നാളെ ഒരു പൊങ്കാലക്കാലം കൂടി ആരംഭിക്കുകയാണ്. പൊങ്കാല എന്ന് വാക്കിനർത്ഥം തിളച്ചു മറിയുക എന്നാണ്. മനം ഉരുകി കരയുന്ന മങ്കമാരുടെ മനസ്സിലെ മാതൃത്വസ്നേഹം നിറഞ്ഞു തുളുമ്പുന്ന നൈവേദ്യമാണ് പൊങ്കാല. കുംഭ മാസത്തിലെ കാർത്തിക നക്ഷത്രത്തിലാണ് പൊങ്കാല നടക്കുന്നത്. പൂരം നാളും പൗർണമിയും ഒത്തു വരുന്ന അന്ന് പൊങ്കാല സമർപ്പിക്കും. പുതിയ മൺകലത്തിലാണ് പൊങ്കാല ഇടേണ്ടത്. പ്രപഞ്ചത്തിൻറെ പ്രതീകമായി മൺകലത്തിനെ തങ്ങളുടെ ശരീരമായി സങ്കൽപ്പിച്ച് അതിൽ അരിയാകുന്ന മനസ്സ് തിളച്ച് അഹംബോധം നശിക്കും.
കുമ്മാട്ടി, വേല, പ്രതിഷ്ഠാ ദിനം, ഉത്സവം, ചിലപ്പോൾ നവരാത്രി, തൃക്കാർത്തിക എന്നിങ്ങനെ ഉള്ള വിശേഷ ദിനങ്ങളിൽ കാവിലെ ഭഗവതിക്ക് പൊങ്കാല ഇടാൻവേണ്ടി സ്ത്രീകൾ എത്തും.
മധുരയിൽ നിന്നും കൊടുങ്ങല്ലൂരേക്കുള്ള യാത്രാമധ്യേ ആറ്റുകാലിലെത്തിയ കണ്ണകിയെ മുല്ലവീട്ടിൽ പരമേശ്വരൻപിള്ള സ്വാമിയാണ് ആദ്യമായി ദേവിക്ക് നിവേദ്യം സമർപ്പിച്ചത്. പൂരം നക്ഷത്ര (കുംഭമാസ)ത്തിലായിരുന്നു. കാപ്പുകെട്ടിന് കാർത്തികയുമാണ് നോക്കുന്നത്. എല്ലാ കാർത്തികയ്ക്കും ലക്ഷാർച്ചന നടത്തുന്നു
മധുരാപുരി ചുട്ടെരിച്ച് കോപത്തിൽ എത്തിയ കണ്ണകിയെ ശാന്തയാക്കാൻ ജനങ്ങൾ പൊങ്കാലയിട്ടു എന്നാണ് സങ്കൽപ്പം. ഈ വിശ്വാസത്തിലാണ് എല്ലാവർഷവും പൊങ്കാലയിടുന്നത്.
മഹിഷാസുര മർദ്ദനത്തിന് ശേഷം സാക്ഷാൽ ശ്രീഭദ്രകാളിയെയും ഇത്തരത്തിൽ ഏതിരേറ്റെന്നും കഥയുണ്ട്.
ആറ്റുകാൽ ക്ഷേത്രത്തവും ആയി ബന്ധപ്പെട്ട് നിരവധി ഐതീഹ്യങ്ങളാണ് പ്രചരിക്കുന്നത്. അതില്‍ ഒന്നാണ് മല്ലവീട്ടില്‍ തറവാട്ടിലെ ഒരു കാരണവര്‍ കിള്ളിയാറ്റില കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു പെണ്‍കുട്ടി വരികയും മറകരയില്‍ എത്തിക്കാമോ എന്ന് ചോദിക്കുകയും ചെയ്തു. കാരണവര്‍ കുട്ടിയെ മുതുകില്‍ കയറ്റി മറുകരയില്‍ എത്തിച്ചു. തന്റെ വീട്ടില്‍ താമസിപ്പിച്ച് ഭക്ഷണം നല്‍കാമെന്ന് കരുതിയെങ്കിലും പെട്ടന്ന് തന്നെ ഇവരെ കാണാതാകുകയും ചെയ്യുകയായിരുന്നു. അന്ന് രാത്രിയിൽ കാരണവർ കണ്ട സ്വപ്‌നത്തിൽ ദേവി പ്രത്യക്ഷപ്പെടുകയും രാവിലെ മുന്നില്‍ വന്ന ബാലിക താനാണെന്ന് പറയുകയുമായിരുന്നു. പിന്നീട് താന്‍ പറയുന്ന സ്ഥലത്ത് ഒരു ക്ഷേത്രം പണിത് അവിടെ കുടിയിരുത്തണമെന്ന് പറയുകയുമായിരുന്നു. പിറ്റേന്ന് കാവില്‍ എത്തിയ കാരണവര്‍ ശൂലം ഉപയോഗിച്ച അടയാളം ശ്രദ്ധയില്‍ പെട്ടത്. പിന്നീട് ഇവിടെ ക്ഷേത്രം നിര്‍മ്മിച്ചുവെന്നാണ് ഐതീഹ്യം.
