Friday, 13 November 2026

കീർത്തിമുഖം

കീർത്തിമുഖത്തിന്റെ കഥ മനുഷ്യന്റെ അതിരുകളില്ലാത്ത വിശപ്പും ആഗ്രഹങ്ങളും ഒടുവിൽ അവനെത്തന്നെ വിഴുങ്ങാൻ കഴിവുള്ളവയാണ്. അഹങ്കാരവും അത്യാഗ്രഹവും നിയന്ത്രിക്കാൻ കഴിയാത്തവൻ സ്വന്തം നാശത്തിന് കാരണമാകുന്നു.

കീർത്തിമുഖം എന്ന വാക്കിന്റെ അർത്ഥം 'മഹത്വത്തിന്റെ മുഖം' (Face of Glory) എന്നാണ്. ദൃഷ്ടിദോഷം, ദുഷ്ടശക്തികൾ, നെഗറ്റീവ് എനർജി എന്നിവ അകറ്റി സംരക്ഷണം നൽകുമെന്നാണ് പരമ്പരാഗത വിശ്വാസം.

ഭഗവാൻ ശിവന്റെ കോപത്തിൽനിന്ന് ജനിക്കുകയും സ്വന്തം ശരീരം തന്നെ ഭക്ഷിച്ച് അവസാനം മുഖം മാത്രം അവശേഷിക്കുകയും ചെയ്ത ഒരു ജീവിയുടെ കഥയാണത് കീർത്തിമുഖത്തിൻ്റ.

നമ്മൾ പലപ്പോഴും ക്ഷേത്രങ്ങളുടെ പ്രധാന കവാടങ്ങളിലും ഗോപുരങ്ങളിലും വീടുകളുടെ പ്രവേശനകവാടങ്ങൾക്ക് മുകളിലുമായി ഒരു വിചിത്രമായ മുഖരൂപം കാണാറുണ്ട്. വലിയ കണ്ണുകൾ, വിടർന്ന വായ, പുറത്തേക്ക് നീണ്ടുനിൽക്കുന്ന പല്ലുകൾ, ഭയപ്പെടുത്തുന്ന മുഖഭാവം എന്നിവയുള്ള ഈ രൂപത്തെയാണ് കീർത്തിമുഖം എന്ന് വിളിക്കുന്നത്.

വാസ്തുശാസ്ത്രത്തിലും ഇതിന് പ്രാധാന്യമുണ്ട്. ക്ഷേത്രങ്ങളിൽ ഇത് പവിത്രതയുടെ സംരക്ഷണത്തെയും ഭക്തർ അഹങ്കാരവും ഭൗതിക ആസക്തികളും ഉപേക്ഷിച്ച് ദൈവസന്നിധിയിലേക്ക് പ്രവേശിക്കണമെന്ന സന്ദേശത്തെയും പ്രതിനിധീകരിക്കുന്നു. 

ശിവപുരാണവുമായി ബന്ധപ്പെട്ട ഐതിഹ്യമനുസരിച്ച്, ജലന്ധരൻ എന്ന അസുരരാജാവ് തന്റെ ശക്തിയിൽ അഹങ്കരിച്ച് ദേവന്മാരെയും മറ്റുള്ളവരെയും വെല്ലുവിളിച്ചുകൊണ്ടിരുന്നു.

ഒരിക്കൽ നാരദമഹർഷിയിൽനിന്ന് പാർവതീദേവിയുടെ സൗന്ദര്യത്തെക്കുറിച്ച് അറിഞ്ഞ ജലന്ധരന് അവരെ സ്വന്തമാക്കണമെന്ന ആഗ്രഹമുണ്ടായി. അതിനായി ഭഗവാൻ ശിവന്റെ അടുത്തേക്ക് രാഹുവിനെ ദൂതനായി അയച്ചു. പാർവതീദേവിയെ തനിക്ക് വിട്ടുകൊടുക്കണമെന്നായിരുന്നു ജലന്ധരന്റെ ആവശ്യം.

രാഹുവിന്റെ ഈ സന്ദേശം കേട്ട ഭഗവാൻ ശിവൻ അത്യധികം കോപിഷ്ഠനായി. ആ കോപത്തിന്റെ ശക്തിയിൽനിന്ന്, സിംഹമുഖവും ഭയങ്കരമായ കണ്ണുകളുമുള്ള ഒരു അതിശക്തനായ ജീവി പ്രത്യക്ഷപ്പെട്ടു.

അതിന്റെ രൂപവും വിശപ്പും അതിഭയങ്കരമായിരുന്നു. അത് രാഹുവിനെ ഭക്ഷിക്കാനായി പാഞ്ഞടുത്തു. ഭയന്ന രാഹു ഭഗവാൻ ശിവനോട് അഭയം തേടി. താൻ വെറുമൊരു ദൂതൻ മാത്രമാണെന്നും ജലന്ധരന്റെ ആജ്ഞപ്രകാരമാണ് വന്നതെന്നും രാഹു അറിയിച്ചു.

