് കൗശലം ഒരു ഉപകരണം എന്ന് പറയുന്നത്.

ആ ഉപകരണം എപ്പോൾ ഉപയോഗിക്കണം, എപ്പോൾ ഉപയോഗിക്കരുത്, എപ്പോൾ ഒന്നും ചെയ്യാതെ നിൽക്കണം എന്ന തിരിച്ചറിവാണ് ബുദ്ധിയെ കൂടുതൽ പക്വമാക്കുന്നത്.

എന്നാൽ ബുദ്ധി മാത്രം ഉണ്ടായാലും മനുഷ്യൻ പൂർണ്ണനാകുന്നില്ല.

ലോകം എല്ലായ്പ്പോഴും സത്യസന്ധമായിരിക്കണമെന്നില്ല. എല്ലാവരും നമ്മളെപ്പോലെ ചിന്തിക്കണമെന്നുമില്ല.

ചിലർ സ്നേഹത്തെ ഉപയോഗിക്കും. ചിലർ വിശ്വാസത്തെ ഉപയോഗിക്കും. ചിലർ സ്വന്തം ബുദ്ധിയെപ്പോലും മറ്റുള്ളവരെ ചതിക്കാനുള്ള ആയുധമാക്കും.

അതിനാൽ യഥാർത്ഥ പക്വത ഒരുപക്ഷേ ബുദ്ധിയുടെയും കൗശലത്തിന്റെയും വിവേകത്തിന്റെയും സമതുലിതാവസ്ഥയിലാണ്.

കൗശലം നമ്മെ ലോകത്ത് അതിജീവിക്കാൻ പഠിപ്പിക്കുന്നു. ബുദ്ധി ലോകത്തെ മനസ്സിലാക്കാൻ പഠിപ്പിക്കുന്നു. വിവേകം ആ ലോകത്ത് എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നു.

ഒരുപക്ഷേ മനുഷ്യന്റെ യഥാർത്ഥ വളർച്ച എന്നത്

കൗശലത്തോടെ ജീവിക്കുന്നതിൽ നിന്ന് ബുദ്ധിയോടെ ചിന്തിക്കുന്നതിലേക്കും, അവിടെ നിന്ന് വിവേകത്തോടെ ജീവിക്കുന്നതിലേക്കുമുള്ള യാത്രയാണ്.

അവസാനം ചോദ്യം ഇതാണ്:

നിങ്ങൾ ഏതാണ്?

ബുദ്ധിമാനോ? കൗശലക്കാരനോ? അതോ ബുദ്ധിയും കൗശലവും ശരിയായ സമയത്ത് ശരിയായ രീതിയിൽ ഉപയോഗിക്കാൻ പഠിക്കുന്ന ഒരു വിവേകിയോ?

Myanmar–Thailand Trilateral Highway

കൂട്ടുകാരൻ വിയറ്റ്നാമിൽ കറങ്ങാൻ പോയപ്പോൾ ചുമ്മാ ഒന്ന് നോക്കി — അങ്ങോട്ട് റോഡ് മാർഗം പോകാൻ വഴിയുണ്ടോ?

അപ്പോഴാണ് ഒരു interesting കാര്യം അറിഞ്ഞത്. നോർത്ത് ഈസ്റ്റിലെ ഇംഫാൽ–മോറെ ഭാഗത്ത് നിന്ന് മ്യാൻമർ വഴി തായ്‌ലൻഡിലേക്ക് പോകുന്ന India–Myanmar–Thailand Trilateral Highway-ന്റെ പണി പുരോഗമിക്കുകയാണ്. അടുത്ത വർഷം തുറക്കാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ വിവരങ്ങൾ. പദ്ധതി പൂർത്തിയായാൽ ഇന്ത്യയിൽ നിന്ന് Southeast Asia-യിലേക്കുള്ള റോഡ് connectivity കൂടുതൽ എളുപ്പമാകും.

Kerala → Bengaluru → Kolkata → Siliguri → Guwahati → Dimapur / Kohima → Imphal → Moreh 🇮🇳 → Tamu 🇲🇲 → Kalewa → Monywa → Mandalay → Naypyidaw → Bago → Hpa-An → Myawaddy → Mae Sot 🇹🇭 → Tak → Bangkok 🇹🇭
ഏകദേശം 5,000 km! 

ഇത് വെറുമൊരു റോഡ് മാത്രമല്ല. Northeast India-യെ ASEAN-ന്റെ gateway ആക്കുക എന്ന വലിയ connectivity പദ്ധതിയുടെ ഭാഗമാണ്. ഇതോടെ Northeast ഇന്ത്യയുടെ ഭൗമപരമായ ഒറ്റപ്പെടൽ കുറയ്ക്കാനും, Myanmar–Thailand വഴി Southeast Asian വിപണികളുമായി കൂടുതൽ നേരിട്ടുള്ള ബന്ധം ഉണ്ടാക്കാനും കഴിയും.

ഇന്ത്യയിൽ നിർമ്മിക്കുന്ന സാധനങ്ങൾക്ക് Myanmar വഴി Thailand-ലേക്കും അതുവഴി ASEAN വിപണികളിലേക്കും എത്താനുള്ള മറ്റൊരു land route ലഭിക്കും. അതുപോലെ Southeast Asia-യിൽ നിന്നുള്ള ചരക്കുകൾക്കും ഇന്ത്യയിലേക്ക് കരമാർഗം പ്രവേശിക്കാനുള്ള പുതിയ corridor ലഭിക്കും.

ടൂറിസം രംഗത്തും വലിയ സാധ്യതകളുണ്ട്. Road trips, motorcycle tours, luxury bus tours, caravan tourism തുടങ്ങിയവയ്ക്ക് പുതിയൊരു route തുറക്കാം. ഒരിക്കൽ border formalities കൂടി എളുപ്പമായാൽ Kerala → Myanmar → Thailand എന്നൊരു road trip തന്നെ ഒരു വലിയ adventure ആയിരിക്കും.

Northeast-ലും ഇതിന്റെ പ്രതിഫലനം ഉണ്ടാകാം. Hotels, restaurants, logistics, warehouses, vehicle services, tourism, handicrafts, food processing, textiles തുടങ്ങി പല മേഖലകളിലും പുതിയ business opportunities ഉണ്ടാകാൻ സാധ്യതയുണ്ട്.

ഇതിലും വലിയൊരു സാധ്യത മുന്നിലുണ്ട്.

Bangkok-ൽ നിന്ന് Laos, Cambodia വഴി Vietnam-ലേക്കുള്ള connectivity കൂടി വികസിച്ചാൽ, ഇന്ത്യയിൽ നിന്ന് Southeast Asia-യിലേക്ക് ഒരു വലിയ overland network തന്നെ രൂപപ്പെടാം.

അപ്പോൾ ഇന്ന് വിമാനത്തിൽ മാത്രം ചിന്തിക്കുന്ന India → Thailand → Vietnam യാത്ര, ഭാവിയിൽ ഒരു വലിയ road-trip adventure ആയി മാറിയേക്കാം.

Monday, 5 October 2026

ഭാഗ്യ നക്ഷത്രവും മുഹൂർത്തവും


ഒരിക്കൽ ഒരു രാജാവ് തന്റെ സഭയിൽ ഒരു ചോദ്യം ഉന്നയിച്ചു:

“ജനിച്ച സമയവും നക്ഷത്രവും മുഹൂർത്തവുമാണ് ഒരാളുടെ ഭാഗ്യം നിർണ്ണയിക്കുന്നതെങ്കിൽ, അതേ സമയത്ത് ജനിച്ച ആയിരക്കണക്കിന് കുട്ടികളിൽ ഞാൻ മാത്രം എങ്ങനെ രാജാവായി? മറ്റുള്ളവർ എന്തുകൊണ്ട് രാജാക്കന്മാരായില്ല?”

സഭയിൽ നിശ്ശബ്ദത പരന്നു. അപ്പോൾ ഒരു വൃദ്ധനായ പണ്ഡിതൻ പറഞ്ഞു: ഈ ചോദ്യത്തിനുള്ള ഉത്തരം അടുത്തുള്ള കാട്ടിൽ താമസിക്കുന്ന സന്യാസിയിൽ നിന്ന് ലഭിക്കുമെന്ന്.

രാജാവ് ഒറ്റയ്ക്ക് കുതിരപ്പുറത്ത് കയറി അദ്ദേഹത്തെ തേടിപ്പോയി. അവിടെ ഒരു മഹാത്മാവ് കത്തുന്ന അഗ്നിക്കരികിൽ ഇരുന്ന്, അതിൽ നിന്നുള്ള ചുട്ടുകരിഞ്ഞ തീകനലുകൾ എടുത്ത് ഭക്ഷിക്കുന്നത് രാജാവ് കണ്ടു.

രാജാവ് തന്റെ ചോദ്യം ചോദിച്ചപ്പോൾ മഹാത്മാവ് കോപത്തോടെ പറഞ്ഞു:

“എനിക്ക് എന്റെ തന്നെ ദുഃഖങ്ങളിൽ നിന്ന് മോചനം ഇല്ല. നിന്റെ ചോദ്യത്തിന് ഉത്തരം പറയാൻ എനിക്ക് സമയമില്ല. മലകൾക്കപ്പുറം താമസിക്കുന്ന മറ്റൊരു മഹാത്മാവിന്റെ അടുത്തേക്ക് പോകൂ.”

ദുർഘടമായ മലകൾ കടന്ന് രാജാവ് രണ്ടാമത്തെ മഹാത്മാവിന്റെ അടുത്തെത്തി. അവിടെ അദ്ദേഹം കണ്ട കാഴ്ച അതിലും വിചിത്രമായിരുന്നു. ആ മഹാത്മാവ് ഇരുമ്പ് ചവണ കൊണ്ട് സ്വന്തം ശരീരത്തിലെ മാംസം നുള്ളിയെടുത്ത് ഭക്ഷിക്കുകയായിരുന്നു.

രാജാവ് വീണ്ടും തന്റെ ചോദ്യം ചോദിച്ചു. എന്നാൽ അദ്ദേഹം മറുപടി നൽകാൻ തയ്യാറായില്ല.

പകരം അദ്ദേഹം പറഞ്ഞു:

“അടുത്തുള്ള ഗ്രാമത്തിൽ ഇപ്പോൾ ജനിച്ച ഒരു കുഞ്ഞുണ്ട്. അവന്റെ അടുത്തേക്ക് പോകൂ. നിന്റെ ചോദ്യത്തിനുള്ള ഉത്തരം അവനിൽ നിന്ന് ലഭിക്കും.”

രാജാവ് ആ കുഞ്ഞിന്റെ അടുത്തെത്തിയപ്പോൾ, കുഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് രാജാവിന്റെ ഏഴ് ജന്മങ്ങൾക്ക് മുൻപുള്ള രഹസ്യം വെളിപ്പെടുത്തി.

ഒരു ജന്മത്തിൽ രാജാവും ആ രണ്ട് മഹാത്മാക്കളും ഉൾപ്പെടെ നാലുപേർ സഹോദരന്മാരായ രാജകുമാരന്മാരായിരുന്നു. ഒരിക്കൽ കാട്ടിൽ വഴിതെറ്റിയ അവർ മൂന്ന് ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ അലഞ്ഞുനടന്നു.

അവരുടെ കൈവശം കുറച്ച് മാവ് മാത്രം ബാക്കിയുണ്ടായിരുന്നു. അതുകൊണ്ട് അവർ നാല് റൊട്ടികൾ ഉണ്ടാക്കി.

അപ്പോൾ പ്രായമായ, വിശന്നുവലഞ്ഞ ഒരു സന്ന്യാസി അവിടെയെത്തി ഭക്ഷണം ചോദിച്ചു.

ആദ്യത്തെ സഹോദരൻ, കോപത്തോടെ ചോദിച്ചു:
“ഞങ്ങൾക്കുതന്നെ ഭക്ഷണമില്ല. നിങ്ങൾക്ക് എന്ത് തരാനാണ്? തീക്കട്ട വേണമെങ്കിൽ തരട്ടെയോ?” അദ്ദേഹത്തിൻ്റെ പുനർജന്മാണ് ആ തീ കനലുകൾ ഭക്ഷിച്ചോണ്ടിരുന്നത്.

രണ്ടാമത്തെ സഹോദരൻ പരിഹാസത്തോടെ പറഞ്ഞു:
“നിങ്ങളെ ഭക്ഷിപ്പിച്ചിട്ട് ഞാൻ എന്റെ ശരീരത്തിലെ മാംസം തന്നെ തിന്നണമെന്നാണോ?” അദ്ദേഹത്തിൻ്റെ പുനർജന്മം ആണ് സ്വന്തം ശരീരത്തിലെ മാംസം നുള്ളിയെടുത്ത് ഭക്ഷിച്ചോണ്ടിരുന്നത്.

മൂന്നാമത്തെ സഹോദരൻ ദേഷ്യത്തോടെ പറഞ്ഞു:
“ഞാൻ തന്നെ വിശന്നുമരിക്കുകയാണ്. എനിക്ക് ഒന്നും തരാൻ കഴിയില്ല.” ആ മൂന്നാമത്തെ സഹോദരൻ ഞാനാണ്.

എന്നാൽ നാലാമത്തെ സഹോദരൻ, അതായത് ഇന്നത്തെ രാജാവ്, തന്റെ കൈവശമുണ്ടായിരുന്ന റൊട്ടിയുടെ പകുതി സ്നേഹത്തോടും ഭക്തിയോടും ആദരവോടും കൂടി ആ മഹാത്മാവിന്റെ മുന്നിൽ സമർപ്പിച്ചു. ആ നാലാമത്തെ സഹോദരൻ നീയാണ്.

മഹാത്മാവ് ആഹാരം പകുത്ത് കൊടുത്ത സഹോദരനിൽ സന്തുഷ്ടനായി അദ്ദേഹത്തെ അനുഗ്രഹിച്ചു:

“നിന്റെ ഈ സത്കർമ്മത്തിന്റെ ഫലം ഭാവിയിൽ നിന്റെ ജീവിതത്തിൽ തീർച്ചയായും പ്രതിഫലിക്കും.”

അവസാനം ആ കുഞ്ഞ് രാജാവിനോട് പറഞ്ഞു:

“സമയം ഒരുപോലെയായിരിക്കാം. നക്ഷത്രം ഒരുപോലെയായിരിക്കാം. ജനനമുഹൂർത്തവും ഒരുപോലെയായിരിക്കാം. പക്ഷേ മനുഷ്യരുടെ കർമ്മം ഒരുപോലെയല്ല.”

ജനനസാഹചര്യങ്ങൾ ഒരാൾക്ക് ചില അവസരങ്ങൾ നൽകാം.

പക്ഷേ ആ അവസരങ്ങളിൽ അവൻ എങ്ങനെ പെരുമാറുന്നു എന്നതാണ് അവന്റെ ജീവിതത്തിന്റെ ദിശയെ രൂപപ്പെടുത്തുന്നത്.

ഒരേ സാഹചര്യത്തിൽ നിൽക്കുന്ന രണ്ടുപേർ രണ്ട് വ്യത്യസ്ത തീരുമാനങ്ങൾ എടുക്കാം. ആ തീരുമാനങ്ങളാണ് പിന്നീട് അവരുടെ സ്വഭാവത്തെയും സംസ്കാരത്തെയും ജീവിതഫലങ്ങളെയും വ്യത്യസ്തമാക്കുന്നത്.

അതുകൊണ്ട് ജീവിതത്തെ മുഴുവൻ നക്ഷത്രങ്ങളുടെയും മുഹൂർത്തങ്ങളുടെയും പേരിൽ മാത്രം വിശദീകരിക്കാൻ കഴിയില്ല.

ഭാഗ്യം നമുക്ക് ലഭിക്കുന്ന സാഹചര്യങ്ങളിൽ ഒരു പങ്ക് വഹിച്ചേക്കാം.

എന്നാൽ ആ സാഹചര്യങ്ങളിൽ നാം ചെയ്യുന്ന തിരഞ്ഞെടുപ്പുകൾക്കും അത്രതന്നെ വലിയ പങ്കുണ്ട്.

ജീവിതത്തിലെ യഥാർത്ഥ സമ്പത്ത് രാജപദവിയിലും അധികാരത്തിലും മാത്രം അല്ല.

നിസ്വാർത്ഥമായ ദാനം, കരുണ, സ്നേഹം, ത്യാഗം — ഇവയാണ് മനുഷ്യന്റെ ജീവിതത്തിന് യഥാർത്ഥ മഹത്വം നൽകുന്നത്.

4B Movement

🔹 Bi-hon — വിവാഹം വേണ്ട
🔹 Bi-chul-san — കുട്ടികൾ വേണ്ട
🔹 Bi-yeonae — പ്രണയബന്ധം വേണ്ട
🔹 Bi-sex — പുരുഷന്മാരുമായുള്ള ലൈംഗികബന്ധം വേണ്ട

ലോകത്തിലെ മികച്ച സിനിമകളുടെ ബേസ് കൊറിയയാണെന്ന് പറയാറുണ്ട്. പല ഇന്ത്യൻ സിനിമകളുടെ ഒറിജിനൽ പതിപ്പ് അവിടുന്നാണ്. ഇപ്പോൽ അവരുടെ 4B മൂവ്മെൻ്റും ഇന്ത്യ കോപ്പി അടിച്ചു.

ഇന്ത്യയിലെ “Ek Samosa, 2 Kachori, In Mardo Ka Kya Bharosa” എന്ന പുതിയ സോഷ്യൽ മീഡിയ മുദ്രാവാക്യവും കൊറിയൻ 4B ആശയത്തിന്റെ ഇന്ത്യൻ-style version പോലെയാണെന്നാണ്.

ദക്ഷിണ കൊറിയയിൽ 2017–2019 കാലഘട്ടത്തിൽ ശ്രദ്ധ നേടിയ 4B Movement ഇന്ത്യയിലെത്തിയാൽ, ജനസംഖ്യാ വളർച്ചയുടെ കാര്യത്തിൽ ഭൂമിയുടെ ഭാരം തെല്ലെങ്കിലും കുറയുമായിരിക്കും!

കൊറിയയിൽ ഇത് പരമ്പരാഗത വിവാഹ–കുടുംബ സംവിധാനത്തോടും gender relations-നോടുമുള്ള പ്രതിഷേധമായി, പ്രത്യേകിച്ച് ഒരു ചെറിയ online feminist വിഭാഗത്തിൽ വളർന്ന ആശയമായിരുന്നു.

ഇന്ത്യയിലെ “Samosa–Kachori” മുദ്രാവാക്യം 4B-യുടെ ഔദ്യോഗിക ഇന്ത്യൻ പതിപ്പാണെന്ന് പറയാൻ തെളിവില്ല. പക്ഷേ രണ്ടിലും ഒരു പൊതുവായ ആശയം കാണാം:

“വിവാഹം, ബന്ധം, കുടുംബം—ഇവ ജീവിതത്തിലെ നിർബന്ധിത ഘട്ടങ്ങളല്ല; വ്യക്തിയുടെ തിരഞ്ഞെടുപ്പാണ്.”

ഇത് വെറും സോഷ്യൽ മീഡിയ തമാശയായി അവസാനിക്കുമോ, അതോ മാറിവരുന്ന relationship culture-ന്റെ ഒരു സൂചനയായി മാറുമോ എന്നതാണ് ഇനി കാണേണ്ടത്.

ആനകളുടെ രാജ്ഞി

ആനകളുടെ രാജ്ഞി പാർബതി ബറുവയെ പറ്റി ആന പ്രേമികൾ തീർച്ചയായും കേട്ടിരിക്കും. 2024-ൽ പത്മശ്രീ നൽകി രാജ്യം അവരെ ആദരിച്ചു.

അസമിലെ ഗൗരിപൂർ രാജകുടുംബത്തിൽ ജനിച്ച പാർബതി ബറുവയ്ക്ക് ആനകളോടുള്ള അടുപ്പം ബാല്യം മുതലേ തുടങ്ങിയതാണ്. കാട്ടാനകളെ പിടികൂടുന്നതിലും മനുഷ്യ–ആന സംഘർഷങ്ങൾ നിയന്ത്രിക്കുന്നതിലും അവർ നിർണായക പങ്കുവഹിച്ചു.

അവരുടെ ശബ്ദം കേട്ടാൽ മദ ആന വരെ അനുസരിക്കും — അതാണ് പാർബതി ബറുവയുടെ അസാധാരണ കഴിവ്!

പുരുഷന്മാർ ആധിപത്യം പുലർത്തിയിരുന്ന ആന പാപ്പന്മാരുടെ രംഗത്തേക്ക് വെറും 14-ാം വയസ്സിൽ കടന്നുവന്ന പാർബതി ബറുവ, പിന്നീട് 500-ലധികം ആനകളെ പരിശീലിപ്പിച്ച ഇന്ത്യയിലെ ശ്രദ്ധേയയായ വനിതാ മഹൂത്തായി.

ആനകളുടെ സ്വഭാവവും മനോഭാവവും ആഴത്തിൽ മനസ്സിലാക്കിയ അവർ, പ്രത്യേക ശബ്ദങ്ങളും വിളികളും ഉപയോഗിച്ച് ആനകളെ നിയന്ത്രിക്കുകയും അനുസരിക്കുകയും ചെയ്തിരുന്നു. ശക്തിയിലല്ല, ആനയുമായുള്ള വിശ്വാസത്തിലും ആശയവിനിമയത്തിലുമായിരുന്നു അവരുടെ കഴിവിന്റെ രഹസ്യം.

കാട്ടാനകളെ പിടികൂടുന്നതിലും മനുഷ്യ–ആന സംഘർഷങ്ങൾ നിയന്ത്രിക്കുന്നതിലും വർഷങ്ങളോളം പ്രവർത്തിച്ച അവർക്ക് 2024-ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.

ജീവിതത്തിന്റെ സൂക്ഷ്മ അംശങ്ങൾ

ജീവിതം വെറും പരിശ്രമം കൊണ്ടു മാത്രം മുന്നോട്ട് പോകുന്നതല്ല. ഓരോ ദൃശ്യ പ്രവർത്തനത്തിനും പിന്നിൽ അദൃശ്യമായ ഒരു സംവിധാനം പ്രവർത്തിക്കുന്നു -

ജീവിതത്തിന്റെ സമ്പൂർണ്ണ പ്രവാഹം
`ബോധം → ഉദ്ദേശ്യം → വികാരം → കമ്പനനം → വാക്ക് / പ്രവർത്തനം → പ്രാണപ്രവാഹം → ശരീരം & മനസ്സ് → പരിസരം → കർമ്മത്തിന്റെ പ്രകടനം → മൗനം → കൃപ ` അന്തിമ ചിന്ത
 
ഈ സൂക്ഷ്മ അംശങ്ങളെ മനസ്സിലാക്കുമ്പോൾ, ജീവിതം ഒരു പോരാട്ടമല്ല; ഒരു പ്രവാഹമായി മാറുന്നു.
 
ആധുനിക മനഃശാസ്ത്രവും പ്രാചീന ആത്മവിദ്യയും ഒന്നിക്കുന്ന ജീവിതത്തിന്റെ സമ്പൂർണ്ണ ദർശനമാണ് ഈ ലേഖനം.
  
1. ബോധം (ചൈതന്യം) — മൂലസ്രോതസ്
 
ചിന്തക്ക് മുമ്പ്, വികാരത്തിനുമുമ്പ്, പ്രവർത്തനത്തിനുമുമ്പ് — ബോധം ഉണ്ട്.
  
- നിങ്ങൾ ശ്രദ്ധിക്കുന്നതു വളരുന്നു
 
- ബോധം നിലനിൽക്കുന്നിടത്തേക്ക് ഊർജ്ജം ഒഴുകുന്നു
 
- അവബോധമില്ലാത്ത ജീവിതം ആവർത്തിച്ച വേദന സൃഷ്ടിക്കുന്നു
 
ബോധം ചിന്തയല്ല — അത് ശാന്തമായ സാക്ഷിത്വമാണ്.
 
സാഹചര്യങ്ങൾ മാറുമ്പോൾ അല്ല, ബോധം ആഴപ്പെടുമ്പോഴാണ് ജീവിതം മാറുന്നത്.
  
2. ഉദ്ദേശ്യം (സങ്കൽപം) — ദിശ
 
ബോധത്തിന് രൂപം നൽകുന്നതാണ് ഉദ്ദേശ്യം.
 
- ഒരേ പ്രവർത്തി + വ്യത്യസ്ത ഉദ്ദേശ്യം = വ്യത്യസ്ത ഫലം
 
- ഉദ്ദേശ്യം അവബോധമില്ലാത്ത മനസ്സിനെ പ്രോഗ്രാം ചെയ്യുന്നു
 
- വ്യക്തമായ സങ്കൽപം മനസ്സ്–ശരീരം–ഊർജ്ജം ഒന്നിപ്പിക്കുന്നു
 
ഉദ്ദേശ്യമില്ലെങ്കിൽ ഊർജ്ജം ചിതറുന്നു; ഉദ്ദേശ്യമുണ്ടെങ്കിൽ ചെറിയ ശ്രമവും ശക്തമാകും.
  