ദ്രാവിഡ ഗോത്രജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. അവരായിരുന്നു അമ്മ ദൈവത്തെ ആരാധിച്ചിരുന്നത്. ഇന്നത് ശക്തേയ, ഹൈന്ദവ ആചാരങ്ങളുടെ ഭാഗമായി മാറിയിട്ടുണ്ട്. അതുകൊണ്ടാണ് ഭഗവതി ക്ഷേത്രങ്ങളിൽ ഈ അനുഷ്ഠാനം കാണപ്പെടുന്നത്. ശാക്തേയ വിശ്വാസപ്രകാരം പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. ജഗദീശ്വരിയും ആദിപരാശക്തിയുമായ ഭഗവതിയുടെ ഇഷ്ടവഴിപാടാണ് പൊങ്കാല എന്ന് വിശ്വാസം.
മണ്ണ് ശരീരത്തെയും കലം താഴികകുടത്തെയും സൂചിപ്പിക്കുന്നു. കലത്തിലാണ് പൊങ്കാല സമർപ്പിക്കേണ്ടത്. ശർക്കരയാകുന്ന പരമാനന്ദം കൂടി ചേരുമ്പോൾ അത് ആത്മസാക്ഷാത്കാരത്തിൻറെ പായസമായി മാറുന്നു എന്നാണ് തത്വം. പൊങ്കാലക്ക് ആദ്യ തീ കത്തിക്കുന്നത് ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പിലാണ്. ഇവിടെ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കാൻ പാടുള്ളൂ. സാധാരണയായി ശർക്കര പായസം, കടുംപായസം അഥവാ കഠിനപായസം, വെള്ള ചോറ്, വെള്ളപായസം, എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് മുതലായ ഏത് ഭക്ഷ്യ വസ്തുവും ഉണ്ടാക്കി ഭക്തിയോടെ ഭഗവതിക്ക് നിവേദിക്കാം. ഞാന്‍ എന്ന അഹംഭാവം വെടിഞ്ഞ് ആത്മസമർപ്പണം നടത്തണം. മൺകലം മനുഷ്യശരീരവും പായസം മനസ്സുമാണ്. അഗ്നിയുടെ ചൂടുകൊണ്ട് അരി തിളച്ചുമറിയുന്നു. മനസ്സ് നിഷ്കളങ്കമാകുമ്പോഴാണ് പായസം ദേവിക്ക് നിവേദിക്കുന്നത്. പഞ്ചഭൂതം കൊണ്ടുള്ള ശരീരത്തിൽ നിറഞ്ഞു നിൽക്കുന്ന ഈശ്വരചൈതന്യത്തെ കാമ ക്രോധ ലോഭ മോഹ മദം മത്സര്യം എന്നീവ ദുഷ്ടതകളാല്‍ മറച്ചു വച്ചിരിക്കുന്നു. ഇവ തിളച്ചു മറിഞ്ഞ് ആവിയാക്കി അമ്മയുടെ കാലിലർപ്പിക്കുന്ന ചടങ്ങാണ് പൊങ്കാല. ആഹാരം അവസാനിക്കാത്ത അക്ഷയപാത്രമാണ് മൺകലം. അഷ്ടദ്രവ്യങ്ങള്‍ കൊണ്ട് തയാറാക്കുന്ന അഷ്ടദ്രവ്യ പൊങ്കാല വളരെ സവിശേഷത ഉള്ളതാണ്. ആദിലക്ഷ്മി, ഗജലക്ഷ്മി, വിദ്യാലക്ഷ്മി, ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, സന്താനലക്ഷ്മി, വിജയലക്ഷ്മി, ഐശ്വര്യലക്ഷ്മി എന്നിങ്ങനെയുള്ള ലക്ഷ്മിയുടെ ഐശ്വര്യത്തിനാണ് അഷ്ടദ്രവ്യ പൊങ്കാലയുടെ പൊരുൾ. ദേവിപാദപത്മങ്ങളിൽ നമ്മുടെ ദുരിതങ്ങളും പുണ്യവും സമർപ്പിക്കുന്ന ചടങ്ങാണ് പൊങ്കാല. സൂര്യന്റെ നിറമുള്ള കലമാണ് പുത്തൻകലത്തിന്റേത്. കിഴക്കോട്ടു നോക്കിനിന്നുവേണം അരി കലത്തിൽ ഇടാൻ.