ഒരു ദൂതനെ ശിക്ഷിക്കുന്നത് ഉചിതമല്ലെന്ന് പറഞ്ഞ് ശിവൻ ആ ജീവിയോട് രാഹുവിനെ വിട്ടയക്കാൻ ആവശ്യപ്പെട്ടു. ശിവന്റെ ആജ്ഞ അനുസരിച്ച് ആ ജീവി രാഹുവിനെ വെറുതെ വിട്ടു.

രാഹുവിനെ വിട്ടയച്ചെങ്കിലും ആ ജീവിയുടെ വിശപ്പ് മാറിയിരുന്നില്ല. എന്താണ് ഭക്ഷിക്കേണ്ടതെന്ന് അത് ഭഗവാൻ ശിവനോട് ചോദിച്ചു.

അപ്പോൾ ശിവൻ സ്വന്തം ശരീരം തന്നെ ഭക്ഷിച്ചുകൊള്ളാൻ ആജ്ഞാപിച്ചു.

ശിവന്റെ ആജ്ഞ അനുസരിച്ച ആ ജീവി സ്വന്തം കൈകാലുകളും ശരീരഭാഗങ്ങളും ഓരോന്നായി ഭക്ഷിക്കാൻ തുടങ്ങി. അങ്ങനെ ക്രമേണ ശരീരം മുഴുവൻ ഭക്ഷിച്ച് അവസാനം തല മാത്രം അവശേഷിച്ചു.

ഈ വിചിത്രമായ പ്രവൃത്തിയിൽ സന്തുഷ്ടനായ ഭഗവാൻ ശിവൻ ആ ജീവിയെ അനുഗ്രഹിച്ചു. അതിന് കീർത്തിമുഖം എന്ന പേര് നൽകി. ശിവന്റെ വാസസ്ഥലത്തിന്റെയും ക്ഷേത്രങ്ങളുടെയും കവാടങ്ങളിൽ പ്രത്യേക സ്ഥാനവും നൽകി.

ക്ഷേത്രങ്ങളുടെ പ്രവേശനകവാടങ്ങളിൽ കീർത്തിമുഖത്തെ സ്ഥാപിക്കുന്നത് ദുഷ്ടശക്തികളെയും അശുഭകരമായ സ്വാധീനങ്ങളെയും തടയുന്ന സംരക്ഷക പ്രതീകമായാണ്.

സ്വന്തം ശരീരം പോലും ഭക്ഷിച്ച് അവസാനം മുഖം മാത്രം അവശേഷിച്ച കഥയെ അഹങ്കാരവും ഭൗതികമായ ആസക്തികളും ഉപേക്ഷിക്കുന്നതിന്റെ പ്രതീകമായി വ്യാഖ്യാനിക്കാറുണ്ട്.

ഒരിക്കലും അവസാനിക്കാത്ത വിശപ്പും ആഗ്രഹങ്ങളും മനുഷ്യന്റെ അത്യാഗ്രഹത്തെ ഓർമിപ്പിക്കുന്നു. ആഗ്രഹങ്ങളെ നിയന്ത്രിക്കാതെ വിട്ടാൽ അവ നമ്മെത്തന്നെ നശിപ്പിക്കുമെന്നൊരു ദാർശനിക സന്ദേശവും ഈ കഥയിൽനിന്ന് വായിച്ചെടുക്കാം.

ഇന്ത്യയിലെ നിരവധി പുരാതന ക്ഷേത്രങ്ങളിൽ പ്രധാന കവാടങ്ങൾ, ഗോപുരങ്ങൾ, മണ്ഡപങ്ങൾ, ശ്രീകോവിലിന്റെ പ്രവേശനഭാഗങ്ങൾ എന്നിവിടങ്ങളിൽ കീർത്തിമുഖത്തിന്റെ രൂപം കാണാം.

ക്ഷേത്രങ്ങളിൽ മാത്രമല്ല, ചില വീടുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും പ്രവേശനകവാടങ്ങൾക്ക് മുകളിലും കീർത്തിമുഖത്തിന്റെ രൂപം സ്ഥാപിക്കാറുണ്ട്.

വാസ്തുപരമായ വിശ്വാസമനുസരിച്ച് ഇത് ദൃഷ്ടിദോഷം, നെഗറ്റീവ് എനർജി, അശുഭകരമായ സ്വാധീനങ്ങൾ എന്നിവയിൽനിന്ന് സംരക്ഷണം നൽകുമെന്നാണ് കരുതുന്നത്.

No comments:

Post a Comment