3. വികാരം (ഭാവം) — വിത്ത് ഊർജ്ജം
 
ജീവിതത്തിന്റെ വികാരചാർജ്ജാണ് ഭാവം.
  
- സ്നേഹം ഊർജ്ജം വികസിപ്പിക്കുന്നു
 
- ഭയം ഊർജ്ജം ചുരുക്കുന്നു
 
- കൃതജ്ഞത ശാന്തമാക്കുന്നു
 
- വിരോധം വിഷമാക്കുന്നു
 
ആവർത്തിക്കുന്ന വികാരങ്ങൾ സ്വഭാവമായി, സ്വഭാവം വിധിയായി മാറുന്നു.
 
ഭാവം പോലെ തന്നെ ഭവനവും.
  
4. കമ്പനനം (സ്പന്ദനം) — ഊർജ്ജമേഖല
 
എല്ലാം കമ്പനം ആണ് — ചിന്തകൾ, വികാരങ്ങൾ, വാക്കുകൾ, കോശങ്ങൾ.
 
- ഉയർന്ന കമ്പനനം: വ്യക്തത, ആരോഗ്യം, സൗഹാർദ്ദം
 
- താഴ്ന്ന കമ്പനനം: ആശയക്കുഴപ്പം, രോഗം, സംഘർഷം
 
നിങ്ങൾ ആഗ്രഹിക്കുന്നതല്ല, നിങ്ങൾ കമ്പനം ചെയ്യുന്നതിനെ ആണ് ജീവിതം ആകർഷിക്കുന്നത്.
  
5. ശബ്ദം / വാക്ക് (വാക് / നാദം) — സജീവീകരണം
 
ശബ്ദം സൃഷ്ടിശക്തിയാണ്.
 
- വാക്കുകളിൽ ഉദ്ദേശ്യവും വികാരവും കമ്പനനവും അടങ്ങിയിരിക്കുന്നു
 
- കടുത്ത വാക്കുകൾ ഊർജ്ജ ചോർച്ച സൃഷ്ടിക്കുന്നു
 
- സത്യവും മൃദുവുമായ വാക്കുകൾ പ്രാണനെ സ്ഥിരപ്പെടുത്തുന്നു
 
മന്ത്രങ്ങൾ വിശ്വാസം കൊണ്ടല്ല, ശബ്ദക്രമത്തിന്റെ കൃത്യത കൊണ്ടാണ് പ്രവർത്തിക്കുന്നത്.
 
മൗനം ശബ്ദത്തിന്റെ പരമാവധി രൂപമാണ്.
  
6. ശ്വാസവും പ്രാണനും — ജീവശക്തി
 
ജീവിതത്തെ സജീവമാക്കുന്ന ശക്തിയാണ് പ്രാണൻ.
 
- ദുർബല പ്രാണൻ → ഭയം, ക്ഷീണം, ആശയക്കുഴപ്പം
 
- സമതുലിത പ്രാണൻ → ആത്മവിശ്വാസം, അന്തർബോധം, ചികിത്സാശക്തി
 
ശ്വാസം ശരീരവും മനസ്സും ബന്ധിപ്പിക്കുന്ന പാലമാണ്.
 
ശ്വാസത്തെ നിയന്ത്രിച്ചാൽ, വികാരങ്ങളും ചിന്തകളും ആരോഗ്യവും സ്വാധീനിക്കാം.
 
7. ശരീരം (ശരീര) — ഉപകരണം
 
ശരീരം ചേതനയിൽ നിന്ന് വേറിട്ടതല്ല; അത് അതിന്റെ വാഹനം ആണ്.
 
- സംഘർഷം ഊർജ്ജം തടയും
 
- ശാന്തത പ്രവാഹം പുനസ്ഥാപിക്കും
 
- ശരീരഭാവം മാനസികാവസ്ഥയെ ബാധിക്കും
 
- ഉറക്കം പ്രാണനെ പുതുക്കും
 
യോഗം, ചലനം, വിശ്രമം — എല്ലാം **ഊർജ്ജ ശുചിത്വം** തന്നെയാണ്.
  
8. മനസ്സ് (മനസ്) — പ്രോസസ്സർ
 
ലോകത്തിൽ നിന്നുള്ള അനുഭവങ്ങൾ മനസ്സ് പ്രോസസ്സ് ചെയ്യുന്നു.
 
- അമിതചിന്ത ഊർജ്ജം ചോർത്തും
 
- നിശ്ചലത വ്യക്തത നൽകും
 
- ശാസനം മനസ്സിനെ ശാന്തമാക്കും
 
ലക്ഷ്യം മനസ്സിനെ നശിപ്പിക്കുക അല്ല; ബോധത്തിന് സേവകനാക്കുക എന്നതാണ്.
  
9. സ്മരണയും കർമ്മവും (സംസ്കാരം) — പശ്ചാത്തല പ്രോഗ്രാം
 
കഴിഞ്ഞ അനുഭവങ്ങൾ ഊർജ്ജമുദ്രകൾ വിടുന്നു.
 
- ട്രോമ ഊർജ്ജം മുറുകുന്നു
 
- പരിഹരിക്കാത്ത വികാരങ്ങൾ ആവർത്തനം സൃഷ്ടിക്കുന്നു
 
- ചികിത്സ = വിടുതൽ
 
കർമ്മം ശിക്ഷയല്ല; അവബോധമില്ലാത്ത ശീലം ആണ്.
 
ബോധം കർമ്മചക്രം തകർക്കുന്നു.
  
10. പരിസരം (ദേശ–കാല–പാത്രം) — സ്വാധീനം
 
സ്ഥലം, സമയം, കൂട്ടുകാർ — എല്ലാം ജീവിതത്തെ രൂപപ്പെടുത്തുന്നു.
 
- ശുദ്ധമായ ഇടങ്ങൾ വ്യക്തത നൽകും
 
- പ്രകൃതി സമതുലിതമാക്കും
 
- മനുഷ്യർ കമ്പനനത്തെ സ്വാധീനിക്കും
 
പോഷിപ്പിക്കുന്ന പരിസരം തിരഞ്ഞെടുക്കുക.
  
11. ശാസനം (അഭ്യാസം) — സ്ഥിരത
 
പ്രചോദനം വരും പോകും; അഭ്യാസം നിലനിൽക്കും.
 
- ദൈനംദിന അഭ്യാസം അന്തർശക്തി വളർത്തും
 
- ചെറുതെങ്കിലും സ്ഥിരമായ ശ്രമം വലിയ മാറ്റം സൃഷ്ടിക്കും
 
ശാസനം ബലപ്രയോഗമല്ല; സ്വയം ബഹുമാനം ആണ്.
  
12. മൗനം — ഏകീകരണം
 
മൗനം ചിതറുന്ന ഊർജ്ജം കൂട്ടിച്ചേർക്കുന്നു.
 
- മൗനം ശാന്തമാക്കുന്നു
 
- മൗനം സത്യം വെളിപ്പെടുത്തുന്നു
 
- മൗനം പ്രാണനെ പുനസ്ഥാപിക്കുന്നു
 
ശബ്ദത്തിനിടയിലും ഉള്ളിലെ നിശ്ശബ്ദതയാണ് യഥാർത്ഥ മൗനം.
  
13. സമർപ്പണവും കൃപയും (അനുഗ്രഹം) — ഗുണകം
 
ശ്രമത്തിന് അപ്പുറമാണ് കൃപ.
 
- അഹം ശമിക്കുമ്പോൾ ജീവിതം ഒഴുകുന്നു
 
- സമർപ്പണം ദൗർബല്യമല്ല; വിശ്വാസമാണ്
 
ശ്രമവും വിനയവും ഒന്നിക്കുമ്പോഴാണ് കൃപ വരുന്നത്.
 
ജീവിതം കീഴടക്കാനുള്ള ഒന്നല്ല — അനുസൃതമാക്കേണ്ട ഒന്നാണ്.
 
ബോധം വ്യക്തമായാൽ, ഉദ്ദേശ്യം ശുദ്ധമായാൽ, വികാരങ്ങൾ സമതുലിതമായാൽ, പ്രാണൻ സ്വതന്ത്രമായി ഒഴുകുമ്പോൾ — ജീവിതം സ്വാഭാവികമായി അർത്ഥവത്തും ആരോഗ്യകരവും ശാന്തവുമായിത്തീരും.
 
ഉള്ളിലെ ലോകം നിയന്ത്രിച്ചാൽ, പുറത്തുള്ള ലോകം സ്വയം ക്രമീകരിക്കും.
 
ബോധപൂർവ്വം ജീവിക്കുമ്പോൾ, ജീവിതം തന്നെ ഒരു ആത്മസാധനയായി മാറുന്നു.

സ്ത്രീക്ക് പുരുഷൻ വേണ്ടാതായാൽ

നോർത്ത് ഇന്ത്യയിൽ കോളേജ് പെൺകുട്ടികൾ പ്രക്ഷോഭം തുടങ്ങിയിരിക്കുന്നു. ചില മുദ്രാവാക്യങ്ങൾ അർത്ഥമാക്കുന്നത് ഇനി ഞങ്ങൾക്ക് ജീവിക്കാൻ ആണുങ്ങളെ വേണ്ട എന്നാണ്😂. ഞാനും കുത്തിയിരുന്ന് ചിന്തിച്ചു പെണ്ണുങ്ങൾ ഇല്ലെങ്കിൽ ആണുങ്ങൾക്ക് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകും എന്ന്.

സെപ്റ്റംബർ 2026-ൽ സൗത്ത് ഡൽഹിയിലെ ആസ്ത കുഞ്ച് പാർക്കിൽ 17 വയസ്സുള്ള ഒരു പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്ന ആരോപണത്തിന് പിന്നാലെ കോളേജ്  വിദ്യാർത്ഥിനികൾ പ്രതിഷേധങ്ങൾ തുടങ്ങിയത്.

ഇപ്പോൽ പ്രക്ഷോഭത്തിലെ രണ്ട് മൂന്ന്  മുദ്രാവാക്യങ്ങൾ വൈറൽ ആയപ്പോൾ അതേ മുദ്രാവാക്യങ്ങൾ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിക്കാൻ തുടങ്ങി.

• “एक कचौरी, दो समोसा, इन मर्दों का क्या भरोसा?”
“ഒരു കച്ചോരി, രണ്ട് സമോസ — ഈ പുരുഷന്മാരെ എങ്ങിനെ വിശ്വസിക്കും?”

• “मर्द जात क्या है , एक सुट्टा, दो चाय — मर्द जात हाय हाय” "ആണുങ്ങൾ എന്നാൽ എന്താണ്? ഒരു സിഗരറ്റ്, രണ്ട് ചായ — ആൺവർഗമേ, ഹായ് ഹായ്!”

• Nari apne aap ki, nahi kisike baap ki”
“സ്ത്രീക്ക് സ്വന്തം വ്യക്തിത്വം ഉണ്ട്, ഞങ്ങൽ ആരുടെയും അപ്പൻ്റെ  വകയല്ല"

• “RESPECT FEMALE EXISTENCE OR EXPECT OUR RESISTANCE”
“സ്ത്രീയുടെ അസ്തിത്വത്തെ ബഹുമാനിക്കുക; അല്ലെങ്കിൽ ഞങ്ങളുടെ പ്രതിരോധം നേരിടാൻ തയ്യാറാകുക.”

• “Women don't need men.” "ഞങ്ങൾക്ക് ജീവിക്കാൻ പുരുഷന്മാരുടെ ആവശ്യമില്ല"

അങ്ങനെ ഒത്തിരി മുദ്രാവാക്യങ്ങൾ ഉണ്ട്.

ആണുങ്ങൾക്ക് ലോകത്തിലെ ഒരു പ്രശ്നവും ഒരു പ്രശ്നമേ അല്ല എന്ന പതിവ് മനോഭാവം ആയത് കൊണ്ട് 
“एक कचौरी, दो समोसा, इन मर्दों का क्या भरोसा?” എന്ന മുദ്രാവാക്യം റാപ് ആക്കി ഈണത്തിൽ മ്യൂസിക് ഇറക്കി ഒരു സൈഡിൽ ഡാൻസ് കളിയും തുടങ്ങി.

മറ്റൊരു യുവതി പറയുന്നത്, താൻ ഇപ്പോൾ പഠിക്കുകയാണെന്നും ഭാവിയിൽ സ്വന്തമായി സാമ്പത്തികമായി ജീവിക്കാൻ കഴിയുമെന്നും അതിനാൽ ഒരു പുരുഷനെ ആശ്രയിക്കേണ്ട ആവശ്യമില്ലെന്നുമാണ്.

ഒരു അർത്ഥത്തിൽ ഇത് ശരിയാണ്.
വ്യക്തിപരമായ സ്വാതന്ത്ര്യം
ഒരു സ്ത്രീക്ക് സ്വന്തം ജോലി ചെയ്യാനും പണം സമ്പാദിക്കാനും സ്വന്തം തീരുമാനങ്ങൾ എടുക്കാനും ആരെയും ആശ്രയിക്കാതെ ജീവിക്കാനും കഴിയും.
അതുപോലെ ഒരു പുരുഷനും.

ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനികളുടെ പ്രതിഷേധത്തിന് പ്രധാന പശ്ചാത്തലം സ്ത്രീകളുടെ സുരക്ഷ, പൊതുസ്ഥലങ്ങളിലെ സുരക്ഷിതമായ സഞ്ചാരം, സ്വാതന്ത്ര്യം, ലൈംഗികാതിക്രമങ്ങൾക്കെതിരായ നടപടി തുടങ്ങിയ വിഷയങ്ങളാണ്.

Miranda House, Lady Shri Ram College, Gargi College, Kamala Nehru College തുടങ്ങിയ കോളേജുകളിലെ വിദ്യാർത്ഥിനികൾ പ്രതിഷേധങ്ങളിലും മാർച്ചുകളിലും പങ്കെടുത്തു.

അവരുടെ പ്രധാന ആവശ്യങ്ങളിൽ ഉൾപ്പെട്ടത്:
• സ്ത്രീകൾക്ക് സുരക്ഷിതമായ പൊതുസ്ഥലങ്ങൾ
രാത്രി പുറത്തിറങ്ങുന്നതിന്റെ പേരിൽ പെൺകുട്ടികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താതിരിക്കുക

• ലൈംഗികാതിക്രമം, harassment, stalking തുടങ്ങിയവയ്ക്കെതിരെ ശക്തമായ നടപടി
കുറ്റവാളികൾക്കെതിരെ ഉത്തരവാദിത്തവും നിയമനടപടിയും

•കോളേജ് പരിസരങ്ങളിലും പൊതുസ്ഥലങ്ങളിലും മെച്ചപ്പെട്ട lighting, CCTV, police patrolling തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ
സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സ്ത്രീകളുടെ സ്വാതന്ത്ര്യവും സംരക്ഷിക്കുക

താളവും തമാശയും ഉപയോഗിച്ചുള്ള ഈ മുദ്രാവാക്യം വൈറലായെങ്കിലും, അതിന്റെ പിന്നിലെ പ്രതിഷേധത്തിന്റെ പ്രധാന വിഷയം സ്ത്രീസുരക്ഷയും സ്വാതന്ത്ര്യവുമാണ്.

ശരിക്കും ആണുങ്ങൾ ഇല്ലാത്ത ഒരു സ്ഥലത്ത് പെണ്ണുങ്ങൾ എന്തൊക്കെ തന്നത്താൻ ചെയ്യണം?

നമ്മുടെ സമൂഹത്തിൽ നിരവധി അപകടസാധ്യതയുള്ളതും ശാരീരികമായി കഠിനവുമായ ജോലികളിൽ പുരുഷന്മാരാണ് വലിയ ഭൂരിപക്ഷം.

Construction workers — 96% പുരുഷന്മാർ
Electricians — 95%
Plumbers — 95%
Carpenters — 98%
HVAC technicians — 94%
മെക്കാനിക്കൽ & വ്യാവസായിക മേഖല
Mechanics — 97%
Welders — 96%
Truck drivers — 91%
Roofers — 97%
Oil rig workers — 95%
Machine operators — 90%
Network engineers — 85%
Mechanical engineers — 91%
Civil engineers — 86%
Firefighters — 96%
Police officers — 85%
Military personnel — 80%
Pilots — 90%
Train operators — 94%
Forklift operators — 92%

ഇത്രയും കാര്യങ്ങളിൽ കൂടി പെണ്ണുങ്ങൾ ചെയ്യാൻ തുടങ്ങിയാൽ, ചെയ്യാൻ പറ്റും പക്ഷേ വേഗത, കൃത്യത, സാഹസികത, ധൈര്യം ഒക്കെ കൈവരിച്ച് കഴിഞ്ഞാൽ.

സ്ത്രീകൾ കൂടുതലായി കാണപ്പെടുന്ന മേഖലകൾ:
Teacher — 72%
Nurse — 90%+
Social Worker — 80%+
Librarian — 75%+
Pharmacist — 68%
Dietitian — 85%+
Dental Hygienist — 90%+
Occupational Therapist — 85%+
Speech Therapist — 90%+
Counsellor — 70%+

Education, Training & Library occupations-ൽ 72.3% സ്ത്രീകളും 27.7% പുരുഷന്മാരുമാണ്, Healthcare practitioners & technical occupations-ൽ 75% സ്ത്രീകളും 25% പുരുഷന്മാരുമാണ്. 


പിന്നെ മനുഷ്യവംശത്തിന്റെ തുടർച്ച കൃത്രിമ ഗർഭധാരണത്തിൽ കൂടി ഈ ലോകത്തിൽ മുന്നോട്ടും നിലനിർത്താൻ പറ്റും എന്നാണ് തോന്നുന്നത്. അല്ലേ,🤔 ആ? എനിക്കറിയില്ല😂

മനുഷ്യവംശത്തിന്റെ തുടർച്ച എങ്ങനെ?
ഇന്ന് IVF, sperm donation, egg donation തുടങ്ങിയ assisted reproductive technologies ഉള്ളതിനാൽ മനുഷ്യപ്രജനനത്തിന് സ്വാഭാവിക ലൈംഗികബന്ധം മാത്രമല്ല മാർഗം.

പക്ഷേ അതുകൊണ്ട് പുരുഷന്റെ ജൈവിക പങ്ക് ഇല്ലാതാകുന്നില്ല. മനുഷ്യന്റെ സാധാരണ പ്രജനനത്തിന് sperm-ഉം egg-ഉം ആവശ്യമാണ്.

അതുകൊണ്ട് ഇവിടെ എന്റെ ചിന്തയ്ക്ക് ഒരു “🤔… എനിക്കറിയില്ല 😂” എന്നിടത്ത് നിർത്താം.

ആണുങ്ങൾക്ക് ജീവിതത്തിലെ ഒട്ട് മിക്ക സ്ട്രെസ്സുകളും ടെൻഷനുകളും ഇല്ലാതാകുന്നത് ഇഷ്ടപെട്ട പെണ്ണിൻ്റെ കൂടെ കിടക്ക പങ്കിടുമ്പോൾ ആണ്. ചില ദിവസങ്ങളിൽ സ്ത്രീകൾക്കും ആണുങ്ങളെക്കാൾ  ആസക്തി ഉണ്ടാകാറുണ്ട്, പക്ഷേ അത് പുറമെ പ്രകടിപ്പിക്കാതെ സംയമനം പാലിക്കാൻ അവർക്ക് കഴിവുണ്ടെന്നും ഉള്ളതാണ്. ആണുങ്ങൾക്ക് ആ സംയമനം ഇല്ല എന്നും പറയുന്നു. അതിനെന്ത് പരിഹാരം ആണോ ആവോ ഇനി ഉണ്ടാകുന്നത്? സ്വയംഭോഗം ഒരു പരിധി വരെ രണ്ട് കൂട്ടർക്കും ചെയ്യാം. പക്ഷേ...... 

ഹോർമോൺസ് ഒക്കെ ഡിസ്ബാലൻസ് ആകുമല്ലോ, സ്ട്രെസ് ലെവൽ ഒക്കെ എവിടെ പോയി നിൽക്കും🤔

ഒരു സ്ത്രീക്ക് സ്വതന്ത്രമായി ജീവിക്കാം.
ഒരു പുരുഷനും സ്വതന്ത്രമായി ജീവിക്കാം.
പക്ഷേ സമൂഹം മുന്നോട്ട് പോകുന്നത് പരസ്പര സംഭാവനകളിലൂടെയാണ്.
ഒരു പുരുഷൻ റോഡ് നിർമ്മിച്ചേക്കാം.
ഒരു സ്ത്രീ ആ റോഡിലൂടെ സഞ്ചരിക്കുന്ന രോഗികളെ ചികിത്സിക്കുന്ന ഡോക്ടറായിരിക്കാം.
ഒരു പുരുഷൻ വൈദ്യുതി ലൈൻ ശരിയാക്കുന്ന ടെക്നീഷ്യനായിരിക്കാം.
ഒരു സ്ത്രീ അതേ വൈദ്യുതി ഉപയോഗിക്കുന്ന സ്ഥാപനത്തിലെ എഞ്ചിനീയറായിരിക്കാം.
ഒരു സ്ത്രീ ആശുപത്രിയിൽ നഴ്സായിരിക്കാം.
ഒരു പുരുഷൻ അടിയന്തരാവസ്ഥയിൽ രോഗിയെ ആശുപത്രിയിലെത്തിക്കുന്ന ഡ്രൈവറായിരിക്കാം.
ജോലിയുടെ വില ലിംഗം തീരുമാനിക്കുന്നതല്ല.

“പുരുഷന്മാരെ വിശ്വസിക്കാനാകുമോ?”
“इन मर्दों का क्या भरोसा?” എന്ന മുദ്രാവാക്യം സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന സുരക്ഷാ ആശങ്കയെ പ്രകടിപ്പിക്കുന്ന പ്രതിഷേധഭാഷയാണ്.
ആ ആശങ്കയെ പരിഹസിക്കേണ്ടതില്ല.
സ്ത്രീകൾക്ക് സുരക്ഷിതമായി പഠിക്കാനും ജോലി ചെയ്യാനും രാത്രിയിൽ പോലും ഭയമില്ലാതെ സഞ്ചരിക്കാനും കഴിയണം.
അതേസമയം, എല്ലാ പുരുഷന്മാരെയും ഒരേ രീതിയിൽ കാണുന്നതും ശരിയല്ല.
കുറ്റം ചെയ്യുന്ന വ്യക്തിയുടെ ഉത്തരവാദിത്വം ആ വ്യക്തിക്കാണ്.

അതുകൊണ്ട് യഥാർത്ഥ ചോദ്യം:
“എല്ലാ പുരുഷന്മാരെയും വിശ്വസിക്കാമോ?”
എന്നതിൽ നിന്ന്
“സ്ത്രീകൾക്കും പുരുഷന്മാർക്കും പരസ്പരം ബഹുമാനത്തോടെ സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന ഒരു സമൂഹം എങ്ങനെ നിർമ്മിക്കാം?”
എന്നതിലേക്ക് മാറണം.

സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം വേണം.
പുരുഷന്മാർക്കും വേണം.
സ്ത്രീകൾക്ക് സുരക്ഷ വേണം.
പുരുഷന്മാർക്കും വേണം.
സ്ത്രീകൾക്ക് ബഹുമാനം വേണം.
പുരുഷന്മാർക്കും വേണം.
ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ അവകാശം ഇല്ലാതാക്കുന്നതാകരുത്.
അതുപോലെ ഒരു വ്യക്തിയുടെ സുരക്ഷ മറ്റൊരാളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതുമാകരുത്.
നമ്മൾ എല്ലാവരും ഏതെങ്കിലും തരത്തിൽ പരസ്പരം ആശ്രയിച്ചാണ് ജീവിക്കുന്നത്.

നമ്മുടെ വീടുകളിലെ വൈദ്യുതി മുതൽ റോഡുകൾ, ഗതാഗതം, ആശുപത്രികൾ, ഭക്ഷ്യവിതരണം, പോലീസ്, അഗ്നിശമനസേന, വ്യവസായം — എല്ലാത്തിനും അനേകം മനുഷ്യരുടെ അധ്വാനം ആവശ്യമാണ്.
അതിൽ പുരുഷന്മാരുമുണ്ട്.
സ്ത്രീകളുമുണ്ട്.