രാവിലെ 10.30 നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. പിന്നീട് ഉച്ചകഴിഞ്ഞ് 2:30-ക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല ഇട്ട് ജനങ്ങൾ മടങ്ങും. അടുത്ത ദിവസം രാത്രി 12: 30 ന് നടക്കുന്ന കുരുതിയോട്കൂടി ആറ്റുകാൽ പൊങ്കാല സമാപിക്കും. പൊങ്കാല ഉത്സവം തുടങ്ങി മൂന്നാം ദിനം മുതൽ കുത്തിയോട്ട വ്രതം ആരംഭിക്കും. പൊങ്കാല ദിവസം ബാലികമാർക്കുള്ള നേർച്ചയായ താലപ്പൊലിയും നടക്കും.
പൊങ്കാല കേരളത്തിലേയും തമിഴ്നാട്ടിലേയും കൊയ്ത്തുത്സവമാണ്. അമ്മയുടെ തിരുസന്നിധിയിൽ മകൾ അമ്മയോടെന്ന പോലെ തന്റെ ദു:ഖങ്ങൾക്ക് ആശ്വാസമേകുമെന്ന പ്രതീക്ഷയോടുകൂടി അർപ്പിക്കുന്ന പൊങ്കാല ഒരു ദിവ്യൌഷധമയാണ് കരുതിപ്പോരുന്നത്. ആചാരപരമായി അരിയും ശർക്കരനീരും നാളികേരം ചിരകിയതും അണ്ടിപരിപ്പുകളും ഉണക്ക മുന്തിരിയും ചേർത്തുണ്ടാകുന്ന വിഭവം ദൈവത്തിനു നേദിക്കലാണ്. പ്രധാനമായും സ്ത്രീ വിശ്വാസികളാണ് ഇതിൽ പങ്കെടുക്കുന്നത്.
മാതൃ ദൈവാരാധന അഥവാ ശാക്തേയ ആരാധനയുടെ ഭാഗമാണ് പൊങ്കാല. മാതൃ ദൈവവും കാർഷിക സമൃദ്ധി, ഊർവരത എന്നിവയുമായുള്ള ബന്ധത്തിന്റെ നേർക്കാഴ്ചയാണ് പൊങ്കാല. ഇക്കൊല്ലം നല്ല വിളവ് തന്നെ ഭഗവതി അടുത്ത കൊല്ലവും നല്ല വിളവ് തരണേ എന്നൊരു പ്രാർത്ഥന കൂടി ഇതിൽ കാണാവുന്നതാണ്. തമിഴ്നാട്ടിൽ തൈപ്പൊങ്കൽ ആഘോഷിക്കുന്നു. കേരളത്തിൽ ആറ്റുകാൽ പൊങ്കാല, ചക്കുളത്ത്കാവ് പൊങ്കാല എന്നിവ പ്രസിദ്ധമാണ്.
പൊങ്കാല തിളച്ചു വരുന്നതുവരെ ഒന്നുംതന്നെ കഴിക്കാൻ പാടില്ല. പണ്ടുകാലങ്ങളിൽ നേദിച്ച ശേഷമാണ് കഴിച്ചിരുന്നത്. ഇന്നത്തെ ഭക്തരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് നിവേദ്യം തയാറായിക്കഴിഞ്ഞാല്‍ കരിക്കോ, പാലോ, പഴമോ കഴിച്ച് ഉപവാസം അവസാനിപ്പിക്കണം. എന്നിട്ട് മറ്റു പദാർഥങ്ങളായ പ്രസാദ ഊട്ട് കഴിക്കാവുന്നതാണ്.
