Friday, 6 November 2026

ചൂല് പൂജ

ദീപാവലിക്കും അതിനു തൊട്ടുമുമ്പും ശേഷവുമുള്ള ദിവസങ്ങളിൽ നിരവധി ആഘോഷങ്ങളും ആചാരങ്ങളുമുണ്ട്. എല്ലാ വർഷവും അവയുടെ വിശേഷങ്ങൾ എഴുതാറുള്ളതാണെങ്കിലും, ഈ വർഷം അങ്ങനെ എഴുതാൻ തോന്നുന്നില്ല.

ഇത്തരം ആചാരങ്ങളുടെ അർത്ഥം ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടിൽ വ്യാഖ്യാനിച്ചേക്കാം. എന്നാൽ ചില ആചാരങ്ങൾ നമ്മുടെ ജീവിതത്തിൽ നിലനിൽക്കുന്നത് അവയുടെ പിന്നിലുള്ള വിശ്വാസം കൊണ്ടു മാത്രമല്ല, തലമുറകളിലൂടെ കൈമാറിവന്ന സ്നേഹത്തിന്റെയും ഓർമ്മകളുടെയും ഭാഗമായതുകൊണ്ടുകൂടിയാണ്.

ഭാരതീയ സംസ്കാരങ്ങളെ പുച്ഛിച്ചുകൊണ്ടുള്ള കമന്റുകൾ പോസ്റ്റിന് താഴെ കാണുമ്പോൾ, സ്വന്തം ബി.പി. എന്തിന് കൂട്ടണം എന്നൊരു ചിന്ത. അതുകൊണ്ട് പതിവ് സ്ഥലമായ ബ്ലോഗിൽ എഴുതി നിർത്താം എന്ന് കരുതി. പിന്നെ ഓർത്തു ബഹുജനം പലവിധം. ചിലർക്ക് വിശേഷങ്ങൾ വായിക്കാൻ ഇഷ്ടമാണല്ലോ, അവർക്കായി ഇവിടെയും ഇടാം. പാശ്ചാത്യ സംസക്കാരങ്ങളിലെ ആഘോഷങ്ങളിലെ ലോജിക് ഒന്നും നോക്കാത്ത അവർക്ക് ഭാരത ആഘോഷങ്ങളിൽ ലോജിക് തപ്പൽ ആണ് ഇയ്യിടെ ആയി ജോലി. അവർക്ക് വലിയ ഒരു ബൈ.

ഭാരതീയ സംസ്കാരത്തിന്റെ ഒരു പ്രത്യേകത, നമ്മുടെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഓരോ വസ്തുവിനെയും ആദരവോടെ കാണുകയും അവയെ പൂജയുടെയും ആഘോഷങ്ങളുടെയും ഭാഗമാക്കുകയും ചെയ്യുന്നു എന്നതാണ്. അത്തരത്തിലൊരു ദിവസമായിരുന്നു ഇന്നലെ ധന്വന്തരി ദിനം അഥവാ ധൻതെറസ്.

ധൻതെറസിൽ കുബേരനെ ആരാധിക്കുന്നതിന് ഒപ്പം ധന്വന്തരിയെ ആരാധിക്കുന്നതോടൊപ്പം മരുന്നുകളെയും ആരോഗ്യവുമായി ബന്ധപ്പെട്ട വസ്തുക്കളെയും ആദരിക്കുന്നു. അതുപോലെ, നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ചൂലിനെപ്പോലും പൂജിക്കുന്ന ഒരു ആചാരമുണ്ട്. പുതിയ ചൂല് വാങ്ങി അതിൽ മഞ്ഞളും കുങ്കുമവും പുരട്ടി, പൂജാസമയത്ത് ആദരവോടെ മാറ്റിവയ്ക്കുന്നു.

ഇതൊക്കെ വെറും അന്ധവിശ്വാസങ്ങളാണെന്ന് ചിലർക്ക് തോന്നിയേക്കാം. എന്നാൽ ഓരോ വസ്തുവിനോടും നന്ദിയും ആദരവും പുലർത്തുക എന്നൊരു ജീവിതദർശനം അതിനു പിന്നിലുണ്ടെന്ന് എനിക്ക് തോന്നുന്നു.

കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞുതന്ന ചില ആചാരങ്ങൾ ഇന്നും തുടരുന്നുണ്ട്. ഈ സമയത്ത് അതൊക്കെ ഓർമ്മ വരുന്നു.

ആഹാരം കഴിക്കുന്നതിന് മുമ്പ് ഒരു നുള്ള് ഭക്ഷണം പിതൃക്കൾക്കും ഭഗവാനും അർപ്പിക്കുന്നു. ഭക്ഷണം കഴിച്ചുതീർന്നാൽ, ഒരു നുള്ള് ഭക്ഷണം ബാക്കി വച്ച് പുറത്തേക്ക് എറിഞ്ഞുകളയുന്നു.

അത് ജ്യേഷ്ഠലക്ഷ്മിക്കുള്ളതാണെന്നാണ് മുത്തശ്ശി പറഞ്ഞുതന്നത്. ജ്യേഷ്ഠലക്ഷ്മി വീട്ടിൽ പ്രവേശിച്ചാൽ കലഹവും ദാരിദ്ര്യവും ഉണ്ടാകുമെന്ന വിശ്വാസം. അന്നുമുതൽ ഇന്നുവരെ ആ ആചാരം പതിവായി തുടരുന്നു.

മുത്തശ്ശി പറഞ്ഞുതന്നത് ഇന്നും തുടരുമ്പോൾ, അതൊരു ആചാരം മാത്രമല്ല… എന്റെ ബാല്യവും കുടുംബവും സംസ്കാരവും കൂടിയാണ്.

No comments:

Post a Comment