സ്ത്രീ പുരുഷന്റെ സ്വത്തല്ല.
പുരുഷൻ സ്ത്രീയുടെ സ്വത്തുമല്ല.
രണ്ടുപേരും സ്വതന്ത്ര വ്യക്തികളാണ്.
എന്നാൽ അതേ സമയം —
മനുഷ്യന് മനുഷ്യനെ ആവശ്യമുണ്ട്.
ഇതാണ് വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും ഇടയിലുള്ള ഏറ്റവും പ്രധാനപ്പെട്ട സത്യം.

ഭക്തി

ഭഗവാനെ ആരാധിക്കുന്നത് ഭയത്തോടെയാകരുത്… ഭാവത്തോടെയാകണം.

ഏത് ദിവസം പ്രാർത്ഥിക്കാൻ മനസ്സില്ലെങ്കിൽ അന്ന് പ്രാർത്ഥിക്കാതിരിക്കുക.
“പ്രാർത്ഥിച്ചില്ലെങ്കിൽ ദൈവം കോപിക്കും”, “ഇന്നത്തെ ദിവസം മോശമാകും” എന്ന ഭയത്തിൽ ചെയ്യുന്ന പ്രാർത്ഥനയ്ക്ക് എന്ത് അർത്ഥമാണുള്ളത്?

നിവൃത്തിയില്ലാത്തതുകൊണ്ടോ, ദൈവഭയം കൊണ്ടോ, ആരെങ്കിലും നിർബന്ധിച്ചതുകൊണ്ടോ പ്രാർത്ഥിക്കാൻ തുനിയരുത്.

നിങ്ങളെ സ്നേഹിക്കുന്ന ഒരാളുടെ മുന്നിൽ മനസ്സില്ലാതെ ഭക്ഷണം വിളമ്പുന്നതുപോലെയാണ് അത്. ഭക്ഷണം കഴിച്ചാലും അതിൽ സ്നേഹത്തിന്റെ രുചിയുണ്ടാകില്ല; ഒരു തൃപ്തിയും ഉണ്ടാകില്ല.

മനുഷ്യർക്ക് പോലും അകത്ത് സ്നേഹമോ ബഹുമാനമോ ഇല്ലാതെ, സ്വന്തം കാര്യം നേടാൻ വേണ്ടി പുറമേ കാണിക്കുന്ന വലിയ സ്നേഹത്തേക്കാളും ബഹുമാനത്തേക്കാളും ആത്മാർത്ഥമായ നിസ്വാർത്ഥ സ്നേഹമാണ് വിലപ്പെട്ടത്.

അപ്പോൾ ദൈവം അത് മനസ്സിലാക്കില്ലേ? ഭയന്നും നിർബന്ധിതരായും ചെയ്യുന്ന പൂജയേക്കാൾ, ഒന്നും പ്രതീക്ഷിക്കാതെ സ്നേഹത്തോടെ ദൈവത്തെ ഓർക്കുന്ന ഒരു നിമിഷം പോലും കൂടുതൽ അർത്ഥവത്തായിരിക്കാം.

ഭഗവാന് വേണ്ടത് വിളക്കോ, നിവേദ്യമോ, വലിയ വഴിപാടുകളോ മാത്രമല്ല. നിങ്ങളുടെ ഭാവമാണ്.
സ്നേഹം… ഭക്തി....  ആദരം… നിഷ്ഠ… സമർപ്പണം…

നമ്മൾ എത്ര കാണിക്ക ഇട്ടു, എത്ര വഴിപാട് കഴിച്ചു, എത്ര ദാനം നൽകി എന്നതിലല്ല കാര്യം. അതെല്ലാം ചെയ്യുമ്പോൾ നമ്മുടെ മനസ്സിൽ എന്തായിരുന്നു എന്നതാണ് പ്രധാനം.

മനസ്സില്ലാതെ അർപ്പിക്കുന്ന നൂറ് പൂക്കളേക്കാൾ, സ്നേഹത്തോടെ അർപ്പിക്കുന്ന ഒരു പൂവിന് പോലും കൂടുതൽ അർത്ഥമുണ്ടാകാം.

അതുകൊണ്ടുതന്നെ ബാഹ്യ പൂജയെക്കാൾ പലപ്പോഴും ശക്തമാണ് മാനസിക പൂജ.

വിളക്കും പൂവും നിവേദ്യവും പുറത്താകാം…
ഭക്തി ഉള്ളിലായിരിക്കണം.

കാരണം ദൈവം നോക്കുന്നത് നമ്മുടെ കൈകളിലേക്കല്ല,
ഹൃദയത്തിലേക്കാണ്.

Friday, 2 October 2026

കൃഷ്ണൻ മഹാഭാരതത്തിൽ ചെയ്തത്

ഭഗവദ്ഗീതയുടെ ഉള്ളടക്കം ഒറ്റ വാക്യത്തിൽ പറഞ്ഞാൽ:

“ഫലത്തോടുള്ള ആസക്തി ഉപേക്ഷിച്ച്, സ്വന്തം ധർമ്മം വിവേകത്തോടെ തിരിച്ചറിഞ്ഞ്, ഈശ്വരാർപ്പണബുദ്ധിയോടെ കർമ്മം ചെയ്യുക.”

സാരം -
“ഞാൻ ശരീരം മാത്രമല്ല; ആത്മാവ് നിത്യമാണ് — അതറിഞ്ഞ്, ആസക്തിയില്ലാതെ, ധർമ്മാനുസൃതമായി കർമ്മം ചെയ്യുക.”

കൃഷ്ണന്റെ അവതാരലക്ഷ്യം നിയമം സംരക്ഷിക്കുക എന്നതിൽ മാത്രം ഒതുങ്ങുന്നില്ല. നിയമത്തിന്റെ ആത്മാവായ ധർമ്മത്തെ സംരക്ഷിക്കുക എന്നതാണ് അതിന്റെ ആഴത്തിലുള്ള അർത്ഥം.

നിയമം ഒരു ചട്ടമാണ്.
ധർമ്മം ആ ചട്ടത്തിന്റെ പിന്നിലുള്ള സത്യം, നീതി, ഉത്തരവാദിത്വം, ലോകക്ഷേമം എന്നിവയാണ്.

അതുകൊണ്ടുതന്നെ ചില സന്ദർഭങ്ങളിൽ കൃഷ്ണൻ സാധാരണ നിയമത്തിന്റെ പരിധിയെപ്പോലും ചോദ്യം ചെയ്യുന്നു. അത് നിയമത്തെ നിഷേധിക്കാനല്ല; നിയമം തന്നെ ധർമ്മത്തിന്റെ ലക്ഷ്യത്തെ നശിപ്പിക്കുന്ന സാഹചര്യത്തിൽ, ധർമ്മത്തിന്റെ ആഴത്തിലുള്ള അർത്ഥം സംരക്ഷിക്കാനാണ്.

ഇവിടെയാണ് കൃഷ്ണന്റെ അവതാരം നമ്മെ ഒരു വലിയ തത്ത്വചിന്തയിലേക്ക് കൊണ്ടുപോകുന്നത്. ധർമ്മം മരവിച്ച നിയമമല്ല. ധർമ്മം എന്നത് എല്ലാ കാലത്തേക്കും ഒരേ രീതിയിൽ പ്രയോഗിക്കേണ്ട ഒരു മരവിച്ച നിയമപുസ്തകമല്ല.

കാലം, സ്ഥലം, വ്യക്തി, സാഹചര്യം, കടമ, ഉത്തരവാദിത്വം, ഫലം  ഇവയെല്ലാം മനസ്സിലാക്കി സത്യത്തെയും നീതിയെയും സംരക്ഷിക്കാനുള്ള വിവേകമാണ് ധർമ്മം.

അതുകൊണ്ടാണ് മഹാഭാരതത്തിൽ ഒരേ പ്രവൃത്തി ഒരേ സാഹചര്യത്തിൽ ധർമ്മമായും മറ്റൊരു സാഹചര്യത്തിൽ അധർമ്മമായും മാറാൻ കഴിയുന്നത്.

എന്നാൽ ഇവിടെ ഏറ്റവും വലിയ മുന്നറിയിപ്പുമുണ്ട്. ധർമ്മത്തിനുവേണ്ടി എന്ന പേരിൽ സ്വന്തം സ്വാർത്ഥതയെ ന്യായീകരിക്കാൻ പാടില്ല.

കാരണം സ്വന്തം ആഗ്രഹത്തെയും പ്രതികാരത്തെയും അധികാരലാലസയെയും ധർമ്മം എന്ന് വിളിക്കുന്നത് തന്നെയാണ് അധർമ്മത്തിന്റെ മറ്റൊരു രൂപം. അതിനാൽ ധർമ്മവിവേകത്തിന് സ്വാർത്ഥതയില്ലായ്മയും ആത്മപരിശോധനയും ഉത്തരവാദിത്വവും അനിവാര്യമാണ്.

കൃഷ്ണന്റെ ജീവിതത്തിലെ വലിയ പാഠം
കൃഷ്ണൻ നമ്മോട് പറയുന്നത് വെറും
അധർമ്മത്തെ നശിപ്പിക്കുക എന്നല്ല. അതോടൊപ്പം:
ധർമ്മം എന്താണെന്ന് തിരിച്ചറിയാനുള്ള ബുദ്ധി നേടുക എന്നുമാണ്.

അർജുനന്റെ പ്രശ്നം യുദ്ധം ചെയ്യണമോ വേണ്ടയോ എന്നത് മാത്രമായിരുന്നില്ല.
ഈ സാഹചര്യത്തിൽ എന്റെ യഥാർത്ഥ ധർമ്മം എന്താണ്? എന്നതായിരുന്നു.

അതിന് കൃഷ്ണൻ നൽകിയ മറുപടിയാണ് ഗീത. അവിടെ നിന്ന് മനുഷ്യജീവിതത്തിന്റെ നാല് വലിയ വഴികൾ ഒന്നിക്കുന്നു:

ജ്ഞാനം — എന്താണ് സത്യം എന്ന് തിരിച്ചറിയാൻ.

കർമ്മം — തിരിച്ചറിഞ്ഞ ധർമ്മം പ്രവർത്തിയിൽ കൊണ്ടുവരാൻ.

ഭക്തി — അഹങ്കാരത്തെ വിട്ട് ഈശ്വരനിൽ സമർപ്പിക്കാൻ.

വിവേകം — സാഹചര്യത്തിൽ ശരിയായത് തിരിച്ചറിയാൻ.

അതിനാൽ കൃഷ്ണാവതാരം ഒരു യുദ്ധത്തിന്റെ കഥ മാത്രമല്ല. അത് മനുഷ്യന് എങ്ങനെ ജീവിക്കണം, എങ്ങനെ പ്രവർത്തിക്കണം, എങ്ങനെ ചിന്തിക്കണം, എങ്ങനെ കർമ്മബന്ധനത്തിൽ നിന്ന് മോചിതനാകണം എന്നതിനെക്കുറിച്ചുള്ള ഒരു വലിയ ആത്മീയ-തത്ത്വചിന്തയാണ്.

അതിനാൽ കൃഷ്ണന്റെ അവതാരത്തെ ഒറ്റവാക്യത്തിൽ പറഞ്ഞാൽ അധർമ്മത്തെ ഇല്ലാതാക്കാൻ മാത്രം അല്ല, ധർമ്മത്തെ പുനഃസ്ഥാപിക്കാനും, ധർമ്മത്തിന്റെ ആത്മാവിനെ തിരിച്ചറിയാനുള്ള വിവേകം മനുഷ്യന് നൽകാനും, കർമ്മത്തിന്റെ രഹസ്യം മനസ്സിലാക്കിക്കൊടുക്കാനും, ജ്ഞാനം, കർമ്മം, ഭക്തി, വിവേകം എന്നിവയെ ഒരുമിപ്പിക്കാനും, മനുഷ്യനും ഈശ്വരനും തമ്മിലുള്ള ബന്ധം അനുഭവിപ്പിക്കാനുമാണ് കൃഷ്ണാവതാരം.

അതുകൊണ്ടാണ് കൃഷ്ണന്റെ മഹത്വം അദ്ദേഹം നിയമങ്ങളുടെ കാവൽക്കാരനായതിൽ മാത്രം അല്ല.
നിയമത്തിന് പിന്നിലെ ധർമ്മത്തെ തിരിച്ചറിയാൻ മനുഷ്യനെ പഠിപ്പിച്ചതിലാണ്.

അവസാനം കൃഷ്ണൻ നമ്മോട് ചോദിക്കുന്ന ചോദ്യം ഇതാണ്:
നിനക്ക് നിയമം അറിയാമോ? എന്നതല്ല

നിയമത്തിനപ്പുറം ഒളിഞ്ഞിരിക്കുന്ന ധർമ്മത്തിന്റെ സത്യത്തെ തിരിച്ചറിയാനുള്ള വിവേകം നിനക്കുണ്ടോ?

ആ വിവേകം എന്താണ്?

ഇവിടെ വിവേകം എന്നത് നല്ലതും ചീത്തയും തിരിച്ചറിയാനുള്ള ബുദ്ധി മാത്രം അല്ല.

ഒരു പ്രത്യേക സാഹചര്യത്തിൽ ഏതാണ് യഥാർത്ഥ ധർമ്മം എന്ന് തിരിച്ചറിയാനുള്ള ആന്തരിക കഴിവാണ് വിവേകം.

കൃഷ്ണന്റെ ധർമ്മചിന്തയിൽ അതിനെ ഇങ്ങനെ മനസ്സിലാക്കാം:
നിയമം എന്താണ് പറയുന്നത്?
നിയമത്തിന്റെ പിന്നിലെ ലക്ഷ്യം എന്താണ്?
ഇപ്പോൾ ഞാൻ ചെയ്യുന്നത് ആരുടെ നന്മയ്ക്കാണ്?
എന്റെ സ്വാർത്ഥത അതിൽ കലർന്നിട്ടുണ്ടോ?
ഇതല്ലാതെ മറ്റൊരു ധാർമ്മിക മാർഗം ഉണ്ടായിരുന്നോ?
എന്റെ പ്രവർത്തിയുടെ ഫലം എന്തായിരിക്കും?
ഈ ചോദ്യങ്ങൾ സത്യസന്ധമായി പരിശോധിച്ച്, സ്വാർത്ഥതയെയും വികാരത്തെയും മാറ്റിനിർത്തി, സത്യം, നീതി, ഉത്തരവാദിത്വം, ലോകക്ഷേമം എന്നിവയുടെ അടിസ്ഥാനത്തിൽ തീരുമാനത്തിലെത്തുന്ന ശേഷിയാണ് വിവേകം.

അതുകൊണ്ട് എനിക്ക് ശരിയെന്ന് തോന്നുന്നത് വിവേകം അല്ല.

എനിക്ക് ഇഷ്ടമുള്ളത് വിവേകം അല്ല.

എന്റെ ലക്ഷ്യം നല്ലതാണ്, അതുകൊണ്ട് എന്തും ചെയ്യാം എന്നതും വിവേകം അല്ല.

വിവേകം എന്നത്:
സ്വന്തം ആഗ്രഹം പോലും തെറ്റാണെന്ന് തിരിച്ചറിയാൻ കഴിയുന്ന മനസ്സിന്റെ തെളിച്ചമാണ്.

ഇതാണ് കൃഷ്ണന്റെ ധർമ്മചിന്തയിലെ ഏറ്റവും ആഴമുള്ള ഭാഗം. അതിനാലാണ് ഗീതയിൽ കൃഷ്ണൻ അർജുനോട് അവസാനത്തിൽ “ഞാൻ പറഞ്ഞതുകൊണ്ട് ചെയ്യുക” എന്ന് പറയാതെ, ആലോചിച്ച് തീരുമാനിക്കാൻ വിടുന്നത് — 

“വിമൃശ്യൈതദശേഷേണ യഥേച്ഛസി തഥാ കുറു” (18.63).
അതിനാൽ ഒരു വാചകത്തിൽ:
വിവേകം = നിയമം
 
അറിയുന്നതിനെക്കാൾ ഉയർന്നത്; നിയമത്തിന്റെ ആത്മാവ് തിരിച്ചറിഞ്ഞ്, സ്വന്തം സ്വാർത്ഥതയെ മറികടന്ന്, ശരിയായ സമയത്ത് ശരിയായ ധർമ്മം തിരഞ്ഞെടുക്കാനുള്ള ബോധം.

Monday, 28 September 2026

ബന്ധങ്ങൾ

“എന്റെ കൂടെ വേണം” എന്നതിൽ നിന്ന് “അവർ സന്തോഷത്തോടെ ഇരിക്കട്ടെ” എന്നിടത്തേക്ക് മാറുമ്പോൾ സ്നേഹത്തിന്റെ സ്വഭാവം മാറുന്നു.

ബന്ധത്തിന്റെ ആഴം, അതിലുള്ള attachment, emotional investment, പ്രതീക്ഷ, ജീവിതത്തിലെ പ്രാധാന്യം എന്നിവ കൂടുന്തോറും വേർപാട് കൂടുതൽ വേദനാജനകമാകാം.

ഏറ്റവും കൂടുതൽ വേദന നൽകുന്നത് ഒരു പ്രത്യേക പേരിലുള്ള ബന്ധമെന്നതിലുപരി, നമ്മുടെ മനസ്സിൽ ഏറ്റവും ആഴത്തിൽ പതിഞ്ഞ ബന്ധമാണ്. ഒരാളെ നഷ്ടപ്പെടുന്നതിന്റെ വേദനയേക്കാൾ ചിലപ്പോൾ അവരോടൊപ്പം ഉണ്ടായിരുന്ന നമ്മുടെ ഒരു ഭാഗം നഷ്ടപ്പെടുന്നതാണ് കൂടുതൽ വേദനിപ്പിക്കുന്നത്.

ബന്ധം അകലുമ്പോഴുള്ള വേദനയിൽ നിന്ന് മോചനം നേടാനുള്ള വഴി സ്വീകാര്യതയും വിട്ടുകൊടുക്കലുമാണ്. സംഭവിച്ചതിനെ അംഗീകരിക്കുക, വ്യക്തിയെക്കാൾ ആ ബന്ധം നൽകിയ അനുഭവത്തെ മനസ്സിലാക്കുക, തിരികെ വരണമെന്ന പ്രതീക്ഷയും അമിതമായ പിടിച്ചുനിൽപ്പും പതുക്കെ വിടുക. ഓർമ്മകളെ തള്ളിക്കളയാതെ അവയെ ഒരു പാഠമായി കാണുക; മറ്റൊരാളെയും സ്വയം തന്നെയും ക്ഷമിക്കുക. ഒടുവിൽ, “അവർ എന്റെ കൂടെ വേണം” എന്നതിൽ നിന്ന് “അവർ എവിടെയായാലും സന്തോഷത്തോടെ ഇരിക്കട്ടെ” എന്നിടത്തേക്ക് എത്തുമ്പോൾ മനസ്സ് സ്വതന്ത്രമാകാൻ തുടങ്ങും.

ചില ബന്ധങ്ങൾ ആവശ്യം തീരുമ്പോൾ അവസാനിക്കും; ചിലത് ഭയം മാറുമ്പോൾ അകലും; ചിലത് ശീലം, കടമ, വിശ്വാസം എന്നിവ കൊണ്ട് തുടരാം. എന്നാൽ പ്രതിഫലവും നിബന്ധനകളും പ്രതീക്ഷിക്കാതെ നിലനിൽക്കുന്ന നിരുപാധിക സ്നേഹമാണ് ബന്ധത്തിന്റെ ഏറ്റവും ആഴത്തിലുള്ള രൂപം.

മനുഷ്യർ തമ്മിലുള്ള എല്ലാ ബന്ധങ്ങൾക്കും ഒരേ കാരണം ആയിരിക്കണമെന്നില്ല. സ്വാർത്ഥം, ഭയം, ആവശ്യം, സുരക്ഷ, ആകർഷണം, ശീലം, അവലംബം, സൗഹൃദം, സാമ്യം, വിശ്വാസം, ബഹുമാനം, കൃതജ്ഞത, കടമ, കുടുംബം, അംഗീകാരം, ആശ്വാസം, സ്നേഹം, സേവനം, ത്യാഗം, ആത്മീയത, കർമ്മബന്ധം, ജീവിതപാഠം തുടങ്ങി പല കാരണങ്ങളാണ് ബന്ധങ്ങളെ സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുന്നത്.

• സ്വാർത്ഥം — സ്വന്തം നേട്ടത്തിനായി.
• ഭയം — നഷ്ടപ്പെടുമെന്ന ഭയത്തിൽ.
• ആവശ്യം — ഒരു ആവശ്യത്തിനായി.
• സുരക്ഷ — സംരക്ഷണവും സുരക്ഷിതത്വവും തേടി.

• ആകർഷണം — മനസ്സോ ശരീരമോ ആകർഷിക്കപ്പെട്ട്.
• ശീലം — പരിചയം കൊണ്ട് ബന്ധം തുടരുമ്പോൾ.
• അവലംബം — ഒരാളെ ആശ്രയിച്ച്.
• സൗഹൃദം — കൂട്ടായ്മയും സന്തോഷവും പങ്കിട്ട്.
• സാമ്യം — ചിന്തകളും താൽപര്യങ്ങളും ഒത്തുചേർന്ന്.
• വിശ്വാസം — പരസ്പരം ആശ്രയിക്കാമെന്ന ഉറപ്പിൽ.
• ബഹുമാനം — പരസ്പര ആദരവിൽ.
• കൃതജ്ഞത — ലഭിച്ച സ്നേഹത്തിന്റെയും സഹായത്തിന്റെയും നന്ദിയിൽ.
• കടമ — ഉത്തരവാദിത്തബോധത്തിൽ.
• കുടുംബം — രക്തബന്ധവും വിവാഹബന്ധവും കൊണ്ട്.
• അംഗീകാരം — നമ്മളെ മനസ്സിലാക്കി സ്വീകരിക്കുന്നതിലൂടെ.
• ആശ്വാസം — ഒരാളുടെ സാന്നിധ്യം മനസ്സിന് സമാധാനം നൽകുമ്പോൾ.
• ബന്ധാസക്തി — വിട്ടുപിരിയാൻ കഴിയാത്ത മാനസിക അടുപ്പത്തിൽ.
• സാമൂഹികബന്ധം — സമൂഹം, ജോലി, സംഘടന എന്നിവയിലൂടെ.
• സേവനം — മറ്റൊരാളുടെ നന്മയ്ക്കായി.
• ത്യാഗം — സ്വന്തം താൽപര്യത്തേക്കാൾ മറ്റൊരാളുടെ നന്മ തിരഞ്ഞെടുക്കുമ്പോൾ.
• കർമ്മബന്ധം — ആത്മീയ വിശ്വാസത്തിൽ കർമ്മവുമായി ബന്ധപ്പെടുത്തി കാണുമ്പോൾ.
• ആത്മീയബന്ധം — പരസ്പര ആത്മീയ വളർച്ചയ്ക്കായി.
• ജീവിതപാഠം — ഒരാൾ ജീവിതത്തിൽ ഒരു പാഠമായി എത്തുമ്പോൾ.
• കാറ്റലിസ്റ്റ് — ഒരാളുടെ വരവ് ജീവിതത്തിൽ വലിയൊരു മാറ്റത്തിന് കാരണമാകുമ്പോൾ.
• നിരുപാധിക സ്നേഹം — പ്രതിഫലമോ നിബന്ധനകളോ ഇല്ലാതെ.
• കരുണ — മറ്റൊരാളുടെ വേദന മനസ്സിലാക്കി കൂടെ നിൽക്കുമ്പോൾ.
• സഹാനുഭൂതി — മറ്റൊരാളുടെ വികാരങ്ങൾ മനസ്സിലാക്കുമ്പോൾ.
• പങ്കിട്ട അനുഭവം — ഒരുമിച്ച് കടന്നുപോയ അനുഭവങ്ങൾ ബന്ധിപ്പിക്കുമ്പോൾ.
• ഓർമ്മ — പഴയ ഓർമ്മകൾ ആളുകളെ വീണ്ടും അടുപ്പിക്കുമ്പോൾ.
• പ്രതീക്ഷ — ഭാവിയിൽ എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിൽ.
• അഭിലാഷം — ഒരുമിച്ച് ഒരു ലക്ഷ്യം നേടാനുള്ള ആഗ്രഹത്തിൽ.
• പരസ്പര വളർച്ച — ഒരാൾ മറ്റൊരാളുടെ വളർച്ചയ്ക്ക് സഹായമാകുമ്പോൾ.
• സ്വീകാര്യത — വിധിക്കാതെ ഒരാളെ അവരായിത്തന്നെ സ്വീകരിക്കുമ്പോൾ.
• ആത്മബന്ധം — വാക്കുകൾക്കപ്പുറമുള്ള ആഴത്തിലുള്ള അടുപ്പത്തിൽ.
• പങ്കാളിത്തം — ജീവിതവും ഉത്തരവാദിത്തങ്ങളും ലക്ഷ്യങ്ങളും പങ്കിടുമ്പോൾ.
• വിശ്വസ്തത — സാഹചര്യങ്ങൾ മാറിയാലും കൂടെ നിൽക്കുമ്പോൾ.
• പരസ്പരത — കൊടുക്കലും സ്വീകരിക്കലും സമതുലിതമാകുമ്പോൾ.
• പ്രചോദനം — ഒരാളുടെ സാന്നിധ്യം മറ്റൊരാളിൽ മാറ്റത്തിന് പ്രചോദനമാകുമ്പോൾ.
• ആദർശം — ഒരാളെ മാതൃകയോ ഗുരുവോ ആയി കാണുമ്പോൾ.
• സമർപ്പണം — ബന്ധത്തോടുള്ള ആഴത്തിലുള്ള പ്രതിബദ്ധതയിൽ.
• സ്വാതന്ത്ര്യം — പരസ്പരം നിയന്ത്രിക്കാതെ സ്വതന്ത്രമായി നിലനിൽക്കുമ്പോൾ.