പൊങ്കാലയും ക്ഷേത്രദർശനവും കഴിഞ്ഞ് അന്നേദിവസം കുളിക്കരുത്. ദേവിചൈതന്യം കൂടിയിരിക്കുന്നതിനാൽ വ്രതാനുഷ്ഠാനം മതി.
ദേവിയ്ക്ക് ജാതിമതലിംഗ വ്യത്യാസമില്ല. ഭക്തിയാണ് പ്രധാനം. ആർക്കുമിവിടെ പൊങ്കാലയിടാം.
പൊങ്കാലയിട്ട പാത്രങ്ങൾ പിന്നീട്
ഭവനത്തിൽ കൊണ്ടുപോയി ശുദ്ധിയാക്കി അരിയിട്ടു വയ്ക്കാം. ദിവസവും ചോറിനുള്ള അരിക്കൊപ്പം ഇതിൽനിന്നും ഒരുപിടി അരികൂടി അതിലിടണം, അന്നത്തിന് ബുദ്ധിമുട്ട് വരരുതേയെന്നും പ്രാർഥിക്കണം. അല്ലെങ്കിൽ വരുംദിവസങ്ങളിൽ ആ പാത്രത്തിൽ ചോറുവയ്ക്കുന്നതിൽ തെറ്റില്ല. അടുത്ത പൊങ്കാല ദിവസം വരെയിത് ആവർത്തിക്കണം. പുതിയ പാത്രം വരുമ്പോൾ അവയിലുമിത് ആവർത്തിക്കുക.
സ്വന്തം വീടിനു മുന്നിലോ സ്ഥാപനത്തിന്റെ മുന്നിലോ അമ്മയെ സങ്കൽപിച്ചു പൊങ്കാലയിടാം. ക്ഷേത്രത്തിൽ പോയി പൊങ്കാലയിടാൻ കഴിയാത്തവർക്ക് ഗൃഹഐശ്വര്യത്തിനും വാസ്തുദുരിതത്തിനും പരിഹാരമായി ചെയ്യാം.
ലളിതാസഹസ്രനാമത്തിലെ നാല് നാമങ്ങൾ പൊങ്കാല സമയത്ത് ജപിച്ചു കൊണ്ടേയിരിക്കണം. 428–ാമത്തെ നാമമായ (പഞ്ചകോശാന്തരസ്ഥി തായെ നമഃ) ശരീരത്തിൽ അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നീ 5 കോശങ്ങൾക്കുള്ളിലാണ് ദേവിയായ പരമാത്മാവ് കുടികൊള്ളുന്നത്. ശരീരമായ ശ്രീചക്രത്തിലും 5 കോശങ്ങളുണ്ട്. ഭൂമണ്ഡലത്തെ കുറിയ്ക്കുന്ന അന്നമയ കോശം, സ്തൂലാവസ്ഥയിലും, ആകാശതത്വത്തെ കുറിയ്ക്കുന്ന ആനന്ദമയ കോശം, സൂക്ഷ്മാവസ്ഥയിലും പ്രവർത്തിക്കുന്നു. അത്യന്തം ശാസ്ത്രീയമായ സിദ്ധാന്തത്തെ പൊങ്കാല സമർപ്പണമായി ദേവിക്ക് നൽകുമ്പോൾ പഞ്ചകോശങ്ങൾ പുണ്യാത്മാക്കളുടെ ശരീരത്തിൽ നിലനിർത്തുന്നു. 480–ാം നാമം, പായസാന്നപ്രിയായെ നമഃ, ദേവി ദേവന്മാർക്ക് വളരെ ഇഷ്ടമായ പായസം ദേവിക്ക് നമസ്ക്കാരമെന്നർത്ഥം. 501–ാം നാമം ഇവ കൂടാതെ സര്‍വ്വമംഗളമംഗല്ല്യേ എന്നതും, ദേവി പ്രസീദേ ദേവി പ്രസീദേ എന്നു ചൊല്ലിയും സമർപ്പിക്കുക.