Sunday, 12 April 2026

ഹസ്‌തിനപുരം

ഇന്ന് മീററ്റിൽ. രാമായണവും മഹാഭാരതവും ചേർന്ന് നിൽക്കുന്ന ഒരു ഭൂമിയാണ് ഇത്.

രാവണൻ്റെ ഭാര്യ മന്ധോദരിയുടെ അച്ഛൻ മായാസുരൻ എന്ന ആർകിടെക്ട് ഭരിച്ചിരുന്ന മായാരാഷ്ട്രവും, കൗരവരും പാണ്ഡവരും ജിവിച്ച് വളർന്ന, കുരുക്ഷേത്ര യുദ്ധത്തിനു കാരണമായ ദ്രൗപദിയുടെ വസ്ത്രാക്ഷേപം നടന്ന ഹസ്തിനപുരം കൊട്ടാരം ഉണ്ടായിരുന്നത് ഇപ്പോഴത്തെ മീററ്റിൽ ആയിരുന്നു. 

अहल्या द्रौपदी कुंती तारा मंदोदरी तथा।
पंचकन्या स्मरेन्नित्यं महापातक नाशनम्॥

പഞ്ചകന്യകൾ ആയി അറിയപെടുന്ന അഹല്യ (ബോധോദയം/awakening) ദ്രൗപതി(സമർപ്പണം/Surrender) കുന്തി (സഹനം/Patience) താര (വിവേകം/Wisdom) മണ്ഡോദരി (ധർമ്മം/Righteousness) എന്നിവരിലെ മണ്ഡോദരിയുടെ നടാണ് മീററ്റ്.

ഏറ്റവും ശക്തനും ജ്ഞാനിയുമായ വ്യക്തിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച് മണ്ഡോദരി പൂജ ചെയ്ത ബിൽവേശ്വർ ക്ഷേത്രവും ഉണ്ട് ഇവിടെ.

ഡൽഹിയിൽ നിന്ന് 80 km അകലത്തിൽ സ്ഥിതി ചെയ്യുന്ന മീററ്റിന് ചുറ്റും മഹാഭാരതവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ആണ്. പാണ്ഡവരുടെ കൊട്ടാരം സ്ഥിതി ചെയ്യുന്ന ഇന്ദ്രപ്രസ്ഥ എന്ന ഡൽഹി, കൗരവരും പാണ്ഡവരും യുദ്ധം ചെയ്ത കുരുക്ഷേത്രം, കൗരവർ പാണ്ഡവരെ ചുട്ട് കൊല്ലാൻ ഉണ്ടാക്കി കൊടുത്ത ലാക്ഷാഗൃഹ കൊട്ടാരം സ്ഥിതി ചെയ്തിരുന്ന വർണവ്രത (ഇപ്പോഴത്തെ ബാഗ്പത്/ബർണാവ ഡൽഹിയിൽ നിന്ന് 40km) എന്ന സ്ഥലവും ഒക്കെ. 

അയ്യായിരം വർഷങ്ങൾക്ക് മുൻപുള്ള ഹസ്തിനാപുരത്തിന്റെ അവശിഷ്ടങ്ങൾ ഇന്ന് വ്യക്തമായി കാണാൻ കഴിയുന്നില്ലെങ്കിലും, ദ്രൗപദിയുടെ വസ്ത്രാക്ഷേപം നടന്ന സമയത്ത് ശ്രീ കൃഷ്ണൻ ദ്രൗപദിക്ക് നാണം മറക്കാൻ തുണി കൊടുത്തത് ഈ മരത്തിൽ ഇരുന്നോണ്ട് ആണ് എന്ന് പറയുന്ന ഒരു വടവൃക്ഷം ഉണ്ട് അവിടെ. വടവൃക്ഷത്തിന് അടുത്ത് ഒരു ആശ്രമം ഉണ്ട്, ഞാനും കൂട്ടുകാരൻ ഡോക്ടറും ചെല്ലുമ്പോൾ 3 സന്ന്യാസിമാർ ഉണ്ടായിരുന്നു. കുറച്ച് നേരം അവരുടെ കൂടെ ഇരുന്ന് പരിചയപ്പെട്ട് ചായയും കുടിച്ച് ആ മരത്തിൻ്റെ ഫോട്ടോകളും എടുത്ത് പുറപെട്ടു.

വടവൃക്ഷത്തിൽ നിന്ന് 150 മീറ്റർ എതിർ ഭാഗത്ത് ആയിരുന്നു ചൂത് കളി നടന്ന രാജ്ദർബാർ ഉണ്ടായിരുന്ന സ്ഥലം. ഏകദേശം 2-3 കിലോമീറ്റർ നീളത്തിൽ ഉയർന്ന ഒരു പ്രദേശം – അതാണ് കൊട്ടാരഭാഗം. യാത്രയ്ക്കിടെ വഴിയിൽ കാണുന്ന പട്ടികൾക്ക് ഭക്ഷണം നൽകുന്ന ശീലം ഉള്ളതിനാൽ, ബിസ്ക്കറ്റ് വാങ്ങാൻ ഒരു കടയിൽ കയറിയപ്പോൾ, അവിടെവെച്ച് കടക്കാർ കുരങ്ങുകൾക്ക് കൊടുക്കാൻ വറുത്ത കടലയും മധുരവും ഓരോ കിലോ വാങ്ങാൻ നിർബന്ധിച്ചു. അതും വാങ്ങി മുന്നോട്ട് പോയി.

കൊട്ടാരം കണ്ടില്ലെങ്കിലും ജമ്പുദ്വീപ് എന്നറിയപ്പെടുന്ന ആ ഭാഗം മുഴുവനും മനോഹരമായ ജൈന മത ക്ഷേത്രങ്ങൾ ഉണ്ട്.

തുടർന്ന്, രാജകുടുംബത്തിലെ റാണിമാർ പൂജയ്ക്കായി എത്തിയിരുന്ന ശിവനും കാളിയുടെയും ക്ഷേത്രങ്ങൾ സന്ദർശിച്ചു. അവിടെ ദർശനം നടത്തി, വഴിയിലുണ്ടായിരുന്ന കുരങ്ങുകൾക്കും പട്ടികൾക്കും ഭക്ഷണം നൽകി മുന്നോട്ട് നീങ്ങി. ഏകദേശം 2 കിലോമീറ്റർ യാത്ര കഴിഞ്ഞപ്പോൾ, Bhishma പിതാമഹൻ സ്നാനത്തിനും ധ്യാനത്തിനുമായി പോയിരുന്ന ഗംഗാനദി തീരവും കണ്ടു. അവിടെ നിന്ന് അമരോഹയിലേക്ക് തിരിച്ചു.

മടങ്ങി വരുന്ന വഴി, അർജ്ജുനൻ്റെ പേരക്കുട്ടി പരിക്ഷിത്തിന് ശാപം ലഭിച്ച ശേഷം അവസാന ഏഴ് ദിവസങ്ങൾ തപസ്സ് ചെയ്തതായി പറയുന്ന ശുക്രതാൾ എന്ന സ്ഥലവും കണ്ടു. അതിന്റെ അനുഭവങ്ങൾ അടുത്ത ബ്ലോഗിൽ പങ്കുവെക്കാം.

No comments:

Post a Comment