ഇതില് ഏത് ബന്ധം നഷ്ടപ്പെടുമ്പോൾ അല്ലെങ്കിൽ അകലുമ്പോൾ ആണ് ഏറ്റവും വേദന ഉണ്ടാക്കുന്നത്?

സ്വാർത്ഥബന്ധം — സ്വാർത്ഥം തീർന്നാൽ അകലം; നഷ്ടത്തിന്റെ വേദന സാധാരണയായി നേട്ടം നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ടിരിക്കും.

ആവശ്യം / അവലംബം — ആശ്രയം കൂടുതലായതിനാൽ വേർപാട് ബുദ്ധിമുട്ടാകാം.

ശീലം — വ്യക്തിയേക്കാൾ ആ വ്യക്തിയുടെ സാന്നിധ്യം നഷ്ടപ്പെടുന്നതാണ് വേദനിപ്പിക്കുക.

സൗഹൃദം — പങ്കിട്ട ഓർമ്മകളും കൂട്ടായ്മയും നഷ്ടപ്പെടുന്നതിനാൽ വേദന ഉണ്ടാകും.

വിശ്വാസം — വിശ്വാസം തകരുമ്പോൾ വ്യക്തിയെക്കാൾ ആ ബന്ധത്തിലുള്ള സുരക്ഷിതത്വമാണ് നഷ്ടപ്പെടുന്നത്.

ബന്ധാസക്തി (Attachment) — “ഇവരില്ലാതെ എനിക്ക് കഴിയില്ല” എന്ന തോന്നൽ ഉള്ളതിനാൽ വേർപാട് വളരെ ശക്തമായി അനുഭവപ്പെടാം.

കുടുംബബന്ധം — ദീർഘകാല ചരിത്രവും ഉത്തരവാദിത്തങ്ങളും ചേർന്നതിനാൽ വേർപാട് ആഴത്തിൽ ബാധിക്കാം.

കർമ്മബന്ധം / ആത്മീയബന്ധം — ഒരാൾ നമ്മുടെ ജീവിതത്തിൽ പ്രത്യേക കാരണത്താൽ വന്നതാണെന്ന വിശ്വാസമുണ്ടെങ്കിൽ, അകലം കൂടുതൽ അർത്ഥവത്തായും വേദനാജനകമായും തോന്നാം.

ജീവിതപാഠം / Catalyst — ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒരാൾ അകന്നുപോകുമ്പോൾ, ആ വ്യക്തിയോടൊപ്പം നമ്മുടെ ജീവിതത്തിലെ ഒരു അധ്യായവും അവസാനിക്കുന്നതുപോലെ തോന്നാം.

നിരുപാധിക സ്നേഹം — ഒരാളെ സ്വന്തമാക്കാനുള്ള ആഗ്രഹത്തേക്കാൾ അവരുടെ നന്മയെ സ്നേഹിക്കുന്ന ബന്ധമാണെങ്കിൽ പോലും, ആ വ്യക്തിയുടെ അഭാവം ആഴത്തിലുള്ള വേദന നൽകാം.


ചുരുക്കത്തിൽ: 
ഈ വേദനയെ മറികടക്കുക എന്നത് ബന്ധത്തെ മറക്കുക എന്നതല്ല; ആ ബന്ധം നൽകിയ അനുഭവത്തെ അംഗീകരിച്ച്, അതിൽ നിന്ന് സ്വതന്ത്രമായി ജീവിക്കാൻ പഠിക്കുകയാണ്.

അംഗീകരിക്കുക — “ഇത് എന്നെ വേദനിപ്പിക്കുന്നു” എന്ന് സ്വയം സമ്മതിക്കുക.

പിടിച്ചുനിൽപ്പ് കുറയ്ക്കുക — വ്യക്തിയെയും ഓർമ്മയെയും നിയന്ത്രിക്കാനുള്ള ശ്രമം കുറയ്ക്കുക.

പ്രതീക്ഷ വിട്ടുകൊടുക്കുക — അവർ തിരികെ വരണം, മാറണം, മനസ്സിലാക്കണം എന്ന പ്രതീക്ഷയാണ് പലപ്പോഴും വേദന നീട്ടുന്നത്.

ഓർമ്മയെ ശത്രുവാക്കരുത് — ഓർമ്മ വന്നാൽ അടിച്ചമർത്താതെ, അത് ഒരു അനുഭവമായി കാണുക.

സ്വയം കുറ്റപ്പെടുത്തരുത് — എല്ലാ ബന്ധങ്ങളും നിലനിൽക്കണമെന്നില്ല; ചിലത് ജീവിതത്തിലെ ഒരു ഘട്ടം മാത്രമായിരിക്കും.

അർത്ഥം കണ്ടെത്തുക — “ഈ ബന്ധം എന്നെ എന്താണ് പഠിപ്പിച്ചത്?” എന്ന് ചോദിക്കുക.

സ്വന്തം ജീവിതത്തിലേക്ക് മടങ്ങുക — ശരീരം, ജോലി, കുടുംബം, സൗഹൃദം, പഠനം, ആത്മീയത എന്നിവയ്ക്ക് വീണ്ടും സ്ഥാനം നൽകുക.

ക്ഷമിക്കുക — മറ്റൊരാളെയും, ആവശ്യമെങ്കിൽ സ്വയം തന്നെയും. ക്ഷമിക്കുന്നത് സംഭവത്തെ ശരിയാണെന്ന് അംഗീകരിക്കലല്ല; അതിന്റെ ഭാരത്തിൽ നിന്ന് സ്വയം മോചിതനാകലാണ്.

സ്വീകാര്യത — ചിലർ നമ്മുടെ ജീവിതത്തിൽ എന്നേക്കുമായി തുടരാനല്ല, നമ്മളെ മാറ്റാനാണ് വരുന്നത് എന്ന സത്യവും അംഗീകരിക്കാം.

സ്നേഹത്തെ ഉടമസ്ഥതയിൽ നിന്ന് വേർതിരിക്കുക — 
അവസാനം, ബന്ധം അവസാനിക്കാം; പക്ഷേ അതിലൂടെ നമ്മിൽ ഉണർന്ന സ്നേഹവും പഠിച്ച പാഠവും വളർച്ചയും അവസാനിക്കേണ്ടതില്ല.
വിട്ടുകൊടുക്കുന്നത് ഒരാളെ നഷ്ടപ്പെടുത്തുന്നതല്ല — അവരെ സ്വന്തമാക്കണമെന്ന ആവശ്യം വിട്ടുകൊടുക്കുന്നതാണ്.

ജൗൻസാരി സംസ്കാരം

രാവിലെ ഒരു കൂട്ടുകാരൻ ജൗൻസാർ പ്രദേശത്തുനിന്ന് അയച്ചുതന്ന വീഡിയോ ആണ് ആദ്യം കണ്ടത്. അങ്ങനെ ജൗൻസാറിനെക്കുറിച്ച് എഴുതാം എന്ന് കരുതി.

ജൗൻസാറിലെ മറ്റൊരു ശ്രദ്ധേയമായ പാരമ്പര്യമാണ് bride price. നമ്മൾ സാധാരണ കേൾക്കുന്ന dowry/സ്ത്രീധനം എന്ന സംവിധാനത്തിൽ വധുവിന്റെ കുടുംബമാണ് വരന്റെ കുടുംബത്തിന് പണം അല്ലെങ്കിൽ സ്വത്ത് നൽകുന്നത്. എന്നാൽ bride price എന്ന രീതിയിൽ വരന്റെ കുടുംബമാണ് വധുവിന്റെ കുടുംബത്തിന് സാമ്പത്തിക പ്രതിഫലം നൽകുന്നത്.

ജൗൻസാർ–ബാവർ anthropology-യിൽ ഏറ്റവും കൂടുതൽ പഠിക്കപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് fraternal polyandry. അതിന്റെ അർത്ഥം, ഒരേ കുടുംബത്തിലെ രണ്ട് അല്ലെങ്കിൽ അതിലധികം സഹോദരന്മാർ ഒരേ സ്ത്രീയെ ഭാര്യയായി സ്വീകരിക്കുന്ന വിവാഹരീതി എന്നാണ്. ആ സാമൂഹികരീതിയിൽ സാധാരണയായി മൂത്ത സഹോദരനാണ് വിവാഹം കഴിക്കുന്നത്. തുടർന്ന് ആ സ്ത്രീ മറ്റ് സഹോദരന്മാരുടെയും ഭാര്യയായി കണക്കാക്കപ്പെടുന്നു.

എന്തുകൊണ്ടാണ് ഇത്തരമൊരു രീതി ഉണ്ടായത്? മലയോരപ്രദേശങ്ങളിൽ കൃഷിയോഗ്യമായ ഭൂമി പരിമിതമാണ്. കുടുംബസ്വത്ത് സഹോദരന്മാർക്കിടയിൽ പല ഭാഗങ്ങളായി വിഭജിച്ചാൽ ഓരോരുത്തരുടെയും ഭൂമിയും സാമ്പത്തിക ശേഷിയും കുറയാം

അതിനാൽ കുടുംബഭൂമി, വീട്, കന്നുകാലികൾ, തൊഴിൽശക്തി തുടങ്ങിയവ ഒരുമിച്ച് നിലനിർത്തുന്നത് ഒരു പ്രധാന സാമ്പത്തിക ഘടകമായിരുന്നുവെന്ന് anthropological studies വിശദീകരിക്കുന്നു. 

ഇത് കേൾക്കുമ്പോൾ നമ്മുടെ നാട്ടിലെ ചില പഴയ കുടുംബസംവിധാനങ്ങളും ഓർമ്മ വരും. കേരളത്തിലെ മരുമക്കത്തായം, ചില പ്രദേശങ്ങളിലെ തറവാട് സമ്പ്രദായങ്ങൾ തുടങ്ങിയവയിലും കുടുംബസ്വത്ത് തലമുറകളിലേക്ക് എങ്ങനെ നിലനിർത്താം എന്നത് പ്രധാനമായിരുന്നു.

ഒരേ സമൂഹത്തിനുള്ളിൽ monogamy, polygyny, polyandry, polygynandry തുടങ്ങിയ വ്യത്യസ്ത കുടുംബരൂപങ്ങൾ  കാണപ്പെട്ടിരുന്നു.

അതിനാൽ വിവിധ സമൂഹങ്ങൾ അവരുടെ ഭൂമിശാസ്ത്രവും സാമ്പത്തിക സാഹചര്യങ്ങളും അനുസരിച്ച് കുടുംബസ്വത്ത് സംരക്ഷിക്കാൻ വ്യത്യസ്ത സാമൂഹികരീതികൾ വികസിപ്പിച്ചെടുത്തതായി കാണാം.

പഴയ Jaunsari സാമൂഹിക സംവിധാനത്തിൽ വിവാഹമോചനവും പുനർവിവാഹവും മറ്റു ചില പരമ്പരാഗത സമൂഹങ്ങളെ അപേക്ഷിച്ച് കൂടുതൽ അംഗീകരിക്കപ്പെട്ടിരുന്നു.

ചില ethnographic രേഖകളിൽ, വിവാഹം അവസാനിപ്പിക്കുമ്പോൾ bride-price തിരികെ നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നുവെന്നും, ഒരു സ്ത്രീ മറ്റൊരാളെ വിവാഹം കഴിക്കുന്ന സാഹചര്യത്തിൽ പുതിയ പുരുഷൻ മുൻ കുടുംബവുമായി സാമ്പത്തിക settlement നടത്തേണ്ടി വന്നിരുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

സഹോദരന്മാർ ഒരേ ഭാര്യയെ പങ്കിടുന്ന fraternal polyandry ജൗൻസാർ–ബാവറിൽ മാത്രം ഉണ്ടായിരുന്നില്ല.
ഹിമാലയത്തിലെ മറ്റു ചില സമൂഹങ്ങളിലും ഇത് ethnographic studies രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണമായി:

- ജൗൻസാർ–ബാവർ — ഉത്തരാഖണ്ഡ്
- റാവൈ — ഉത്തരാഖണ്ഡ്
- കിന്നൗർ — ഹിമാചൽ പ്രദേശ്
- ലാഹൗൾ–സ്പിതി — ഹിമാചൽ പ്രദേശ്
- ടിബറ്റിലെ ചില ഹിമാലയൻ സമൂഹങ്ങൾ
- നേപ്പാളിലെ ചില ഹിമാലയൻ സമൂഹങ്ങൾ
പിന്നെ വെസ്റ്റേൺ യുപിയിലെ മീററ്റ് ഭാഗങ്ങളിലും....

ഇതൊക്കെ പറഞ്ഞുവന്നപ്പോൾ, വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ഒരു വ്യക്തിപരമായ അനുഭവവും ഓർമ്മ വരുന്നു.

1998-ൽ ഡൽഹിയിൽ എന്റെ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഏകദേശം 45 വയസ്സുള്ള ഒരു തൊഴിലാളി ഗ്രാമത്തിൽ പോയി തിരിച്ചുവന്നപ്പോൾ കൂടെ 17–18 വയസ്സുള്ള ഒരു പെൺകുട്ടിയുമുണ്ടായിരുന്നു.

കാര്യം അന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, പെൺകുട്ടിയുടെ കുടുംബത്തിന് ₹50,000 നൽകി ഒരു വർഷത്തേക്ക് ഒരു കരാർ പ്രകാരം തന്റെ കാര്യങ്ങൾ നോക്കാൻ കൊണ്ടുവന്നതാണെന്നാണ്.

ജൗൻസാറിലും ഇത്തരത്തിലുള്ള സാമ്പത്തിക ഇടപാടുകളിലൂടെ പെൺകുട്ടികളെ കൊണ്ടുവരുന്ന രീതികൾ ഉണ്ടായിരുന്നതായി കൂട്ടുകാരൻ പറഞ്ഞിരുന്നു.

ഇത്തരം സംഭവങ്ങളെ ഒരു മുഴുവൻ സമൂഹത്തിന്റെ സംസ്കാരമായി കാണാൻ കഴിയില്ല. പക്ഷേ ദാരിദ്ര്യവും സാമ്പത്തിക അസമത്വവും മനുഷ്യബന്ധങ്ങളെ എത്രത്തോളം വികലമാക്കാൻ കഴിയും എന്നതിന്റെ വേദനാജനകമായ ഉദാഹരണങ്ങളായി ഇത്തരം അനുഭവങ്ങളെ കാണാം.

വിഷമം തോന്നുന്ന ഒരു ഓർമ്മയായതിനാൽ അതിലേക്ക് കൂടുതൽ പോകുന്നില്ല.

ദെഹ്റാദൂൺ ജില്ലയിലെ ചക്രത, കൽസി, ത്യൂണി, ജൗൻസാർ–ബാവർ മേഖലകളിലൂടെ യാത്ര ചെയ്യുമ്പോൾ ഉത്തരാഖണ്ഡിന്റെ മറ്റൊരു മുഖമാണ് കാണാൻ കഴിയുന്നത്. ഗഢ്‌വാളി സംസ്കാരത്തിൽ നിന്ന് ചില വ്യത്യാസങ്ങളുള്ളതും ഹിമാചൽ പ്രദേശിലെ വെസ്റ്റേൺ പഹാരി മേഖലകളുമായി ഭാഷയിലും സംസ്കാരത്തിലും അടുത്ത ബന്ധമുള്ളതുമായ പ്രത്യേക മലനാട് സംസ്കാരമാണ് ജൗൻസാരി സംസ്കാരം.

ജൗൻസാർ–ബാവർ, റാവൈ–ജൗൻപൂർ മേഖലകൾ തനതായ സംസ്കാരം, വിശ്വാസങ്ങൾ, പാരമ്പര്യങ്ങൾ, പ്രകൃതിസൗന്ദര്യം, വാസ്തുവിദ്യ എന്നിവയ്ക്ക് പ്രസിദ്ധമാണ്. രൂപിൻ–സുപിൻ, ടോൺസ്, യമുന, പബ്ബർ തുടങ്ങിയ നദീതാഴ്വരകളുമായി ബന്ധപ്പെട്ട ഈ പ്രദേശം ഖാസ് സമൂഹത്തിന്റെ ചരിത്രപരമായ ആവാസമേഖലയാണ്.

ഞാൻ ഹിമാചൽ പ്രദേശിലും, ഉത്തരാഖണ്ഡിലും ആണ് സ്ലേറ്റ് കൊണ്ട് ഉണ്ടാക്കിയ വീടുകൾ കണ്ടിരിക്കുന്നത്. ഫോട്ടോ കൊടുത്തിട്ടുണ്ട്.

ചരിത്രത്തിൽ സിർമൗർ, ജുബ്ബൽ തുടങ്ങിയ മലനാട് ഭരണകൂടങ്ങളുമായും കൽസിയുമായും ഈ പ്രദേശത്തിന് ബന്ധമുണ്ട്. ജൗൻസാർ–ബാവർ മേഖലയിൽ പാണ്ഡവരുടെ വനവാസവുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന നിരവധി സ്ഥലങ്ങളും ഗുഹകളും ഉണ്ട്.

ലാഖാമണ്ഡൽ ആണ് അതിൽ ഏറ്റവും പ്രസിദ്ധമായത്. മഹാഭാരതത്തിലെ ലാക്ഷാഗൃഹം — House of Wax ജൗൻസാറിലെ ലാഖാമണ്ഡലുമായി ബന്ധപ്പെടുത്തി പ്രാദേശികമായി പറയപ്പെടുന്നു.

ഞാൻ ഹസ്തിനാപുരം സന്ദർശിച്ചപ്പോൾ എഴുതിയ ഒരു ബ്ലോഗിൽ ഇതിനെക്കുറിച്ച് എഴുതിയിരുന്നു. അതിൽ -

ഡൽഹിയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള മീററ്റിനും അതിന്റെ ചുറ്റുപാടുകൾക്കും മഹാഭാരതവുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളുണ്ട്. പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥമായി കരുതപ്പെടുന്ന ഡൽഹി, കൗരവ–പാണ്ഡവ യുദ്ധവുമായി ബന്ധപ്പെട്ട കുരുക്ഷേത്രം, പാണ്ഡവരെ ചുട്ടുകൊല്ലാൻ കൗരവർ നിർമ്മിച്ച ലാക്ഷാഗൃഹം സ്ഥിതി ചെയ്തിരുന്ന വാരണാവതം — ഇന്നത്തെ ബർണാവ/ബാഗ്പത് മേഖല എന്നിവയെല്ലാം ഈ മഹാഭാരത....

ജൗൻസാരി ജീവിതത്തിൽ മഹാസു ദേവതാ ആരാധന, പ്രാദേശിക ദേവതാ പരമ്പര, മലനാട് കൃഷി, കൂട്ടായ ഗ്രാമജീവിതം, നാടൻ പാട്ടും നൃത്തവും, പ്രത്യേക വസ്ത്രധാരണം, കല്ലും ദേവദാരു മരവും ഉപയോഗിച്ചുള്ള വീടുകൾ എന്നിവയ്ക്ക് പ്രധാന സ്ഥാനമുണ്ട്.

ദേവഭൂമി ഉത്തരാഖണ്ഡിനെ ഗഢ്‌വാൾ, കുമയൂൺ എന്നിങ്ങനെ രണ്ട് വലിയ സാംസ്കാരിക മേഖലകളായി മാത്രം കാണാൻ കഴിയില്ല.

ഗഢ്‌വാൾ, കുമയൂൺ, ജൗൻസാർ–ബാവർ, റാവൈൻ, ദൂൺ താഴ്വര, ടോൺസ് താഴ്വര, കാളി കുമയൂൺ, സോർ–പിത്തോരാഗഢ് മേഖല, തറായ്–ഭാബർ, ഭോട്ടിയ–അതിർത്തി ഹിമാലയ മേഖല തുടങ്ങി നിരവധി പ്രാദേശിക സാംസ്കാരിക മേഖലകൾ ഇവിടെ കാണാം.

ദൂൺ എന്നത് രണ്ട് മലനിരകൾക്കിടയിലുള്ള നീളമുള്ള താഴ്വരയെ സൂചിപ്പിക്കുന്ന ഭൂമിശാസ്ത്ര പദമാണ്. ശിവാലിക് മലനിരകൾക്കും ഹിമാലയത്തിന്റെ താഴ്ന്ന മലനിരകൾക്കും ഇടയിലുള്ള ദൂൺ താഴ്വരയിലാണ് ദെഹ്റാദൂൺ സ്ഥിതി ചെയ്യുന്നത്.

ദ്രോണൻ → ദ്രോണപുരി → ഡെറാഡൂൺ എന്ന പേരിന്റെ ചരിത്രത്തെക്കുറിച്ച് ഞാൻ മറ്റൊരു ബ്ലോഗിൽ എഴുതിയിട്ടുണ്ട്.

ഒറ്റ സംസ്ഥാനത്തിനുള്ളിൽ തന്നെ ഇത്രയും വ്യത്യസ്തമായ ഭാഷകളും വിശ്വാസങ്ങളും കുടുംബരീതികളും ദേവതാ പാരമ്പര്യങ്ങളും വാസ്തുവിദ്യയും ജീവിതരീതികളും നിലനിൽക്കുന്നു എന്നതാണ് ദേവഭൂമി ഉത്തരാഖണ്ഡിന്റെ യഥാർത്ഥ സാംസ്കാരിക സമ്പത്ത്.

Friday, 25 September 2026

ശിവപാർവതിയും ഗണേഷും

പുരാണകഥയിൽ പുരാണകഥയിൽ പാർവ്വതി തന്റെ ശരീരത്തിൽ നിന്നുള്ള ചെളി ഉപയോഗിച്ച് ഗണപതിയെ സൃഷ്ടിച്ച് തന്റെ വാതിൽ കാക്കാൻ നിയോഗിക്കുന്നു എന്ന ഭാഗത്തിന് യോഗപരമായി എന്താണ് അർത്ഥം എന്നുള്ളത് എഴുതാൻ ആണ് ഇരുന്നതെങ്കിലും എഴുതി വന്നപ്പോൾ ആ ഭാഗം വിട്ട് പോയി.

എല്ലാ പുരാണകഥകളും വെറും ചരിത്രമോ അത്ഭുതകഥകളോ ആയി മാത്രം വായിക്കേണ്ടതില്ല. അവയിൽ മനുഷ്യശരീരത്തിലും മനസ്സിലും നടക്കുന്ന ആത്മീയ പ്രക്രിയകളെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന പല തലങ്ങളുമുണ്ട്. പാർവ്വതി ഇവിടെ വെറും ഒരു പുരാണ കഥാപാത്രമല്ല; ശക്തിയുടെയും കുണ്ഡലിനി ശക്തിയുടെയും പ്രതീകമാണ്.

ഇവിടെയാണ് ഗണപതിയുടെ പ്രാധാന്യം.
ഗണപതി മൂലാധാരത്തിന്റെ അധിപൻ — കുണ്ഡലിനി ശക്തിയുടെ യാത്രയുടെ ആദ്യ കവാടത്തിന്റെ കാവൽക്കാരൻ. പാർവ്വതി കുളിക്കുമ്പോൾ ഗണപതിയെ വെളിയിൽ കാവൽ നിർത്തി എന്ന് പറയുന്ന ഭാഗം ഓർക്കുക. 

പാർവ്വതി കുളിക്കാൻ പോകുമ്പോൾ ഗണപതിയെ വാതിൽക്കൽ കാവൽ നിർത്തുന്നു. ഈ ചെറിയ രംഗത്തിനുള്ളിൽ തന്നെ വലിയൊരു യോഗപ്രതീകം ഒളിഞ്ഞിരിക്കുന്നു.
ശക്തി തന്നെയാണ് തന്റെ ആദ്യ കവാടത്തിന്റെ കാവൽക്കാരനെ സൃഷ്ടിക്കുന്നത്.

യോഗപരമായ ഒരു പ്രതീകവായനയിൽ, ഇവിടെ “മലിനത” എന്നത് വെറും അഴുക്കിനെ സൂചിപ്പിക്കുന്നതല്ല. അത് ഭൗതിക ശരീരത്തോടും പ്രകൃതിയോടും ബന്ധപ്പെട്ട അടിസ്ഥാനതലത്തെ സൂചിപ്പിക്കുന്നതായി കാണാം. അതായത്, ഏറ്റവും താഴ്ന്നതായി തോന്നുന്ന ഭൗതികതലത്തിൽ നിന്നുതന്നെയാണ് ആത്മീയയാത്രയുടെ ആദ്യ കാവൽക്കാരൻ ഉദിക്കുന്നത്.
അതുകൊണ്ടുതന്നെ ഗണപതിയെ മൂലാധാര ചക്രത്തിന്റെ അധിപനായി യോഗ-താന്ത്രിക പാരമ്പര്യങ്ങളിൽ കാണുന്നു.

മൂലാധാരമാണ് കുണ്ഡലിനി ശക്തിയുടെ ആധാരമായി യോഗപരമ്പരയിൽ പ്രതിപാദിക്കപ്പെടുന്നത്. അവിടെ നിന്നാണ് ശക്തിയുടെ ഉയർച്ച ആരംഭിക്കുന്നത്. ആ ആദ്യ കവാടത്തിന്റെ അധിപനായി ഗണപതി പ്രത്യക്ഷപ്പെടുന്നു. സഹസ്രാരത്തിൽ ശിവചൈതന്യവുമായി ശക്തിയുടെ ഏകത്വമാണ് പ്രതീകം.

ഈ ശക്തി മൂലാധാരത്തിൽ നിദ്രാവസ്ഥയിൽ സ്ഥിതിചെയ്യുന്നതായി യോഗ-താന്ത്രിക പാരമ്പര്യങ്ങൾ വിവരിക്കുന്നു. ആത്മീയസാധനയിലൂടെ ഈ ശക്തി ഉണർന്ന് നട്ടെല്ലിന്റെ സൂക്ഷ്മപഥത്തിലൂടെ മുകളിലേക്ക് ഉയർന്ന് വിവിധ ചക്രങ്ങളെ അതിജീവിച്ച് സഹസ്രാരത്തിലെത്തുന്നു.

മൂലാധാരത്തിൽ നിന്ന് സഹസ്രാരത്തിലേക്കുള്ള യാത്ര ഒരു ഭൗതിക യാത്രയല്ല. അത് ചൈതന്യത്തിന്റെ ക്രമാനുഗതമായ ഉണർവിന്റെ പ്രതീകാത്മക യാത്രയാണ്.
ആത്മീയയാത്ര ആരംഭിക്കുന്നതിന് മുമ്പ് മനുഷ്യൻ തന്റെ അടിസ്ഥാനതലത്തിൽ ഉറച്ചുനിൽക്കണം.

അതിനാൽ ഗണപതിയെ ആദ്യം വണങ്ങുന്നത് ഒരു ആചാരം മാത്രമായി കാണേണ്ടതില്ല. ആത്മീയയാത്ര തുടങ്ങുന്നതിന് മുമ്പ് സ്വന്തം ഉള്ളിലെ വിഘ്നങ്ങളെ തിരിച്ചറിയുക, അടിസ്ഥാനത്തിൽ ഉറച്ചുനിൽക്കുക, പിന്നെ ശക്തിയെ ഉയരങ്ങളിലേക്ക് നയിക്കുക എന്നൊരു ആന്തരിക സന്ദേശമായും അതിനെ വായിക്കാം.

ഭയം, അസ്ഥിരത, ആസക്തി, അജ്ഞാനം, വിവേചനമില്ലായ്മ തുടങ്ങിയ ആന്തരിക വിഘ്നങ്ങളെ മറികടക്കേണ്ടതുണ്ട്.
ഈ ആദ്യ പരീക്ഷയുടെ പ്രതീകമാണ് ഗണപതി. അതുകൊണ്ടാണ് ഗണപതിയെ വിഘ്നേശ്വരൻ എന്ന് വിളിക്കുന്നത്. അദ്ദേഹം വെറും പുറമേയുള്ള തടസ്സങ്ങൾ നീക്കുന്ന ദേവതയായി മാത്രം കാണപ്പെടേണ്ടതില്ല; ആത്മീയമാർഗ്ഗത്തിലെ ആന്തരിക വിഘ്നങ്ങളെ തിരിച്ചറിയാനും അതിജീവിക്കാനുമുള്ള ശക്തിയുടെ പ്രതീകമായും ഗണപതിയെ കാണാം.

പിന്നെ ആരംഭിക്കുന്നത് പാർവ്വതിയുടെ ഉയർച്ച. ഗണപതിയുടെ കവാടം കടന്നശേഷം കുണ്ഡലിനി ശക്തിയുടെ യാത്ര മുകളിലേക്ക് തുടരുന്നു.
മൂലാധാരം → സ്വാധിഷ്ഠാനം → മണിപൂരകം → അനാഹതം → വിശുദ്ധി → ആജ്ഞ → സഹസ്രാരം

ഇത് ശരീരത്തിനുള്ളിലൂടെ ഒരു ഭൗതിക വസ്തു സഞ്ചരിക്കുന്നതുപോലെ മനസ്സിലാക്കേണ്ടതില്ല. യോഗപരമ്പരയിൽ ഇത് ചൈതന്യത്തിന്റെ ക്രമാനുഗതമായ ഉണർവിന്റെ പ്രതീകം കൂടിയാണ്.
താഴ്ന്ന തലങ്ങളിലെ ഭയം, ആസക്തി, അസ്ഥിരത എന്നിവയെ അതിജീവിച്ച് ശക്തി ഉയരുന്നു.

അനാഹതത്തിൽ സ്നേഹവും കരുണയും ആഴപ്പെടുന്നു.

വിശുദ്ധിയിൽ ശുദ്ധമായ പ്രകടനവും സത്യബോധവും പ്രത്യക്ഷപ്പെടുന്നു.

ആജ്ഞയിൽ വിവേകവും ഏകാഗ്രതയും ആന്തരിക ദർശനവും ശക്തമാകുന്നു.

അവസാനം ശക്തി സഹസ്രാരത്തിലെത്തുന്നു.
സഹസ്രാരത്തിൽ ശിവനും ശക്തിയും
യോഗപരമായ പ്രതീകത്തിൽ ശിവൻ ശുദ്ധചൈതന്യത്തെയും പാർവ്വതി ശക്തിയെയും പ്രതിനിധീകരിക്കുന്നു.

ശിവൻ നിശ്ചലമായ ചൈതന്യമാണെങ്കിൽ, ശക്തി അതിന്റെ ചലനാത്മക പ്രകടനമാണ്.
സഹസ്രാരം ശിവചൈതന്യത്തിന്റെ പ്രതീകാത്മക സ്ഥാനമായി കാണുമ്പോൾ, മൂലാധാരത്തിൽ നിന്ന് ഉയർന്ന കുണ്ഡലിനി ശക്തി സഹസ്രാരത്തിലെത്തുന്നത് ശക്തിയും ചൈതന്യവും തമ്മിലുള്ള ഏകത്വത്തിന്റെ പ്രതീകമായി വ്യാഖ്യാനിക്കാം.

അത് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള സാധാരണ സംഗമമല്ല.
ശക്തിയും ചൈതന്യവും, പ്രകൃതിയും പുരുഷനും, ചലനവും നിശ്ചലതയും — രണ്ടായി അനുഭവപ്പെട്ടിരുന്നതിന്റെ ഏകത്വബോധമാണ് അതിന്റെ ആന്തരിക അർത്ഥം. ഇതാണ് കുണ്ഡലിനി യോഗത്തിന്റെ ഏറ്റവും ഉയർന്ന പ്രതീകാത്മക സന്ദേശങ്ങളിൽ ഒന്ന്.

ഒരു യോഗിയുടെ കാഴ്ചയിൽ ഈ പുരാണകഥ അങ്ങനെ നോക്കുമ്പോൾ, ഗണപതിയുടെ കഥ ഒരു മനോഹരമായ ആത്മീയ ഭൂപടമായി മാറുന്നു:
പാർവ്വതി — ശക്തി
↓
മൂലാധാരം — ശക്തിയുടെ ആധാരം
↓
ഗണപതി — ആദ്യ കവാടത്തിന്റെ കാവൽക്കാരൻ
↓
ചക്രങ്ങളിലൂടെയുള്ള കുണ്ഡലിനിയുടെ ഉയർച്ച
↓
സഹസ്രാരം — ശിവചൈതന്യത്തിന്റെ പ്രതീകാത്മക സ്ഥാനം
↓
ശിവ-ശക്തി ഏകത്വം — പരമമായ ആത്മീയ ഉണർവ്

ആത്മീയയാത്ര തുടങ്ങുന്നതിന് മുമ്പ് സ്വന്തം ഉള്ളിലെ വിഘ്നങ്ങളെ തിരിച്ചറിയുക; മൂലാധാരത്തിൽ ഉറച്ചുനിൽക്കുക; പിന്നെ ശക്തിയെ ഉയരങ്ങളിലേക്ക് നയിക്കുക.
ഗണപതി ആ യാത്രയുടെ ആദ്യ കവാടം ആണെങ്കിൽ, പാർവ്വതി ആ യാത്രയിലെ ഉയരുന്ന ശക്തിയാണ്.
അവസാനം, ശക്തി ശിവനിൽ ലയിക്കുമ്പോൾ യാത്ര പൂർത്തിയാകുന്നു.
താഴെ ഗണപതി കാത്തുനിൽക്കുന്നു.
മുകളിൽ ശിവൻ കാത്തിരിക്കുന്നു.
ഇടയിലൂടെ യാത്ര ചെയ്യുന്നത് പാർവ്വതി — കുണ്ഡലിനി ശക്തി.

Thursday, 24 September 2026

ഗണപതി

ഇന്ന് അനന്ത ചതുര്ദശി — ഈ വർഷത്തെ ഗണേശ ചതുര്‍ഥി ആഘോഷങ്ങളുടെ സമാപനദിനം.

ഗണപതിയുടെ ജനനത്തെക്കുറിച്ചുള്ള പുരാണകഥയിൽ, പാർവ്വതീദേവി തന്റെ ശരീരത്തിലെ മാലിന്യം ഉപയോഗിച്ച് ഗണപതിയെ സൃഷ്ടിച്ചുവെന്നാണ് പറയുന്നത്. സാധാരണക്കാർക്ക് വേഗത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ പറഞ്ഞ ഒരു പുരാണകഥയായി ഇതിനെ കാണാം. എന്നാൽ ആത്മീയമായും യോഗപരമായും നോക്കുമ്പോൾ ഈ കഥയ്ക്ക് മറ്റൊരു ആഴത്തിലുള്ള പ്രതീകാത്മക വ്യാഖ്യാനം നൽകാം.

ഉയരങ്ങളിലേക്ക് എത്തുന്നതിന് മുമ്പ് താഴെ ഉറച്ചുനിൽക്കാൻ പഠിക്കണം. ഒരു വൃക്ഷം ഉയരങ്ങളിലേക്ക് വളരണമെങ്കിൽ അതിന്റെ വേരുകൾ ഭൂമിയിൽ ആഴത്തിൽ ഉറച്ചിരിക്കണം. അതുപോലെ, ആത്മീയമായ ഉയർച്ച നേടുന്നതിന് മുമ്പ് മനുഷ്യന് ശക്തമായ ഒരു അടിത്തറ ആവശ്യമാണ്. ബുദ്ധിയും വിവേകവും ആത്മബലവും നിറഞ്ഞ ആ അടിസ്ഥാനത്തിന്റെ പ്രതീകമായി ഗണപതിയെ കാണാം.

യോഗ-താന്ത്രിക പാരമ്പര്യങ്ങളിൽ മൂലാധാര ചക്രം നട്ടെല്ലിന്റെ അടിഭാഗത്തുള്ള അടിസ്ഥാന ചക്രമായി കണക്കാക്കപ്പെടുന്നു. സ്ഥിരത, സുരക്ഷ, ശരീരബോധം, ഭൂമിയോടുള്ള ബന്ധം തുടങ്ങിയ അടിസ്ഥാന അനുഭവങ്ങളുമായി അതിനെ ബന്ധപ്പെടുത്തുന്നു.

ഗണപതിയെ മൂലാധാരത്തിന്റെ അധിപനായി കാണുന്ന യോഗപരമായ വ്യാഖ്യാനത്തിൽ, അദ്ദേഹം ആത്മീയയാത്രയുടെ ആദ്യ കവാടത്തിന്റെ കാവൽക്കാരനാണ്.

നമ്മുടെ ഉള്ളിലെ ഭയം, അസ്ഥിരത, ആസക്തി, അജ്ഞാനം, അഹങ്കാരം, വിവേചനമില്ലായ്മ തുടങ്ങിയവ ആത്മീയ വളർച്ചയ്ക്ക് തടസ്സങ്ങളാകാം. അതുകൊണ്ടാണ് ഗണപതിയെ വിഘ്നേശ്വരൻ, വിഘ്നവിനായകൻ എന്നിങ്ങനെ വിളിക്കുന്നത്.

ഇവിടെ “വിഘ്നം” എന്നത് പുറത്തുനിന്നുള്ള തടസ്സങ്ങൾ മാത്രമല്ല; നമ്മുടെ ഉള്ളിൽ തന്നെയുള്ള തടസ്സങ്ങളും കൂടിയാണ്.

അതുകൊണ്ടുതന്നെ ഒരു പൂജയോ ശുഭകാര്യങ്ങളോ ആരംഭിക്കുമ്പോൾ ആദ്യം ഗണപതിയെ സ്മരിക്കുന്നതിനെ ഒരു ആന്തരിക സങ്കൽപ്പമായി കാണാം:

“എന്റെ ഉള്ളിലെ തടസ്സങ്ങളെ തിരിച്ചറിയാനും അവയെ അതിജീവിക്കാനും എനിക്ക് ബുദ്ധിയും വിവേകവും ശക്തിയും ലഭിക്കട്ടെ.”

യോഗപരമ്പരയിൽ കുണ്ഡലിനി ശക്തിയെ മൂലാധാരത്തിൽ നിദ്രാവസ്ഥയിൽ നിലകൊള്ളുന്ന പാർവതി എന്ന സൂക്ഷ്മശക്തിയായി വിവരിക്കുന്നു. യോഗസാധനയിലൂടെ ഈ ശക്തി ഉണർന്ന് വിവിധ ചക്രങ്ങളിലൂടെ ഉയർന്ന് സഹസ്രാരത്തിലെ ശിവതത്ത്വവുമായി ഏകത്വം പ്രാപിക്കുന്നതാണ് കുണ്ഡലിനി യോഗത്തിന്റെ പ്രധാന പ്രതീകം.

ഇവിടെ പാർവ്വതി ശക്തിയെയും, ശിവൻ ചൈതന്യത്തെയും പ്രതിനിധീകരിക്കുന്നതായി വ്യാഖ്യാനിക്കാം.

ശക്തിയും ശിവചൈതന്യവും തമ്മിലുള്ള ഈ ഏകത്വം യോഗപരമ്പരയിൽ അത്യുന്നതമായ ആത്മീയാനുഭവത്തിന്റെ പ്രതീകമാണ്.

അതിനെ വെറും ഒരു ശാരീരിക സംഭവമായി കാണുന്നതിന് പകരം, വ്യക്തിചൈതന്യം അതിന്റെ പരമമായ ഉറവിടവുമായി ഏകത്വം തിരിച്ചറിയുന്ന ആത്മീയയാത്രയായി മനസ്സിലാക്കുന്നതാണ് കൂടുതൽ യോജിച്ചത്.

ഇതിലും ഉയർന്ന ആത്മീയാവസ്ഥയെക്കുറിച്ച് വിവിധ യോഗ-വേദാന്ത പാരമ്പര്യങ്ങൾ വ്യത്യസ്ത രീതികളിൽ സംസാരിക്കുന്നു. കൈവല്യം (Kaivalya) എന്നത് പ്രത്യേകിച്ച് യോഗദർശനത്തിൽ പുരുഷൻ പ്രകൃതിയിൽ നിന്ന് പൂർണ്ണമായി വേർതിരിഞ്ഞ് സ്വരൂപത്തിൽ നിലകൊള്ളുന്ന പരമമോക്ഷാവസ്ഥയെ സൂചിപ്പിക്കുന്ന പദമാണ്.

ഗണപതിയുടെ ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന സന്ദേശങ്ങൾ

ഗണപതിയുടെ രൂപത്തിലെ ഓരോ സവിശേഷതയ്ക്കും ആത്മീയമായ പ്രതീകാത്മക വ്യാഖ്യാനം നൽകാം.

വലിയ ചെവികൾ → ശ്രവണശക്തി

ആദ്യം കേൾക്കുക.

ഗുരുവിൽ നിന്നും ശാസ്ത്രങ്ങളിൽ നിന്നും ജീവിതാനുഭവങ്ങളിൽ നിന്നും ലഭിക്കുന്ന അറിവ് ശ്രദ്ധയോടെ സ്വീകരിക്കണം. ജ്ഞാനത്തിന്റെ ആദ്യപടി ശ്രവണമാണ്.

വലിയ തല → ബുദ്ധിയും വിവേകവും

കേട്ടതെല്ലാം അന്ധമായി സ്വീകരിക്കുകയല്ല ജ്ഞാനം. കേട്ടറിഞ്ഞ കാര്യങ്ങളെ ബുദ്ധിയുടെയും വിവേകത്തിന്റെയും അളവുകോലിൽ വെച്ച് പരിശോധിക്കണം.

ചെറിയ കണ്ണുകൾ → ഏകാഗ്രത

ചിതറിപ്പോകുന്ന മനസ്സിനെ ഒരു ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിക്കുക. ആത്മീയസാധനയിലും ജീവിതത്തിലും ഏകാഗ്രതയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

വലിയ വയർ → ഉൾക്കൊള്ളാനുള്ള ശേഷി

ജീവിതത്തിൽ സുഖവും ദുഃഖവും, വിജയവും പരാജയവും, പ്രശംസയും അപമാനവും എല്ലാം വരും.

അവയെ അടിച്ചമർത്താതെ, അവയിൽ നിന്ന് പഠിച്ച് ജീവിതാനുഭവങ്ങളെ “ദഹിപ്പിച്ച്” മുന്നോട്ട് പോകാനുള്ള കഴിവാണ് വലിയ വയറിന്റെ പ്രതീകാത്മക സന്ദേശമായി കാണാവുന്നത്.

ഒറ്റക്കൊമ്പ് → ഏകത്വവും ത്യാഗവും

ദ്വന്ദ്വങ്ങളെ അതിജീവിച്ച് സത്യത്തിലേക്ക് മനസ്സിനെ കേന്ദ്രീകരിക്കുക. അതോടൊപ്പം, വലിയൊരു ലക്ഷ്യത്തിനുവേണ്ടി ചിലത് ഉപേക്ഷിക്കാനുള്ള ത്യാഗബോധത്തെയും ഒറ്റക്കൊമ്പ് പ്രതിനിധീകരിക്കുന്നതായി വ്യാഖ്യാനിക്കാം.

എലി → നിയന്ത്രിക്കേണ്ട മനസ്സും ആഗ്രഹങ്ങളും

എലി ചെറുതും അതിവേഗം ചലിക്കുന്നതുമാണ്. അതിനെ ഗണപതിയുടെ വാഹനമായി കാണുന്നത്, നിയന്ത്രണമില്ലാതെ പല ദിശകളിലേക്കും ഓടുന്ന മനസ്സിനെയും ആഗ്രഹങ്ങളെയും ബുദ്ധിയുടെ നിയന്ത്രണത്തിലാക്കുന്നതിന്റെ പ്രതീകമായി യോഗപരമായി വ്യാഖ്യാനിക്കാം.

അങ്ങനെ നോക്കുമ്പോൾ ഗണപതിയുടെ രൂപം വെറും ഒരു ദേവരൂപത്തിന്റെ ശാരീരിക വിവരണം മാത്രമല്ല.

അത് മനുഷ്യന്റെ ആന്തരിക വളർച്ചയ്ക്കുള്ള ഒരു യോഗസന്ദേശം കൂടിയാണ്:

കേൾക്കുക → ചിന്തിക്കുക → വിവേകം പ്രയോഗിക്കുക → ഏകാഗ്രമാകുക → അനുഭവങ്ങളെ ദഹിപ്പിക്കുക → ദ്വന്ദ്വങ്ങളെ അതിജീവിക്കുക → മനസ്സിനെ നിയന്ത്രിക്കുക → ആത്മീയമായി ഉയരുക.

മൂലാധാരത്തിൽ ഉറച്ചുനിൽക്കുന്ന ഗണപതിയിൽ നിന്ന് സഹസ്രാരത്തിലെ ശിവചൈതന്യത്തിലേക്കുള്ള യാത്ര — അതാണ് ഒരു യോഗിയുടെ ആന്തരിക യാത്രയുടെ പ്രതീകാത്മക ചിത്രം.

ഗണപതി വെറും വിഘ്നങ്ങൾ നീക്കുന്ന ദേവനല്ല;
സ്വന്തം ഉള്ളിലെ വിഘ്നങ്ങളെ തിരിച്ചറിയാനും അതിജീവിക്കാനും നമ്മെ പഠിപ്പിക്കുന്ന ഒരു യോഗസന്ദേശമാണ്.

Wednesday, 23 September 2026

40കളിലെ പ്രണയം

20കളിൽ ശരീരത്തിന്റെ ദാഹം തീർക്കാൻ ശരീരത്തിനും സൗന്ദര്യത്തിനും ഇണങ്ങുന്ന ഒരാളെ തേടിയിരുന്നെങ്കിൽ, 40കളിൽ പലരും മനസ്സിന്റെ ദാഹം തീർക്കുന്ന ഒരു കൂട്ടാളിയെയാണ് തേടുന്നത്.

40കൾ പലർക്കും ജീവിതത്തെ പുനഃപരിശോധിക്കുന്ന ഒരു ഘട്ടമാണ്.
ഈ പ്രായത്തിലെത്തുമ്പോഴാണ് ഒരുമാതിരിപ്പെട്ടവർക്ക് ജീവിതത്തിൽ കുറച്ചെങ്കിലും സ്ഥിരത കൈവരുന്നത്. ഉത്തരവാദിത്വങ്ങളെയും ജീവിതത്തിന്റെ പല യാഥാർഥ്യങ്ങളെയും കുറിച്ച് കൂടുതൽ വ്യക്തത ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ ബന്ധങ്ങൾക്ക് കൂടുതൽ സമയം നൽകാനും, ഒരു ബന്ധത്തിൽ നിന്ന് യഥാർത്ഥത്തിൽ എന്താണ് ആഗ്രഹിക്കുന്നതെന്ന് ചിന്തിക്കാനും കഴിയുന്നു.

20കളിൽ പലപ്പോഴും physical attraction-ന് കൂടുതൽ പ്രാധാന്യം നൽകുന്നു. രൂപം, സൗന്ദര്യം, ശരീരം, ആകർഷണം… ഇവയൊക്കെയാണ് പ്രണയത്തിന്റെ പ്രധാന ഘടകങ്ങളായി തോന്നുന്നത്.

എന്നാൽ 40കളിൽ എത്തുമ്പോൾ പ്രണയത്തിന്റെ അർത്ഥം പലർക്കും മാറുന്നു.
അപ്പോൾ മനസ്സ് പറയുന്നത്:
“എന്നെ കൂടുതൽ മനസ്സിലാക്കുന്ന ഒരാൾ ഉണ്ടായിരുന്നെങ്കിൽ…”
എന്നായിരിക്കും.

എന്റെ വാക്കുകൾ പറയാതെ തന്നെ മനസ്സിലാക്കുന്ന ഒരാൾ.
എന്റെ സന്തോഷത്തിലും വിഷമത്തിലും ഒപ്പം നിൽക്കുന്ന ഒരാൾ.
എന്നെ മാറ്റാൻ ശ്രമിക്കാതെ, എന്നെ ഞാൻ ആയിരിക്കുന്നതുപോലെ മനസ്സിലാക്കുന്ന ഒരാൾ.

മുൻബന്ധങ്ങളിലെ അനുഭവങ്ങളും വിജയങ്ങളും പരാജയങ്ങളും നമ്മളെ പഠിപ്പിക്കുന്നത്, “എനിക്ക് ആരെയാണ് വേണ്ടത്?” എന്നതിനേക്കാൾ “എനിക്ക് എങ്ങനെയുള്ള ഒരു ബന്ധമാണ് വേണ്ടത്?” എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്.

അതുകൊണ്ടുതന്നെ 40കളിലെ റൊമാൻസ് പലപ്പോഴും 20കളിലെ റൊമാൻസിൽ നിന്ന് വ്യത്യസ്തമായിരിക്കും.

20കളിൽ പ്രണയം ചിലപ്പോൾ:
“നിന്നെ എനിക്ക് വേണം.”
എന്നായിരിക്കാം.

40കളിൽ അത്:
“നിന്നെ ഞാൻ മനസ്സിലാക്കുന്നു…
നീയും എന്നെ മനസ്സിലാക്കുന്നു…
നിന്റെ കൂടെ ഈ ജീവിതം പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു.”
എന്നായി മാറാം.

അതിനാൽ 40കളിലെ പ്രണയം കൂടുതൽ പക്വവും, കൂടുതൽ ബോധപൂർവവും, കൂടുതൽ ആഴമുള്ളതുമായിരിക്കാം.
കാരണം 40കളിൽ നമ്മൾ പലപ്പോഴും ഒരാളെ തേടുന്നത് ജീവിതം നിറയ്ക്കാനല്ല; ജീവിതം പങ്കിടാനാണ്.

Monday, 21 September 2026

സ്വന്തം

അർജുനൻ യുദ്ധഭൂമിയിലേക്ക് നോക്കിയപ്പോൾ, തന്റെ മുന്നിൽ നിൽക്കുന്നത് ശത്രുക്കളെയല്ല, സ്വന്തം ബന്ധുമിത്രാദികളെയാണ് കണ്ടത്. അവൻ കൃഷ്ണനോട് ചോദിച്ചു -

“നമ്മുടെ ആളുകളല്ലേ മുമ്പിൽ നിൽക്കുന്നത് ഇവരോട് എങ്ങനെ യുദ്ധം ചെയ്യും?”

അപ്പോൾ കൃഷ്ണൻ ചോദിച്ചു:

“അവർ യഥാർത്ഥത്തിൽ നിന്റെ ആളുകളായിരുന്നെങ്കിൽ, അവർ നിനക്കെതിരെ ആ വശത്ത് എന്തിനാണ് നിൽക്കുന്നത്? അവർ നിന്റെ വലതുവശത്തും ഇടതുവശത്തും കൂടെ അല്ലേ കാണേണ്ടത്?


“നിനക്ക് എന്താണ് വേണ്ടത്?” എന്ന് ചോദിച്ച്, നാം ആവശ്യപ്പെടുന്നതുവരെ കാത്തിരിക്കുന്നവരേക്കാൾ, നമ്മുടെ വേദന തിരിച്ചറിഞ്ഞ് സ്വയം അടുത്തുവന്ന്,

ഞാൻ നിനക്കായി എന്താണ് ചെയ്യേണ്ടത്, എന്ന് ചോദിക്കുന്നവരാണ് യഥാർത്ഥത്തിൽ നമ്മുടേതായ ആളുകൾ.

“ഇങ്ങോട്ട് ചോദിക്കട്ടെ, അപ്പോൾ നോക്കാം” എന്ന് കരുതി നിൽക്കുന്നവർ—അവർ സ്വന്തം ആളുകളായിരുന്നാലും—ആ നിമിഷത്തിൽ നമ്മുടേതായവരല്ല.

കാരണം സ്വന്തം എന്നത് രക്തബന്ധത്തിന്റെ പേരല്ല; ആവശ്യസമയത്ത് കൂടെ നിൽക്കുന്ന മനസ്സിന്റെ പേരാണ്.

അച്ചടക്കം

ജീവിതത്തിൽ ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ല.

പണക്കാരനായി ജനിക്കണോ, ഉയർന്ന ബുദ്ധിശക്തിയോടെ ജനിക്കണോ, ആകർഷകമായ രൂപം ലഭിക്കണോ എന്നൊന്നും നമുക്ക് തീരുമാനിക്കാനാകില്ല. ഓരോ മനുഷ്യനും വ്യത്യസ്ത സാഹചര്യങ്ങളിലാണ് ജീവിതം ആരംഭിക്കുന്നത്.

എന്നാൽ നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളുണ്ട്. എപ്പോൾ എഴുന്നേൽക്കണം, ചെയ്യേണ്ട കാര്യങ്ങൾ എപ്പോൾ പൂർത്തിയാക്കണം, നമ്മുടെ ഉത്തരവാദിത്തങ്ങൾ എങ്ങനെ നിറവേറ്റണം, മറ്റുള്ളവരോട് നൽകിയ വാക്കുകൾ പാലിക്കണം — ഇവയെല്ലാം നമ്മുടെ തീരുമാനങ്ങളാണ്.

അവിടെയാണ് അച്ചടക്കത്തിന്റെ ശക്തി തുടങ്ങുന്നത്. നമുക്ക് ലഭിച്ച സാഹചര്യങ്ങൾ നമ്മുടെ കൈകളിലായിരിക്കണമെന്നില്ല; എന്നാൽ ആ സാഹചര്യങ്ങളോട് നാം എങ്ങനെ പ്രതികരിക്കണം എന്നത് നമ്മുടെ കൈകളിലാണ്.

അതുകൊണ്ട് ജീവിതത്തിൽ മാറ്റം ആഗ്രഹിക്കുന്ന ഒരാൾ ആദ്യം മാറ്റേണ്ടത് തന്റെ സാഹചര്യങ്ങളെയല്ല, തന്റെ ശീലങ്ങളെയാണ്.

അച്ചടക്കം എന്നത് സ്വാതന്ത്ര്യത്തെ നഷ്ടപ്പെടുത്തുന്നതല്ല; നമ്മുടെ ജീവിതത്തെ നമുക്ക് തന്നെ നിയന്ത്രിക്കാൻ കഴിയുന്ന ശക്തിയാണ്.
നമുക്ക് നിയന്ത്രിക്കാനാകാത്ത കാര്യങ്ങളെക്കുറിച്ച് വിഷമിക്കുന്നതിനുപകരം, നമുക്ക് നിയന്ത്രിക്കാനാകുന്ന കാര്യങ്ങളിൽ ദിവസവും അച്ചടക്കത്തോടെ പ്രവർത്തിക്കുക.

കാരണം ജീവിതത്തെ മാറ്റുന്നത് ഭാഗ്യം മാത്രമല്ല — ദിവസംതോറും ആവർത്തിക്കുന്ന ചെറിയ അച്ചടക്കങ്ങളാണ്.

Sunday, 20 September 2026

light

നമ്മൾ എപ്പോഴും പറയാറുണ്ട്—
“Present-ൽ ജീവിക്കണം; കഴിഞ്ഞുപോയ Past-ൽ എന്തിനാണ് ഇപ്പോഴും തങ്ങി നിൽക്കുന്നത്?”

പക്ഷേ പ്രകാശത്തിന്റെ കാര്യത്തിൽ നോക്കിയാൽ, നമ്മൾ യഥാർത്ഥത്തിൽ Present-ലാണോ ജീവിക്കുന്നത്?

നമ്മൾ കാണുന്ന സൂര്യപ്രകാശം പോലും ഏകദേശം 8 മിനിറ്റ് 20 സെക്കൻഡ് പഴയതാണ്.
നമ്മൾ കാണുന്ന ഏറ്റവും അടുത്ത നക്ഷത്രത്തിന്റെ വെളിച്ചം ഏകദേശം 4.24 വർഷം പഴയതാണ്.
നമ്മുടെ അടുത്തുള്ള വലിയ ഗാലക്സിയായ Andromeda-യിൽ നിന്ന് വരുന്ന വെളിച്ചം ഏകദേശം 25 ലക്ഷം വർഷം യാത്ര ചെയ്താണ് നമ്മുടെ കണ്ണിലെത്തുന്നത്.

അതായത്, നമ്മൾ Andromeda-യെ കാണുമ്പോൾ, അത് ഇപ്പോഴുള്ള രൂപത്തെയല്ല—25 ലക്ഷം വർഷം മുമ്പുണ്ടായിരുന്ന രൂപത്തെയാണ് കാണുന്നത്. ഇപ്പോൾ അത് എങ്ങനെയാണെന്ന് ആ വെളിച്ചം നമ്മളിലേക്ക് എത്തുന്നതുവരെ നമുക്ക് അറിയാൻ കഴിയില്ല.

എന്തിന്, നമ്മുടെ മുന്നിലുള്ള ഒരു മനുഷ്യന്റെ മുഖം പോലും നാം കാണുന്നത് അതിൽ നിന്നുള്ള പ്രകാശം കണ്ണിലെത്തിയ ശേഷമാണ്—അതിനാൽ അതും സാങ്കേതികമായി ഒരു ചെറിയ അളവിൽ Past തന്നെയാണ്.

അപ്പോൾ ഒരു രസകരമായ ചോദ്യം:

നമ്മൾ കാണുന്നത് എല്ലാം Past ആണെങ്കിൽ, നമ്മുടെ “Present” എവിടെയാണ്?

ഒരുപക്ഷേ Present എന്നത് നാം കാണുന്ന ഒരു വസ്തുവല്ല;
അനുഭവിക്കുന്ന ഒരു നിമിഷമാണ്.
പ്രകാശം നമ്മളിലേക്ക് എത്താൻ എടുക്കുന്ന സമയത്തേക്കാൾ സൂക്ഷ്മമായ ഒരു ഇടവേളയിൽ, നമ്മുടെ ബോധം “ഇപ്പോൾ” എന്ന അനുഭവം സൃഷ്ടിക്കുന്നു.

അതിനാൽ “Present-ൽ ജീവിക്കുക” എന്നത് കഴിഞ്ഞകാലത്തെ മറക്കുക എന്നതല്ല.

കഴിഞ്ഞകാലത്തിന്റെ ചിത്രങ്ങളിലൂടെ അല്ല, ഈ നിമിഷത്തിലെ ബോധത്തോടെ ജീവിക്കുക എന്നതാണ്.

Saturday, 19 September 2026

നിത്യഭ്യാസത്തിൻ്റെ ശക്തി

നിത്യഭ്യാസത്തിന്റെ ശക്തി

സാധാരണയായി ഒരു ജോലിക്ക് vacancy വരുമ്പോൾ ആദ്യം ചോദിക്കുന്നത് വിദ്യാഭ്യാസ യോഗ്യത മാത്രമായിരിക്കില്ല; Experience ആയിരിക്കും. കുറഞ്ഞത് 4 വർഷത്തെ experience ചോദിക്കുന്നതിനു പിന്നിലും ഒരു കാരണമുണ്ട്. ഒരേ ജോലി തുടർച്ചയായി ഏകദേശം 10,000 മണിക്കൂർ (8 × 25 × 48) ചെയ്യുമ്പോൾ അതിൽ ഉയർന്ന പ്രാവീണ്യം നേടാൻ കഴിയും എന്നതാണ് അതിന്റെ അടിസ്ഥാന ആശയം.

6 മാസം ഒരിടത്ത് സ്ഥിരമായി തുടരുക — ആ സ്ഥലത്തെയും ആളുകളെയും അവസരങ്ങളെയും ആഴത്തിൽ മനസ്സിലാക്കാൻ തുടങ്ങും.

200 ദിവസം ജിം — ശരീരത്തിൽ വ്യക്തമായ മാറ്റം കാണാൻ തുടങ്ങും.

10 തവണ ക്യാമറയ്ക്ക് മുന്നിൽ — ക്യാമറാ ഭയം കുറയും.

10 തോൽവികൾ — തെറ്റുകളിൽ നിന്ന് പഠിച്ചാൽ ജയിക്കാനുള്ള വഴികൾ വ്യക്തമായി തുടങ്ങും.

50 എഴുത്തുകൾ — അതിൽ ഒന്നെങ്കിലും ആളുകളുടെ ശ്രദ്ധ നേടാൻ സാധ്യതയുണ്ട്.

100 വീഡിയോകൾ — സംസാരിക്കുന്നതിലും അവതരിപ്പിക്കുന്നതിലും സ്വാഭാവികത വരും.

1000 പേജുകൾ വായിച്ചാൽ — ചിന്തയുടെ ലോകം വികസിക്കും.

ദിവസവും 30 മിനിറ്റ് വായന — ഒരു വർഷം കൊണ്ട് വലിയ അറിവുസമ്പത്ത് ഉണ്ടാകും.

ദിവസവും 10 പുതിയ വാക്കുകൾ — ഒരു വർഷം കൊണ്ട് ആയിരക്കണക്കിന് വാക്കുകൾ പരിചിതമാകും.

100 തവണ പ്രസംഗിച്ചാൽ — സ്റ്റേജിലെ ഭയം ഗണ്യമായി കുറയും.

ദിവസവും എഴുതിയാൽ — എഴുത്തിന്റെ ഒഴുക്ക് മെച്ചപ്പെടും.

ദിവസവും ഒരു പുതിയ ആളുമായി സംസാരിച്ചാൽ — communication skill വളരും.

100 തവണ ഒരു skill practice ചെയ്താൽ — അതിലെ basic mistakes കുറയും.

ദിവസവും ഒരു മണിക്കൂർ പഠിച്ചാൽ — ആറുമാസത്തിൽ വലിയ വ്യത്യാസം ഉണ്ടാകും.

ഒരു വർഷം ഒരേ ലക്ഷ്യത്തിൽ ശ്രദ്ധിച്ചാൽ — ജീവിതത്തിന്റെ ദിശ തന്നെ മാറാം.

ദിവസവും 10 മിനിറ്റ് meditation — മനസ്സിനെ നിരീക്ഷിക്കുന്ന ശീലം വളരും.

ദിവസവും നടക്കുക — ശരീരത്തിന് ചലനത്തിന്റെ ശീലം ലഭിക്കും.

ദിവസവും ഒരു ചെറിയ നല്ല ശീലം — മാസങ്ങൾക്കുള്ളിൽ വലിയ മാറ്റമായി മാറും.

ദിവസവും ഒരു തെറ്റ് കുറയ്ക്കുക — ജീവിതത്തിലെ നിലവാരം ഉയരും.

100 customer conversations — business-ൽ ആളുകൾ യഥാർത്ഥത്തിൽ എന്താണ് ആഗ്രഹിക്കുന്നത് മനസ്സിലാകും.

100 sales attempts — rejection കൈകാര്യം ചെയ്യാനുള്ള കഴിവ് വളരും.

100 products പരീക്ഷിക്കുക — market എന്താണ് സ്വീകരിക്കുന്നത് മനസ്സിലാക്കാൻ തുടങ്ങും.

100 പേരോട് idea പറയുക — idea-യിലെ കുറവുകൾ വ്യക്തമായി കാണാം.

100 ദിവസത്തെ discipline — motivation-നെക്കാൾ ശക്തമായ routine ഉണ്ടാകും.

ദിവസവും ഒരു മണിക്കൂർ skill development — ആറുമാസത്തിൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കാം.

1000 തവണ practice — ശരീരം തന്നെ ചില movements ഓർമ്മിക്കാൻ തുടങ്ങും.

100 തവണ പരാജയപ്പെട്ടാലും — ഓരോ പരാജയവും feedback ആയി ഉപയോഗിച്ചാൽ വഴി കൂടുതൽ വ്യക്തമാകും.

1000 തവണ ചോദിച്ചാൽ — നല്ല ചോദ്യങ്ങൾ ചോദിക്കാൻ പഠിക്കും.

ദിവസവും ഒരു പേജ് എഴുതുക — ഒരു വർഷത്തിൽ ഒരു പുസ്തകത്തിന്റെ അടിസ്ഥാനമാകാം.

ദിവസവും ഒരു പുതിയ ആശയം കുറിക്കുക — ഒരു വർഷത്തിൽ 365 ആശയങ്ങൾ.

100 ideas എഴുതുക — ആദ്യത്തെ 10 ആശയങ്ങളെക്കാൾ മികച്ച ആശയങ്ങൾ പിന്നീട് വരാൻ തുടങ്ങും.

ദിവസവും ഒരേ സമയത്ത് എഴുന്നേൽക്കുക — ശരീരത്തിന് routine രൂപപ്പെടും.

ദിവസവും ഒരേ സമയത്ത് പഠിക്കുക — പഠനം ഒരു ശീലമായി മാറും.

ദിവസവും ഒരേ സമയത്ത് പ്രാർത്ഥിക്കുക/ധ്യാനിക്കുക — ആത്മീയ discipline വളരും.

ഒരു mantra നിരന്തരം ജപിക്കുക — മനസ്സിനെ ഏകാഗ്രമാക്കാനുള്ള അഭ്യാസമാകും.

100 തവണ ഒരേ വിഷയത്തെക്കുറിച്ച് സംസാരിക്കുക — ആ വിഷയത്തിൽ clarity വർധിക്കും.

1000 തവണ കേൾക്കുക എന്നതല്ല; കേട്ടത് പ്രയോഗിക്കുക — അറിവ് അനുഭവമായി മാറും.

ഒരു വർഷം diary എഴുതുക — സ്വന്തം ചിന്തകളുടെ pattern തിരിച്ചറിയാൻ കഴിയും.

ഒരു വർഷം ചെലവ് രേഖപ്പെടുത്തുക — പണത്തിന്റെ ഒഴുക്ക് വ്യക്തമായി മനസ്സിലാകും.

ദിവസവും ചെറിയൊരു saving — കാലക്രമത്തിൽ വലിയ തുകയാകും.

ദിവസവും ഒരാളെ സഹായിക്കുക — സേവനം ഒരു സ്വഭാവമായി മാറും.

ദിവസവും ഒരു നന്ദി രേഖപ്പെടുത്തുക — ശ്രദ്ധ കുറവുകളിൽ നിന്ന് ലഭിച്ചതിലേക്കും മാറും.

100 തവണ ക്ഷമ ചോദിക്കാൻ പഠിക്കുക — ego കുറയ്ക്കുന്ന അഭ്യാസമാകും.

100 തവണ ക്ഷമിക്കാൻ ശ്രമിക്കുക — മനസ്സിലെ ഭാരങ്ങൾ കുറയ്ക്കാൻ സഹായിക്കും.

100 തവണ വീണാലും എഴുന്നേൽക്കുക — resilience വളരും.

100 ദിവസത്തേക്ക് ഒരു ലക്ഷ്യത്തിൽ focus — distraction കുറയ്ക്കാൻ സഹായിക്കും.

1000 ചെറിയ steps — വലിയ യാത്ര പൂർത്തിയാക്കും.

ദിവസവും 1% മെച്ചപ്പെടാൻ ശ്രമിക്കുക — ചെറിയ പുരോഗതി ദീർഘകാലത്ത് വലിയ വ്യത്യാസമാക്കും.

ഒരു കാര്യം തുടങ്ങുന്നതിനെക്കാൾ പ്രധാനമാണ് — അത് തുടരുക.

പ്രതിഭ തുടക്കം നൽകാം; പക്ഷേ നിത്യാഭ്യാസമാണ് അതിനെ കഴിവാക്കി, കഴിവിനെ പ്രാവീണ്യമാക്കി, പ്രാവീണ്യത്തെ വിജയമാക്കി മാറ്റുന്നത്.

നിത്യാഭ്യാസം → ശീലം → കഴിവ് → പ്രാവീണ്യം → ആത്മവിശ്വാസം → ഫലം.

Friday, 18 September 2026

രാധാഷ്ടമി

ഇന്ന് രാധാഷ്ടമി! നാട്ടിൽ ശ്രീകൃഷ്ണൻ്റെ ജന്മാഷ്ടമി ഉണ്ടെങ്കിലും #Radhashtami അത്ര പ്രസിദ്ധമല്ല.

രാധാ ജനിച്ച ബർസാന വൃന്ദാവനത്തിൽ നിന്ന് 45 km ദൂരെ ആണ്. അവിടെ രാധരാണി ക്ഷേത്രം. ഇത് ബ്രജ് മേഖലയിൽ പെടുന്ന സ്ഥലം ആണ്.

മഥുര — ശ്രീകൃഷ്ണന്റെ ജന്മസ്ഥലം
വൃന്ദാവനം — കൃഷ്ണന്റെ ബാലലീലകളുടെ പ്രധാന കേന്ദ്രം
ഗോകുലം — കൃഷ്ണന്റെ ബാല്യകാലം
നന്ദഗാവ് — നന്ദബാബയുടെ ഗ്രാമം
ബർസാന — രാധാരാണിയുടെ പുണ്യഭൂമി
ഗോവർധൻ — ഗോവർധനഗിരി
രാധാകുണ്ഡ്, ശ്യാമകുണ്ഡ്
മഹാവൻ തുടങ്ങിയ സ്ഥലങ്ങൾ
ഇവയെല്ലാം ചേർന്നുള്ള പ്രദേശമാണ് ബ്രജഭൂമി.

ശ്രീവിഷ്ണു മോഹിനി രൂപം സ്വീകരിച്ചപ്പോൾ, ആ ദിവ്യരൂപത്തിന്റെ സൗന്ദര്യം കണ്ട് ദേവന്മാരിൽ പലരും ആ ദിവ്യശക്തിയെ സ്വന്തമാക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ സൂര്യഭഗവാൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി, ആ ദിവ്യപ്രേമശക്തിയെ മകളായി നേടുന്നതിനായി തപസ്സ് ചെയ്യാൻ തീരുമാനിച്ചു.

സൂര്യന്റെ ആഗ്രഹം മനസ്സിലാക്കിയ ശ്രീവിഷ്ണു അദ്ദേഹത്തോട് ബ്രഹ്മാവിനെ തപസ്സ് ചെയ്യാൻ നിർദ്ദേശിച്ചു. തപസ്സിൽ പ്രസന്നനായ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട്, ഭാവിയിൽ വിഷ്ണുവിന്റെ ദിവ്യശക്തി ഭൂമിയിൽ ഒരു പുത്രിയായി പ്രാകട്യം ചെയ്യുമെന്ന് അനുഗ്രഹിച്ചു. ആ ദിവ്യപ്രാകട്യത്തിന് സാക്ഷി ആകാൻ ബർസാനയിൽ ഒരു കുന്ന് ആയി ബ്രഹ്മാവ് സ്ഥാനം സ്വീകരിച്ചു.
പിന്നീട് സൂര്യന്റെ അംശമായി ഭൂമിയിൽ ജനിച്ച വൃഷഭാനു ഒരിക്കൽ ജലത്തിൽ സ്നാനം ചെയ്യുന്നതിനിടെ, താമരപ്പൂവിൽ കിടക്കുന്ന അത്ഭുതകരമായ ഒരു ശിശുവിനെ കണ്ടു.

ആ ദിവ്യശിശുവിനെ വൃഷഭാനു എടുത്ത് വീട്ടിലേക്ക് കൊണ്ടുപോയി. അവളെ സ്വന്തം മകളായി വളർത്തി. ആ കുഞ്ഞിന് ‘രാധാ’, പിന്നീട് ഭക്തർ സ്നേഹത്തോടെ ‘രാധാരാണി’ എന്നും വിളിച്ചു.

വൈഷ്ണവ പാരമ്പര്യത്തിൽ രാധ വെറും ഒരു മനുഷ്യസ്ത്രീയല്ല. ശ്രീകൃഷ്ണന്റെ ഹ്ലാദിനി ശക്തി—ദൈവിക പ്രേമത്തിന്റെ പരമപ്രകടനം എന്ന നിലയിലാണ് അവരെ കാണുന്നത്.

അതുകൊണ്ടാണ് രാധാ–കൃഷ്ണ ബന്ധത്തെ സാധാരണ പ്രണയബന്ധമായി മാത്രം കാണാതെ, പരമപുരുഷനും അദ്ദേഹത്തിന്റെ ദിവ്യപ്രേമശക്തിയും തമ്മിലുള്ള നിത്യബന്ധമായി ഭക്തിപാരമ്പര്യം കാണുന്നത്.

രാധ കൃഷ്ണനിൽ നിന്ന് വേറിട്ട ഒരു ആത്മാവ് മാത്രമല്ല; കൃഷ്ണന്റെ പ്രേമശക്തിയുടെ തന്നെ ദിവ്യപ്രകടനമാണ്.

അതുകൊണ്ട് അവരെ ട്വിൻ സൗൾ/ട്വിൻ flame എന്നും പറയുന്നു.

രാധേ രാധേ!
ശ്രീരാധാകൃഷ്ണാർപ്പണമസ്തു

Wednesday, 16 September 2026

ഭഗവാൻ, ദേവന്മാർ, പരബ്രഹ്മം

ഹിന്ദുക്കൾക്ക് 33 കോടി ദൈവങ്ങളുണ്ടോ?
ഈ ചോദ്യം പലപ്പോഴും കേൾക്കാറുണ്ട്.
എന്നാൽ അതിന് ഉത്തരം പറയുന്നതിന് മുമ്പ് ഒരു കാര്യം മനസ്സിലാക്കണം — സനാതന ധർമ്മത്തിൽ ‘ദൈവം’ എന്ന ആശയം ഒരു പേരിലോ ഒരു രൂപത്തിലോ മാത്രം ഒതുങ്ങുന്നില്ല.

രൂപമില്ലാത്ത പരമസത്യത്തിൽ നിന്ന് വ്യക്തിരൂപത്തിലുള്ള ഭഗവാൻ വരെ, പ്രപഞ്ചശക്തികളിൽ നിന്ന് ദേവതകൾ വരെ, അവതാരങ്ങളിൽ നിന്ന് ഋഷി–സിദ്ധ പാരമ്പര്യങ്ങൾ വരെ, അവിടെ നിന്ന് ഗ്രാമദേവതകളും കാവുദേവതകളും വരെ നീളുന്ന വിശാലമായ ഒരു ആത്മീയ ലോകമാണ് സനാതന പാരമ്പര്യം.

പക്ഷേ ഇവയെല്ലാം ഒരേ തലത്തിലുള്ള ദൈവങ്ങൾ അല്ല. വ്യത്യസ്ത ദാർശനിക, വൈദിക, ഉപനിഷദ്, പുരാണ, ആഗമ, താന്ത്രിക, പ്രാദേശിക പാരമ്പര്യങ്ങളിലാണ് ഇവയുടെ ആശയങ്ങളും ആരാധനാരീതികളും വളർന്നത്.

ആദ്യം മനസ്സിലാക്കേണ്ടത് — പരബ്രഹ്മം.
സനാതന ദർശനത്തിലെ ഏറ്റവും ആഴത്തിലുള്ള ആശയമാണ് പരബ്രഹ്മം.
നാമത്തിനും രൂപത്തിനും അതീതമായ, സകല സൃഷ്ടിയുടെയും അടിസ്ഥാനമായ പരമസത്യം.

അത് ഒരു പ്രത്യേക രൂപത്തിൽ മാത്രം പരിമിതപ്പെടുന്നില്ല. ഉപനിഷത്തുകൾ ബ്രഹ്മത്തെ സകലത്തിന്റെയും അടിസ്ഥാനമായ പരമതത്ത്വമായി അവതരിപ്പിക്കുന്നു.
ഈ പരമസത്യത്തെ മനുഷ്യൻ വിവിധ നാമരൂപങ്ങളിലൂടെയും ആരാധനാമാർഗങ്ങളിലൂടെയും സമീപിക്കുന്നു.

അവിടെയാണ് ഭഗവാൻ, ഭഗവതി, ഈശ്വരൻ, ദേവൻ, ദേവി തുടങ്ങിയ ആശയങ്ങൾ വരുന്നത്. ഭഗവാൻ, ഭഗവതി, ഈശ്വരൻ
ഭഗവാൻ എന്ന പദം ‘ഭഗ’ എന്ന ആശയവുമായി ബന്ധപ്പെട്ടതാണ്. ഐശ്വര്യം, മഹത്വം, ശക്തി, ജ്ഞാനം തുടങ്ങിയ ദൈവിക ഗുണങ്ങളുടെ സമ്പൂർണ്ണതയുള്ളവൻ എന്ന അർത്ഥത്തിൽ ഇത് ഉപയോഗിക്കപ്പെടുന്നു.

അതോടൊപ്പം ഒരു ആത്മീയ വ്യാഖ്യാനവും കാണാം:
ഭ — ഭൂമി
ഗ — ഗഗനം
വ — വായു
അ — അഗ്നി
ന — നീർ

ഇത് സംസ്കൃതത്തിലെ ശാസ്ത്രീയ വ്യുത്പത്തി അല്ല; പഞ്ചഭൂതങ്ങളിലാകെ ദൈവിക സാന്നിധ്യം കാണുന്ന ഒരു ആത്മീയ വ്യാഖ്യാനമാണ്.

ഭഗവതി അഥവാ പരാശക്തി ദൈവിക ശക്തിയുടെ സ്ത്രീരൂപത്തെ സൂചിപ്പിക്കുന്നു. ശാക്ത പാരമ്പര്യത്തിൽ പരാശക്തി തന്നെയാണ് പരമതത്ത്വം എന്ന ദർശനവും കാണാം.
ഈശ്വരൻ എന്നത് പ്രപഞ്ചത്തെ നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ദൈവസങ്കൽപ്പമായി വിവിധ ദർശനങ്ങളിൽ വ്യത്യസ്തമായി വിശദീകരിക്കപ്പെടുന്നു.

ഗായത്രി — ബുദ്ധിയെ പ്രകാശിപ്പിക്കുന്ന മന്ത്രം
സനാതന പാരമ്പര്യത്തിലെ ഏറ്റവും പ്രസിദ്ധമായ വൈദിക മന്ത്രങ്ങളിലൊന്നാണ് ഗായത്രി മന്ത്രം:

ഓം ഭൂർ ഭുവഃ സ്വഃ
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത് ॥

ലളിതമായ അർത്ഥം:
“ആ ദിവ്യമായ സവിതൃപ്രകാശത്തെ ഞങ്ങൾ ധ്യാനിക്കുന്നു. ആ പ്രകാശം ഞങ്ങളുടെ ബുദ്ധിയെ ശരിയായ വഴിയിലേക്ക് നയിക്കട്ടെ.”

ഗായത്രി ഒരു മന്ത്രമാത്രമല്ല; പിന്നീട് വികസിച്ച ആരാധനാപാരമ്പര്യങ്ങളിൽ ഗായത്രി ദേവി ജ്ഞാനത്തെയും ദൈവിക പ്രകാശത്തെയും പ്രതിനിധീകരിക്കുന്ന ദേവീരൂപമായും ആരാധിക്കപ്പെടുന്നു.

ത്രിമൂർത്തികൾ — സൃഷ്ടി, സ്ഥിതി, സംഹാരം. പ്രപഞ്ചത്തിന്റെ മൂന്ന് അടിസ്ഥാന പ്രവർത്തനങ്ങളെ പ്രതിനിധീകരിക്കുന്ന പ്രധാന പുരാണസങ്കൽപ്പമാണ് ത്രിമൂർത്തി.
ബ്രഹ്മാവ് — സൃഷ്ടി
വിഷ്ണു — സ്ഥിതി / പാലനം
ശിവൻ — സംഹാരം / പരിവർത്തനം

ത്രിദേവികൾ — ദൈവിക ശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങൾ
ത്രിമൂർത്തികളുമായി ബന്ധപ്പെട്ട് ദൈവിക സ്ത്രീശക്തിയുടെ പ്രധാന രൂപങ്ങളായി സാധാരണയായി പറയപ്പെടുന്നത്:
സരസ്വതി — ജ്ഞാനം, വിദ്യ, വാണി
ലക്ഷ്മി — ശ്രീ, സമൃദ്ധി, ഐശ്വര്യം
പാർവതി / ശക്തി — ശക്തി, മാതൃത്വം, ഊർജം

ശൈവ പാരമ്പര്യവുമായി ബന്ധപ്പെട്ട ദൈവിക ലോകം:
ശിവൻ, പാർവതി, ഗണേശൻ, കാർത്തികേയൻ/സ്കന്ദൻ, അയ്യപ്പൻ, നന്ദി, ഭൈരവൻ, വീരഭദ്രൻ, ചണ്ഡികേശ്വരൻ, ഗംഗ, വാസുകി, ഹനുമാൻ (രുദ്രാംശം എന്ന പാരമ്പര്യവിശ്വാസം) തുടങ്ങിയവർ.

ശിവന്റെ ജടയിൽ ഗംഗ, ശിരസ്സിൽ ചന്ദ്രൻ, കഴുത്തിൽ വാസുകി തുടങ്ങിയ പ്രതീകങ്ങളും ശൈവ സങ്കൽപ്പത്തിൽ പ്രധാനമാണ്.

ദുർഗ്ഗ, കാളി, ഭദ്രകാളി തുടങ്ങിയ ദേവീരൂപങ്ങളും പല ശാക്ത–ശൈവ പാരമ്പര്യങ്ങളിലും ശിവശക്തിയുമായി ബന്ധപ്പെട്ട് ആരാധിക്കപ്പെടുന്നു.
ഇവരുമായി ബന്ധപ്പെട്ട വാഹനങ്ങൾ, ഗണങ്ങൾ, അനുചരദേവതകൾ എന്നിവയും ഈ വിശാലമായ ആരാധനാലോകത്തിന്റെ ഭാഗമാണ്.

വിഷ്ണുവിനെ കേന്ദ്രീകരിച്ചുള്ള വൈഷ്ണവ പാരമ്പര്യത്തിലും നിരവധി ദൈവിക രൂപങ്ങളും അനുബന്ധ സങ്കൽപ്പങ്ങളും കാണാം.
വിഷ്ണു / നാരായണൻ
ലക്ഷ്മി / ശ്രീദേവി
ഭൂദേവി
നീലാദേവി
ഗരുഡൻ
ശേഷൻ / അനന്തൻ
വിശ്വക്സേനൻ

ബ്രഹ്മ പാരമ്പര്യം — സൃഷ്ടി, പ്രജാപതികൾ, ഋഷിപരമ്പര
ബ്രഹ്മാവ് — സൃഷ്ടികർത്താവ്
സരസ്വതി / വാഗ്ദേവി — ജ്ഞാനം, വാക്ക്, വിദ്യ
പ്രജാപതികൾ — ജീവജാലങ്ങളുടെയും സൃഷ്ടിവംശങ്ങളുടെയും പ്രാരംഭ സ്രഷ്ടാക്കളായി കണക്കാക്കപ്പെടുന്നവർ
മാനസപുത്രന്മാർ — ബ്രഹ്മാവിന്റെ മനസ്സിൽനിന്ന് ഉദ്ഭവിച്ചവരായി പുരാണങ്ങളിൽ പറയപ്പെടുന്ന സൃഷ്ടിപ്രവർത്തകരും ഋഷിമാരും
സനക, സനന്ദന, സനാതന, സനത്‌കുമാരൻ — ചതുർകുമാരന്മാർ, മരീചി, അത്രി, അംഗിരസ്, പുലസ്ത്യ, പുലഹ, ക്രതു, വസിഷ്ഠ, ഭൃഗു, ദക്ഷ പ്രജാപതി, നാരദൻ

സ്വായംഭുവ മനു — മനുഷ്യവംശത്തിന്റെ ആദിപുരുഷനായി വിവിധ പാരമ്പര്യങ്ങളിൽ അവതരിപ്പിക്കപ്പെടുന്നു. ശതരൂപ — മനുവിന്റെ സഹധർമ്മിണിയായി പുരാണപരമ്പരയിൽ കാണപ്പെടുന്നു.

അപ്പോൾ 33 ദേവതകൾ എവിടെ നിന്നാണ് വന്നത്?
വേദ–ഉപനിഷദ് പാരമ്പര്യത്തിൽ പ്രസിദ്ധമായ ഒരു പരമ്പരാഗത കണക്കാണ്: 
8 വസുക്കൾ + 11 രുദ്രന്മാർ + 12 ആദിത്യന്മാർ + ഇന്ദ്രൻ + പ്രജാപതി = 33
ഇത് 33 ദേവതകൾ എന്ന ആശയത്തിന്റെ പ്രധാന വൈദിക രൂപമാണ്. കോടി (koṭi) എന്ന പദത്തിന് സാധാരണയായി വലിയ സംഖ്യ എന്ന അർത്ഥമുണ്ടെങ്കിലും, ചില സന്ദർഭങ്ങളിൽ തരം, വിഭാഗം, വർഗ്ഗം എന്ന അർത്ഥവും കാണാം.

അഷ്ടവസുക്കൾ — 8
വസുക്കളെ പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും വിവിധ അടിസ്ഥാന ഘടകങ്ങളുമായി ബന്ധപ്പെടുത്തി കാണുന്നു.

ധര, ധ്രുവ, സോമ, അഹ, അനില, അനല, പ്രത്യുഷ, പ്രഭാസ
ഭൂമി, സ്ഥിരത, ചന്ദ്രൻ, പകൽ, വായു, അഗ്നി, പ്രഭാതപ്രകാശം, തേജസ്സ് തുടങ്ങിയ ആശയങ്ങളുമായി ഇവയെ ബന്ധപ്പെടുത്തുന്നു.

ഏകാദശ രുദ്രന്മാർ — 11
രുദ്രതത്ത്വം ശിവനുമായി അടുത്ത ബന്ധമുള്ളതാണ്. ഹര, ബഹുരൂപ, ത്ര്യമ്പക, അപരാജിത, വൃഷാകപി, ശംഭു, കപർദി, രൈവത, മൃഗവ്യാധ, ശർവ, കപാലി.

ദ്വാദശ ആദിത്യന്മാർ — 12
അദിതിയുടെ പുത്രന്മാരാണ് ആദിത്യന്മാർ.
വിവസ്വാൻ, അര്യമൻ, പൂഷൻ, ത്വഷ്ടാവ്, സവിതാവ്, ഭഗൻ, ധാതാവ്, വിധാതാവ്, വരുണൻ, മിത്രൻ, ഇന്ദ്രൻ, വിഷ്ണു.
പിന്നീട് 12 ആദിത്യരെ 12 മാസങ്ങളുമായി ബന്ധപ്പെടുത്തുന്ന പാരമ്പര്യവും ശക്തമായി വികസിച്ചു.

ഇന്ദ്രനും പ്രജാപതിയും
ഇന്ദ്രൻ വേദങ്ങളിൽ പ്രധാന സ്ഥാനമുള്ള ദേവനാണ്.
പ്രജാപതി സൃഷ്ടിയുമായി ബന്ധപ്പെട്ട ദൈവിക സങ്കൽപ്പമാണ്.

ഇങ്ങനെ:
8 + 11 + 12 + 1 + 1 = 33

വേദങ്ങളിൽ അനവധി ദേവതകൾക്ക് പ്രധാന സ്ഥാനമുണ്ട്.
അഗ്നി, ഇന്ദ്രൻ, വായു, സൂര്യൻ, സോമൻ, ഉഷസ്, അശ്വിനീദേവന്മാർ, വരുണൻ, മിത്രൻ, പൂഷൻ, ത്വഷ്ടാവ്, വിശ്വകർമ്മാവ്

33 ദേവതകൾ ഒരു പ്രത്യേക വൈദിക ദേവതാസമൂഹമാണ്; വേദദേവതകളുടെ ലോകം അതിനേക്കാൾ വിശാലമാണ്.

എട്ട് ദിശകൾക്കും ദൈവിക സംരക്ഷകർ
ദിക്പാലകർ / ലോകപാലകർ എന്ന ആശയത്തിൽ എട്ട് ദിശകൾക്കും സംരക്ഷകരെ സങ്കൽപ്പിക്കുന്നു.
കിഴക്ക് — ഇന്ദ്രൻ
തെക്കുകിഴക്ക് — അഗ്നി
തെക്ക് — യമൻ
തെക്കുപടിഞ്ഞാറ് — നിരൃതി
പടിഞ്ഞാറ് — വരുണൻ
വടക്കുപടിഞ്ഞാറ് — വായു
വടക്ക് — കുബേരൻ
വടക്കുകിഴക്ക് — ഈശാനൻ

ജ്യോതിഷ, പുരാണ, ക്ഷേത്രപാരമ്പര്യങ്ങളിൽ പ്രധാന സ്ഥാനമുള്ള മറ്റൊരു വിഭാഗമാണ് നവഗ്രഹങ്ങൾ:
സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, ഗുരു, ശുക്രൻ, ശനി, രാഹു, കേതു.
ഇവിടെ ഗ്രഹങ്ങൾ വെറും ആകാശഗോളങ്ങൾ എന്ന നിലയിൽ മാത്രമല്ല, ആരാധനാപാരമ്പര്യങ്ങളിൽ പ്രത്യേക ദൈവിക അർത്ഥത്തോടെയും കാണപ്പെടുന്നു.

അവതാരങ്ങൾ — പ്രത്യേകിച്ച് വൈഷ്ണവ പാരമ്പര്യത്തിൽ അവതാരം എന്ന ആശയത്തിന് വലിയ പ്രാധാന്യമുണ്ട്. മത്സ്യം → കൂർമ്മം → വരാഹം → നരസിംഹം → വാമനൻ → പരശുരാമൻ → ശ്രീരാമൻ → ബലരാമൻ / ബുദ്ധൻ → ശ്രീകൃഷ്ണൻ → കൽക്കി
എട്ടാമത്തെ അവതാരത്തെക്കുറിച്ച് പാരമ്പര്യങ്ങൾക്കനുസരിച്ച് വ്യത്യാസമുണ്ട്.

അവതാരസങ്കൽപ്പം പൊതുവേ ധർമ്മസംരക്ഷണത്തിനും ലോകക്ഷേമത്തിനുമായി ദൈവികത പ്രത്യേക രൂപത്തിൽ പ്രകടമാകുന്നു എന്ന ആശയവുമായി ബന്ധപ്പെട്ടതാണ്.

സനാതന ധർമ്മത്തിലെ മറ്റൊരു വലിയ ലോകമാണ് ശാക്ത–താന്ത്രിക പാരമ്പര്യം.

ദശമഹാവിദ്യകൾ — 10
കാളി, താര, ത്രിപുരസുന്ദരി / ഷോഡശി, ഭുവനേശ്വരി, ഭൈരവി, ഛിന്നമസ്ത, ധൂമാവതി, ബഗളാമുഖി, മാതംഗി, കമല.

നവദുർഗ്ഗ — 9
ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ട, കൂഷ്മാണ്ഡ, സ്കന്ദമാത, കാത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി.

അഷ്ടമാതൃകകൾ — 8
ബ്രാഹ്മി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി / ഐന്ദ്രി, ചാമുണ്ഡ, മഹാലക്ഷ്മി.

അഷ്ടഭൈരവർ ശിവന്റെ ഉഗ്രഭാവവുമായി ബന്ധപ്പെട്ട എട്ട് പ്രധാന ഭൈരവരൂപങ്ങളാണ്:
അസിതാംഗ, രുരു, ചണ്ഡ, ക്രോധ, ഉന്മത്ത, കപാല, ഭീഷണ, സംഹാര.

ഇതിനുപുറമെ കാലഭൈരവൻ, ബടുകഭൈരവൻ തുടങ്ങിയ രൂപങ്ങൾക്കും സ്വതന്ത്രമായ ആരാധനാപാരമ്പര്യങ്ങളുണ്ട്.
വടക്കൻ കേരളത്തിലെ ചില കാവുകളിലും തറവാടുകളിലും ഭൈരവൻ തെയ്യം എന്ന ആരാധനാപാരമ്പര്യവും കാണാം.

ചതുർശഷ്ടി യോഗിനികൾ — 64 യോഗിനികൾ — ശാക്ത–താന്ത്രിക പാരമ്പര്യത്തിലെ പ്രത്യേക ദേവതാസമൂഹമാണ്.

വിവിധ താന്ത്രിക പാരമ്പര്യങ്ങളിൽ ഇവരുടെ പേരുകളിലും രൂപങ്ങളിലും പട്ടികകളിലും വ്യത്യാസങ്ങളുണ്ട്.
ഒരു സ്ത്രീ യോഗസാധകയെ “യോഗിനി” എന്ന് വിളിക്കാം. എന്നാൽ 64 യോഗിനികൾ എന്നത് അതിൽനിന്ന് വ്യത്യസ്തമായ പ്രത്യേക താന്ത്രിക ദൈവിക സങ്കൽപ്പമാണ്.
കേരളത്തിലെ ചില കാവുദേവതാ പാരമ്പര്യങ്ങളിൽ ശാക്ത–താന്ത്രിക പാരമ്പര്യങ്ങളുമായി സാമ്യങ്ങൾ കാണാമെങ്കിലും, എല്ലാ കാവുദേവതകളെയും 64 യോഗിനികളായി കണക്കാക്കാനാവില്ല.

ഗണപതി, സ്കന്ദൻ, സൂര്യൻ
ചില ദൈവരൂപങ്ങൾക്ക് സ്വതന്ത്രമായ ആരാധനാപാരമ്പര്യങ്ങളും വളർന്നിട്ടുണ്ട്.

ഗണപതി പരമ്പര
ഗണപതി, ഗണേശൻ, വിനായകൻ തുടങ്ങിയ പേരുകളിൽ ആരാധിക്കപ്പെടുന്ന ഗണപതിക്ക് പല രൂപങ്ങളും ഉണ്ട്.
ബുദ്ധി, വിവേകം, വിഘ്നനിവാരണം, ശുഭാരംഭം തുടങ്ങിയ ആശയങ്ങളുമായി ഗണപതി ആരാധന ബന്ധപ്പെട്ടിരിക്കുന്നു. 

അതുകൊണ്ട് ഗണപതിയുടെ രൂപം ഒരു ആനയുടെ തലയും മനുഷ്യശരീരവും ചേർന്ന രൂപം മാത്രമല്ല; “എങ്ങനെ ജീവിക്കണം?” എന്നതിനെ പ്രതീകങ്ങളിലൂടെ പഠിപ്പിക്കുന്ന ഒരു ദാർശനിക രൂപമായി ഭക്തിപാരമ്പര്യത്തിൽ കാണാം.

വലിയ ചെവി — കേൾക്കുക
ചെറിയ കണ്ണ് — ഏകാഗ്രമായി കാണുക
വലിയ തല — വിശാലമായി ചിന്തിക്കുക
തുമ്പിക്കൈ — വിവേകത്തോടെ പ്രവർത്തിക്കുക
വലിയ വയർ — ജീവിതത്തെ ദഹിപ്പിക്കുക
ഒറ്റ കൊമ്പ് — ഏകത്വം തിരിച്ചറിയുക
മൂഷികം — ആഗ്രഹങ്ങളെ നിയന്ത്രിക്കുക

സ്കന്ദപരമ്പര
സ്കന്ദൻ, കാർത്തികേയൻ, സുബ്രഹ്മണ്യൻ, ഷൺമുഖൻ തുടങ്ങിയ പേരുകളിൽ ആരാധിക്കപ്പെടുന്നു.
വള്ളി, ദേവസേന എന്നിവയും സ്കന്ദപരമ്പരയിൽ പ്രധാന സ്ഥാനമുള്ളവരാണ്.
സൗരപരമ്പര
സൂര്യനാരായണൻ, ആദിത്യന്മാർ, സഞ്ജ്ഞാ, ഛായാ, അരുണൻ തുടങ്ങിയ സങ്കൽപ്പങ്ങൾ സൂര്യാരാധനയുമായി ബന്ധപ്പെട്ടവയാണ്.

ഋഷികൾ, മഹർഷികൾ, സിദ്ധർ, യോഗികൾ, ഗുരുക്കന്മാർ
സനാതന പാരമ്പര്യത്തിൽ ആത്മീയ ജ്ഞാനത്തിനും സാധനയ്ക്കും വലിയ സ്ഥാനമുണ്ട്.

ഋഷിമാരെ വേദമന്ത്രങ്ങളുടെയും ആത്മീയസത്യങ്ങളുടെയും ദർശകരായി പാരമ്പര്യം കാണുന്നു.
സപ്തർഷി പാരമ്പര്യത്തിൽ പ്രസിദ്ധമായ പേരുകൾ: വസിഷ്ഠൻ, വിശ്വാമിത്രൻ, അത്രി, ഗൗതമൻ, കശ്യപൻ, ഭരദ്വാജൻ, ജമദഗ്നി.

ഇതിനുപുറമെ:
വ്യാസൻ, അഗസ്ത്യൻ, നാരദൻ, ഭൃഗു, സനകാദിമുനികൾ തുടങ്ങിയവർക്കും വലിയ സ്ഥാനമുണ്ട്.

ലളിതമായി പറഞ്ഞാൽ:
ഋഷി — ആത്മീയ സത്യത്തിന്റെ ദർശകൻ
യോഗി — യോഗസാധനയിൽ ഏർപ്പെട്ടവൻ
സിദ്ധൻ — സാധനയിലൂടെ സിദ്ധി നേടിയവൻ
ഗുരു — അജ്ഞാനത്തിൽ നിന്ന് ജ്ഞാനത്തിലേക്ക് നയിക്കുന്നവൻ

ഇവർ സാധാരണ അർത്ഥത്തിൽ “ദേവന്മാർ” അല്ല. എന്നാൽ സനാതന ആത്മീയ പാരമ്പര്യത്തിന്റെ വളർച്ചയിൽ ഇവരുടെ പങ്ക് വളരെ വലുതാണ്.

ഗന്ധർവർ, അപ്സരസ്സുകൾ, യക്ഷർ, നാഗന്മാർ. പുരാണങ്ങളിലും ഇതിഹാസങ്ങളിലും ദേവന്മാരിൽ നിന്ന് വ്യത്യസ്തമായ നിരവധി ദൈവിക അല്ലെങ്കിൽ അർദ്ധദൈവിക സത്തകളെക്കുറിച്ചും കാണാം.

ഗന്ധർവർ — സംഗീതം, കല എന്നിവയുമായി ബന്ധപ്പെട്ട സത്തകൾ.
അപ്സരസ്സുകൾ — ദേവലോകവുമായി ബന്ധപ്പെട്ട ദൈവിക സ്ത്രീസത്തകൾ; നൃത്തം, സൗന്ദര്യം, കല തുടങ്ങിയ ആശയങ്ങളുമായി ബന്ധപ്പെട്ടവ.
യക്ഷർ, യക്ഷിണികൾ — പ്രകൃതി, സമ്പത്ത്, നിധികൾ എന്നിവയുമായി ബന്ധപ്പെട്ട സത്തകൾ.

ഇവയിൽ കുബേരന് പ്രത്യേക സ്ഥാനമുണ്ട്. അദ്ദേഹം ധനപതി എന്ന നിലയിലും യക്ഷഗണങ്ങളുടെ അധിപൻ എന്ന നിലയിലും അറിയപ്പെടുന്നു.

നാഗന്മാർ, നാഗിനികൾ — ജലം, ഭൂമി, ഫലഭൂയിഷ്ഠത, സംരക്ഷണം തുടങ്ങിയ ആശയങ്ങളുമായി ബന്ധപ്പെട്ട ദൈവിക/അർദ്ധദൈവിക സത്തകൾ.

പ്രസിദ്ധ നാഗരൂപങ്ങളിൽ:
അനന്തൻ / ശേഷൻ, വാസുകി, തക്ഷകൻ, കർക്കോടകൻ തുടങ്ങിയവർ ഉൾപ്പെടുന്നു.

ദൈവങ്ങളും കാവുദേവതകളും:
സനാതന പാരമ്പര്യത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ഓരോ പ്രദേശത്തിനും കുടുംബത്തിനും തറവാടിനും സ്വന്തം ദൈവസങ്കൽപ്പങ്ങൾ ഉണ്ടായിരുന്നത്. കേരളത്തിലെ കാവുകളിലും തറവാടുകളിലും ഭഗവതി, നാഗദേവതകൾ, ഭൈരവൻ, വീരഭദ്രൻ, ചാത്തന്മാർ, കുട്ടിച്ചാത്തൻ, വിഷ്ണുമായ, വിവിധ ദേശദേവതകൾ തുടങ്ങിയ ആരാധനാരൂപങ്ങൾ കാണാം. ഇവയെല്ലാം ഒരേ പുരാണപരമ്പരയിൽ നിന്നുള്ളവയാണെന്ന് പറയാനാകില്ല; ചിലത് പ്രാദേശികവും ചിലത് ശൈവ, ശാക്ത, താന്ത്രിക, വൈഷ്ണവ പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ടവയുമാണ്.

പിതൃക്കൾ — പൂർവികരുടെ സ്മരണം
സനാതന പാരമ്പര്യത്തിൽ പിതൃസങ്കൽപ്പത്തിനും പ്രത്യേക സ്ഥാനമുണ്ട്.
ശ്രാദ്ധം, തർപ്പണം തുടങ്ങിയ ആചാരങ്ങളിലൂടെ പൂർവികരെ സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു.

ഇത് ഒരു “ദേവതാപട്ടികയിലെ മറ്റൊരു ദൈവം” എന്നതിലുപരി പൂർവികരോടുള്ള നന്ദി, കുടുംബപരമ്പര, ആത്മീയബന്ധം എന്നിവയുമായി ബന്ധപ്പെട്ട സങ്കൽപ്പമാണ്.

പ്രകൃതിയും ദൈവികതയും
സനാതന പാരമ്പര്യത്തിൽ പ്രകൃതിയെ വെറും ഉപയോഗിക്കാനുള്ള വസ്തുവായി മാത്രം കാണുന്നില്ല.

നദി, പർവതം, ഭൂമി, വൃക്ഷം, മഴ, അഗ്നി, ജലം തുടങ്ങിയ പ്രകൃതിഘടകങ്ങൾക്കും ദൈവികമായ അർത്ഥം നൽകിയിട്ടുണ്ട്.
ഗംഗ, യമുന, സരസ്വതി, നർമദ, ഗോദാവരി, കാവേരി തുടങ്ങിയ നദികൾ ദേവീരൂപത്തിൽ ആരാധിക്കപ്പെടുന്നു.
ഭൂമിദേവി, വനദേവതകൾ, വൃക്ഷദേവതകൾ, പർവതദേവതകൾ തുടങ്ങിയ ആശയങ്ങളും ഇതിന്റെ ഭാഗമാണ്.

പ്രകൃതിയോടുള്ള ആദരവും സംരക്ഷണബോധവും ഈ ആരാധനാപാരമ്പര്യങ്ങളിൽ പലപ്പോഴും പ്രകടമാണ്.

ഇഷ്ടദേവത മുതൽ ഗ്രാമദേവത വരെ
ഇവിടെയാണ് സനാതന ആരാധന ഏറ്റവും പ്രാദേശികവും വ്യക്തിപരവുമാകുന്നത്.
ഇഷ്ടദേവത — വ്യക്തിക്ക് ഏറ്റവും അടുത്തതായി അനുഭവപ്പെടുന്ന ദൈവരൂപം.
കുലദേവത — കുടുംബപരമ്പരയുടെ ദേവത.
തറവാട് ദേവത — കുടുംബ/തറവാട് പാരമ്പര്യവുമായി ബന്ധപ്പെട്ട ദൈവരൂപം.
ഗ്രാമദേവത — ഒരു ഗ്രാമത്തിന്റെ സംരക്ഷക ദൈവരൂപം.
ദേശദേവത — ഒരു പ്രദേശത്തിന്റെ പാരമ്പര്യ ദൈവരൂപം.
കാവുദേവത — കാവ് കേന്ദ്രീകരിച്ചുള്ള പ്രാദേശിക ആരാധന.
കേരളത്തിലെ കാവുകളും സർപ്പാരാധനയും ഭഗവതി പാരമ്പര്യങ്ങളും ഇതിന്റെ മനോഹരമായ ഉദാഹരണങ്ങളാണ്. പ്രാദേശിക 

ഇവയുടെ പേരുകളും രൂപങ്ങളും ആചാരങ്ങളും പ്രദേശത്തിനും കുടുംബത്തിനും സമൂഹത്തിനും അനുസരിച്ച് വളരെയധികം മാറാം.

ഈ വലിയ ദൈവിക ലോകത്തെ എങ്ങനെ മനസ്സിലാക്കാം?
സനാതന ധർമ്മത്തെ ഒരു വലിയ വൃക്ഷമായി സങ്കൽപ്പിച്ചാൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പത്തിൽ മനസ്സിലാക്കാം.

വേര് - പരബ്രഹ്മം — പരമസത്യം
↓
തണ്ട് - ഭഗവാൻ / ഭഗവതി / ഈശ്വരൻ
↓
പ്രധാന ശാഖകൾ - ശിവം — വിഷ്ണു — ശക്തി — ബ്രഹ്മപരമ്പര
↓
വലിയ ശാഖകൾ - ദേവതകൾ — ദേവികൾ — അവതാരങ്ങൾ — വേദദേവതകൾ
↓
പ്രത്യേക ദേവതാസമൂഹങ്ങൾ - വസുക്കൾ — രുദ്രന്മാർ — ആദിത്യന്മാർ — ദിക്പാലകർ — നവഗ്രഹങ്ങൾ
↓
ശാക്ത–താന്ത്രിക ശാഖകൾ - മഹാവിദ്യകൾ — മാതൃകകൾ — ഭൈരവർ — 64 യോഗിനികൾ
↓
ആത്മീയ പാരമ്പര്യങ്ങൾ - ഋഷികൾ — മഹർഷികൾ — സിദ്ധർ — യോഗികൾ — ഗുരുക്കന്മാർ
↓
പുരാണ–ദൈവിക സത്തകൾ - നാഗർ — യക്ഷർ — ഗന്ധർവർ — അപ്സരസ്സുകൾ
↓
പ്രാദേശിക ശാഖകളും പൂക്കളും - ഇഷ്ടദേവത — കുലദേവത — തറവാട് ദേവത — ഗ്രാമദേവത — കാവുദേവത

ഇത് എല്ലാ ഹിന്ദു സമ്പ്രദായങ്ങളും അംഗീകരിക്കുന്ന കർശനമായ ഒരു ശ്രേണീകരണമല്ല. മറിച്ച്, വൈവിധ്യമാർന്ന സനാതന പാരമ്പര്യങ്ങളെ ഒരൊറ്റ ചിത്രത്തിൽ മനസ്സിലാക്കാനുള്ള ഒരു ലളിതമായ ഉപമ മാത്രമാണ്.

അപ്പോൾ “33 കോടി ദൈവങ്ങൾ” എന്നതിന്റെ വലിയ ചിത്രം എന്താണ്?
ഒറ്റവാക്കിൽ പറഞ്ഞാൽ, സനാതന ധർമ്മത്തിലെ എല്ലാ ദൈവികരൂപങ്ങളെയും ഒരേ തലത്തിലുള്ള ദൈവങ്ങളായി എണ്ണിക്കൂട്ടിയുണ്ടാക്കിയ ഒരു പട്ടികയല്ല ഇത്.

ഇവയിൽ ചിലത് പരമതത്ത്വത്തെ സൂചിപ്പിക്കുന്നു.
ചിലത് വ്യക്തിരൂപത്തിലുള്ള ദൈവികത.
ചിലത് പ്രപഞ്ചശക്തികൾ.
ചിലത് പ്രത്യേക ദേവതാസമൂഹങ്ങൾ.
ചിലത് അവതാരങ്ങൾ.
ചിലത് താന്ത്രിക ശക്തിരൂപങ്ങൾ.
ചിലത് ഋഷി–ഗുരു പാരമ്പര്യങ്ങൾ.
ചിലത് പുരാണങ്ങളിലെ ദൈവിക/അർദ്ധദൈവിക സത്തകൾ.
മറ്റുചിലത് കുടുംബത്തിന്റെയും ഗ്രാമത്തിന്റെയും ദേശത്തിന്റെയും പ്രാദേശിക പാരമ്പര്യങ്ങൾ.

അതുകൊണ്ടുതന്നെ സനാതന ധർമ്മത്തിലെ ദൈവസങ്കൽപ്പം ഒരു എണ്ണത്തിന്റെ കണക്കല്ല; ഒരു വലിയ ആത്മീയ ഭൂപടമാണ്.

രൂപങ്ങൾ അനേകം.
നാമങ്ങൾ അനേകം.
ശക്തികൾ അനേകം.
ആരാധനാമാർഗങ്ങൾ അനേകം.
പക്ഷേ ആ വൈവിധ്യങ്ങളുടെ പിന്നിൽ പരമസത്യത്തെ അന്വേഷിക്കുന്ന ഒരു ആഴമുള്ള ദർശനമുണ്ട്:
“ഏകം സത് വിപ്രാഃ ബഹുധാ വദന്തി”
സത്യം ഒന്ന്; ജ്ഞാനികൾ അതിനെ പലവിധം പറയുന്നു. അനേകം രൂപങ്ങളിൽ ഒരേ പരമസത്യത്തെ തേടുന്ന ആത്മീയ യാത്ര.

Friday, 11 September 2026

മതവും ദൈവവും

മനുഷ്യന് ജീവിക്കാൻ നിർബന്ധമായും ഒരു മതച്ചട്ടക്കൂടോ ദൈവഭയമോ ആവശ്യമാണോ എന്നത് ചിന്തിക്കേണ്ട ഒരു ചോദ്യമാണ്.

മതഗ്രന്ഥങ്ങളും ദൈവികതയും
മതങ്ങളും മതനിയമങ്ങളും മനുഷ്യരുടെ ചിന്തകളിൽ നിന്നും അനുഭവങ്ങളിൽ നിന്നും സാമൂഹിക സാഹചര്യങ്ങളിൽ നിന്നുമാണ് രൂപപ്പെട്ടത്. അവ പിന്നീട് ഗ്രന്ഥങ്ങളായി എഴുതപ്പെട്ടു. എഴുതപ്പെട്ട കാലത്ത് അവയെ എല്ലാവരും ഒരേ രീതിയിൽ ദൈവികമായി കണക്കാക്കിയിരുന്നില്ല.

കാലം കടന്നുപോകുമ്പോൾ, ആ ഗ്രന്ഥങ്ങൾക്ക് കൂടുതൽ അധികാരവും വിശുദ്ധതയും ലഭിച്ചു. ഒടുവിൽ ചിലർ അവയെ മനുഷ്യരുടെ രചനകളായി കാണാതെ, “ദൈവം നേരിട്ട് എഴുതിയതോ ദൈവം എഴുതിച്ചതോ” ആണെന്ന് വിശ്വസിക്കാൻ തുടങ്ങി.
അങ്ങനെ, മനുഷ്യന്റെ ആത്മീയ അനുഭവങ്ങളും ചിന്തകളും രേഖപ്പെടുത്തിയ ഗ്രന്ഥങ്ങൾ കാലക്രമേണ ദൈവിക കല്പനകളായി വ്യാഖ്യാനിക്കപ്പെടുകയും, അവയെ അടിസ്ഥാനമാക്കി മതനിയമങ്ങളും സാമൂഹിക വ്യവസ്ഥകളും രൂപപ്പെടുകയും ചെയ്തു.

അതുകൊണ്ട് ചോദിക്കേണ്ട പ്രധാന ചോദ്യം ഇതാണ്: ഗ്രന്ഥം ദൈവികമായതാണോ, അതോ ദൈവത്തെ തേടിയ മനുഷ്യന്റെ അനുഭവത്തിന്റെ രേഖയാണോ?

ഒരു സമൂഹമായി ജീവിക്കുമ്പോൾ ചില നിയമങ്ങൾ തീർച്ചയായും ആവശ്യമാണ്. അതിനായി സർക്കാർ നിയമങ്ങൾ ഉണ്ടാക്കുന്നു — ആഭ്യന്തര കലഹങ്ങൾ ഒഴിവാക്കാനും, പൊതുസ്വത്ത് സംരക്ഷിക്കാനും, മറ്റുള്ളവരുടെ അവകാശങ്ങൾ മാനിക്കാനും, സമൂഹത്തിന്റെ ക്രമം നിലനിർത്താനും. എന്നാൽ നിയമം മാത്രം കൊണ്ട് ഒരാൾ നല്ല കുടുംബാംഗമായും നല്ല മാതാപിതാവായും നല്ല അയൽക്കാരനായും ജീവിക്കണമെന്നില്ല.

അവിടെയാണ് മതങ്ങൾ ചരിത്രത്തിൽ ഒരു സാമൂഹിക സംവിധാനമായി പ്രവർത്തിച്ചിട്ടുണ്ടാകാം. “ദൈവഭയം”, “പാപഭയം”, “ശിക്ഷ”, “സ്വർഗം”, “നരകം” തുടങ്ങിയ ആശയങ്ങളിലൂടെ മനുഷ്യന്റെ പെരുമാറ്റത്തെ നിയന്ത്രിക്കുകയും, ചില ധാർമ്മിക മൂല്യങ്ങൾ സമൂഹത്തിൽ നിലനിർത്തുകയും ചെയ്തു. അതായത്, മതത്തെ വെറും ദൈവവിശ്വാസമായി മാത്രമല്ല, മനുഷ്യസമൂഹത്തെ നിയന്ത്രിക്കാനും ക്രമപ്പെടുത്താനും രൂപപ്പെട്ട ഒരു സംവിധാനമായും കാണാം.

പക്ഷേ ഇവിടെ മറ്റൊരു ചോദ്യം ഉയരുന്നു. ദൈവം ഒന്നേയുള്ളൂ എങ്കിൽ മതങ്ങൾ ഇത്രയും വ്യത്യസ്തമായത് എന്തുകൊണ്ട്?

പല മതങ്ങളിലുമുള്ള ദൈവസങ്കൽപ്പങ്ങളും ആചാരങ്ങളും നിയമങ്ങളും പരസ്പരം വ്യത്യസ്തമാണ്. ഇത് പല രാഷ്ട്രീയ പാർട്ടികളെയും അവയുടെ വ്യത്യസ്ത ആശയങ്ങളെയും, വ്യത്യസ്ത സ്വഭാവമുള്ള നേതാക്കളെയും ഓർമ്മിപ്പിക്കുന്നു. ഒരേ അടിസ്ഥാന ആവശ്യങ്ങൾക്കായി ഓരോ സമൂഹവും അവരുടെ ചരിത്രം, സംസ്കാരം, ഭൂപ്രകൃതി, ജീവിതരീതി എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ വ്യത്യസ്ത നിയമങ്ങളും വിശ്വാസങ്ങളും രൂപപ്പെടുത്തിയതാകാം.

അതുകൊണ്ട് ഒരു പ്രദേശത്ത് രൂപപ്പെട്ട ഒരു മതനിയമം അവിടുത്തെ സാമൂഹിക സാഹചര്യത്തിൽ സ്വാഭാവികമായി പ്രവർത്തിച്ചേക്കാം. എന്നാൽ അതേ നിയമം അതിന്റെ ചരിത്രവും സംസ്കാരവും ജീവിതസാഹചര്യങ്ങളും വ്യത്യസ്തമായ മറ്റൊരു സമൂഹത്തിലേക്ക് അതേപടി കൊണ്ടുവരുമ്പോൾ അത് ചിലപ്പോൾ “ഏച്ചുകെട്ടിയതുപോലെ” തോന്നാം.

പ്രശ്നം മതം ഉണ്ടായതിൽ മാത്രമല്ല; ഒരു പ്രത്യേക കാലത്തും സ്ഥലത്തും രൂപപ്പെട്ട വിശ്വാസങ്ങളെയും നിയമങ്ങളെയും എല്ലാ കാലത്തേക്കും എല്ലാ സമൂഹങ്ങൾക്കും ബാധകമായ അന്തിമസത്യമായി പ്രഖ്യാപിക്കുമ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.

മനുഷ്യൻ നല്ലവനായി ജീവിക്കാൻ ദൈവഭയം വേണമോ, അതോ മനുഷ്യനോടുള്ള കരുണയും ഉത്തരവാദിത്വബോധവും വിവേകവും മതിയോ?

ഒരുപക്ഷേ, മനുഷ്യരാശിയുടെ അടുത്ത ആത്മീയ പരിണാമം ഇതായിരിക്കാം —
“ദൈവത്തെ ഭയന്ന് നല്ലവനാകുന്നതിൽ നിന്ന്, മറ്റൊരു മനുഷ്യനെ വേദനിപ്പിക്കരുതെന്ന് മനസ്സിലാക്കി നല്ലവനാകുന്നതിലേക്ക്.”

Thursday, 10 September 2026

മരണത്തിന് പ്രായപരിധി ഇല്ല

മരണത്തിന് പ്രായത്തിന്റെ നിയമമില്ല.

15 മുതൽ 29 വയസ്സുവരെയുള്ളവരിൽ മരണം സംഭവിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ അപകടങ്ങൾ വലിയൊരു പങ്ക് വഹിക്കുന്നു. 30 വയസ്സിന് ശേഷം വിവിധ രോഗങ്ങൾ, പ്രത്യേകിച്ച് ഹൃദയസംബന്ധമായ രോഗങ്ങൾ, മരണകാരണങ്ങളിൽ വലിയ പങ്ക് വഹിക്കുന്നു.

2021-ലെ ദേശീയ കുറ്റകൃത്യ രേഖാ ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയിൽ 3,90,404 അപകടമരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
അതിൽ:
വാഹനാപകടങ്ങൾ — 1,73,860 (44.5%)
പെട്ടെന്നുണ്ടാകുന്ന മരണം — 50,773 (13.0%)
വിഷബാധ — 23,472 (6.0%)
വീഴ്ച മൂലമുള്ള മരണം — 21,609 (5.5%)
വൈദ്യുതാഘാതം — 12,529 (3.2%)
അപകടകരമായ തീപിടിത്തം — 8,348 (2.1%)
മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലമുള്ള മരണം — 737 (0.2%)

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2021-ൽ ഇന്ത്യയിലെ മൊത്തം മരണങ്ങളിൽ ഏകദേശം:
49.1% — സാംക്രമികമല്ലാത്ത രോഗങ്ങൾ
38.4% — സാംക്രമിക രോഗങ്ങൾ, മാതൃ-ശിശു സംബന്ധമായ കാരണങ്ങൾ, പോഷകക്കുറവ് തുടങ്ങിയവ
7% — പരിക്കുകളും അപകടങ്ങളും
5.5% — കോവിഡ്-19 സംബന്ധമായ കാരണങ്ങൾ
മറ്റൊരു പ്രധാന കണക്ക് കൂടി ശ്രദ്ധിക്കേണ്ടതാണ്.

30 മുതൽ 70 വയസ്സിനിടയിൽ ഹൃദ്രോഗം, പക്ഷാഘാതം, അർബുദം, പ്രമേഹം, ശ്വാസകോശസംബന്ധമായ ഗുരുതര രോഗങ്ങൾ തുടങ്ങിയ പ്രധാന സാംക്രമികമല്ലാത്ത രോഗങ്ങളിൽ ഏതെങ്കിലും മൂലം മരിക്കാനുള്ള സാധ്യത ഇന്ത്യയിൽ ഏകദേശം 23.7% ആയിരുന്നു.

ചെറുപ്പത്തിൽ സംഭവിക്കുന്ന മരണങ്ങളിൽ അപകടങ്ങൾക്കൊപ്പം ആത്മഹത്യയും ഒരു പ്രധാന കാരണമാണ്.

ഏറ്റവും പുതിയ ലഭ്യമായ 2023-ലെ ദേശീയ കുറ്റകൃത്യ രേഖാ ബ്യൂറോയുടെ (NCRB) കണക്കനുസരിച്ച്, ഇന്ത്യയിൽ ആകെ 1,71,418 ആത്മഹത്യകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രായം അനുസരിച്ചുള്ള കണക്ക്:
18 വയസ്സിന് താഴെ — 10,785 പേർ (6.3%)
18–30 വയസ്സ് — 56,170 പേർ (32.8%)
30–45 വയസ്സ് — 55,731 പേർ (32.5%)
45–60 വയസ്സ് — 32,945 പേർ (19.2%)
60 വയസ്സിന് മുകളിൽ — 15,787 പേർ (9.2%)

അതായത്, 30 വയസ്സിന് താഴെയുള്ളവരിൽ മാത്രം 66,955 ആത്മഹത്യകൾ, അഥവാ 2023-ൽ രേഖപ്പെടുത്തിയ ആകെ ആത്മഹത്യകളുടെ ഏകദേശം 39.1% സംഭവിച്ചിട്ടുണ്ട്.

അതിനാൽ ഒരു കാര്യം വ്യക്തമാണ്:
മരണം പ്രായം നോക്കി വരുന്നില്ല.
വാർദ്ധക്യം മരണത്തെ സ്വീകരിക്കാൻ മനുഷ്യനെ പതുക്കെ ഒരുക്കുന്ന പ്രകൃതിയുടെ ഒരു വഴിയാണെങ്കിൽ, ചെറുപ്പത്തിലെ അപ്രതീക്ഷിത മരണം നമ്മെ ഓർമ്മിപ്പിക്കുന്നത് മറ്റൊന്നാണ്—
“മരണത്തിന് പ്രായത്തിന്റെ നിയമമില്ല.”
അതുകൊണ്ടുതന്നെ വാർദ്ധക്യത്തെ മാത്രം മരണത്തിനുള്ള തയ്യാറെടുപ്പായി കാണുന്നതും പൂർണ്ണമായല്ല.
വാർദ്ധക്യം ദൈവം നൽകിയ പരീക്ഷണമാണെങ്കിൽ, പ്രായമായവരെ എങ്ങനെ പരിചരിക്കുന്നു എന്നത് മനുഷ്യന് നൽകിയ പരീക്ഷണമാണ്.

പ്രായമായ മാതാപിതാക്കളെ അഗതിമന്ദിരങ്ങളിലേക്ക് മാറ്റിവിട്ട്, പിന്നീട് വാർദ്ധക്യത്തെക്കുറിച്ച് വലിയ ആത്മീയ സന്ദേശങ്ങൾ പറയുന്നതിൽ എന്താണ് അർത്ഥം?

യൗവനത്തിൽ മരിക്കുന്നവനും വാർദ്ധക്യത്തിൽ മരിക്കുന്നവനും നമ്മോട് ഒരേ സത്യം പറയുന്നു:
ജീവിതം ഉറപ്പുള്ളതാണ്; പക്ഷേ അതിന്റെ ദൈർഘ്യം ഉറപ്പുള്ളതല്ല.

അതുകൊണ്ട് ജീവിച്ചിരിക്കുന്ന കാലത്ത് സ്നേഹിക്കുക, കരുതുക, ക്ഷമിക്കുക, സഹായിക്കുക, മാതാപിതാക്കളെയും പ്രായമായവരെയും ആദരിക്കുക.