Sunday, 24 May 2026

ഫാൽഗു നദി

ഗയയിലെ ഫാൽഗു നദി തീരത്ത് നടത്തുന്ന പിണ്ഡദാനത്തിന് ഹിന്ദു വിശ്വാസത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. ഇവിടെ പിതൃകർമ്മം നിർവഹിച്ചാൽ പിതൃങ്ങൾക്ക് ശ്രേഷ്ഠമായ തൃപ്തിയും മോക്ഷലാഭവും ലഭിക്കുമെന്ന വിശ്വാസം കൊണ്ടാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഗയയിൽ എത്തുന്നത്. ചില പരമ്പരാഗത വിശ്വാസങ്ങൾ പ്രകാരം ഗയയിൽ സമ്പൂർണ വിധിയിൽ പിണ്ഡദാനം നടത്തിയാൽ പിന്നീട് ആവർത്തിച്ച് വാർഷിക ബലി നിർബന്ധമല്ലെന്നും കരുതപ്പെടുന്നു. എങ്കിലും ഇത് പ്രദേശങ്ങളുടെയും കുടുംബാചാരങ്ങളുടെയും അടിസ്ഥാനത്തിൽ വ്യത്യാസപ്പെടാം.

ഗയയിലെ മറ്റൊരു പ്രത്യേകത സ്ത്രീകൾക്കും പിണ്ഡദാനവും തർപ്പണവും നടത്താൻ അനുവാദമുള്ള തീർത്ഥസ്ഥാനമാണെന്നതാണ്. സീത, ദശരഥന് സ്വയം പിണ്ഡം അർപ്പിച്ച ഐതിഹ്യവുമായി ബന്ധപ്പെടുത്തി ഇതിനെ കാണാറുണ്ട്. അതിൻ്റെ കഥ താഴെ കൊടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഭർത്താവിന്റെ കുടുംബത്തിലെ മരിച്ചവർക്കും സ്വന്തം ബന്ധു-മിത്രാദികൾക്കും സ്ത്രീകൾ ഇവിടെ ശ്രാദ്ധകർമ്മങ്ങൾ നിർവഹിക്കുന്ന പതിവുണ്ട്. ഈ വിശ്വാസവും ആത്മീയ പ്രാധാന്യവും കൊണ്ടാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഗയയിൽ എത്തി ബലി-തർപ്പണ ക്രിയകൾ നടത്തുന്നത്.

 “ഇത്ര വലിയ മണൽപ്പരപ്പാണോ ഒരു പുണ്യനദി? പുറത്തേക്ക് വരണ്ട മണൽ മാത്രം കാണാം. പക്ഷേ നാട്ടുകാർ പറയും: ഫാൽഗു ഉള്ളിലൂടെ ഒഴുകുന്നുണ്ട്, സീതയുടെ ശാപം കൊണ്ടാണ് മുകളിലൂടെ ഒഴുകാത്തത് എന്ന്. മഴക്കാലത്ത് മുകളിലൂടെയും നിറഞ്ഞ് കവിഞ്ഞ് ഒഴുകും.
 
അവിടെയാണ് ഈ നദിയുടെ കഥ തുടങ്ങുന്നത്.

പുരാണപ്രകാരം വനവാസത്തിൽ ആയിരുന്ന രാമനും സീതയും ലക്ഷ്മണനും ദശരഥ മഹാരാജാവിന്റെ ശ്രാദ്ധത്തിനായി ഗയയിൽ എത്തി. സീതയെ നദി കരയിൽ ഇരുത്തി രാമനും ലക്ഷ്മണനും ബലിക്ക് വേണ്ട സാധനങ്ങൾ ഒരുക്കാൻ പോയി.  ആ സമയം ദശരഥന്റെ ആത്മാവ് സീതയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. “എനിക്ക് വിശക്കുന്നു… സമയം കഴിഞ്ഞുപോകുന്നു… ഇപ്പോൾ തന്നെ പിണ്ഡം നൽകൂ” എന്നായിരുന്നു അദ്ദേഹത്തിന്റെ അപേക്ഷ.

കയ്യിൽ അരിയുമില്ല, എള്ളുമില്ല. സീത നദിക്കരയിലെ മണൽ കൊണ്ട് തന്നെ പിണ്ഡം നിർമ്മിച്ച് ദശരഥന് സമർപ്പിച്ചു. അക്ഷയവട വൃക്ഷം, ഫാൽഗു നദി, ഒരു പശു, തുളസി, ഒരു ബ്രാഹ്മണൻ — ഇവരെല്ലാം സാക്ഷികളായിരുന്നു.
പിന്നീട് രാമൻ തിരിച്ചെത്തിയപ്പോൾ, സീത പിന്ധദാനം നടത്തിയത് പറഞ്ഞപ്പോൾ “മണൽ കൊണ്ട് നൽകിയ പിണ്ഡം എങ്ങനെ പിതൃക്കൾ സ്വീകരിക്കും?” എന്ന സംശയം ഉയർന്നു. സീത സാക്ഷികളെ വിളിച്ചു. എന്നാൽ അക്ഷയവടം ഒഴികെ മറ്റെല്ലാവരും ഞങ്ങൽ കണ്ടില്ല എന്ന് പറഞ്ഞ് നിഷേധിച്ചു. അതിന്റെ കോപത്തിലാണ് സീത ഫാൽഗുവിനെ ശപിച്ചതെന്നാണ് വിശ്വാസം — “ഇനി നീ പുറത്തേക്ക് ഒഴുകരുത്.” അതുകൊണ്ടാണ് ഇന്നും ഫാൽഗു നദി കൂടുതലായും മണലിനടിയിലൂടെ ഒഴുകുന്നു എന്ന് നാട്ടുകാർ വിശ്വസിക്കുന്നു.

സത്യം നിഷേധിച്ചതിനാൽ സീത ശപിച്ചത് ഇപ്രകാരം ആയിരുന്നു.
- ഫാൽഗു നദി മണലിനടിയിലൂടെ ഒഴുകട്ടെ
- ഗയ ബ്രാഹ്മണർ ഒരിക്കലും തൃപ്തരാകരുത്
- തുളസി അവിടെ വളരാതിരിക്കട്ടെ
- പശുവിന്റെ മുൻഭാഗത്തിന് പകരം പിൻഭാഗം ആരാധിക്കപ്പെടട്ടെ

ഈ കഥയ്ക്ക് മറ്റൊരു വലിയ സന്ദേശവും ഉണ്ട് — സ്ത്രീകൾക്കും പിണ്ഡദാനം ചെയ്യാം എന്നത്. സാധാരണയായി പിതൃകർമ്മങ്ങൾ പുരുഷന്മാർ ചെയ്യുന്നതായാണ് സമൂഹത്തിൽ ധാരണ. എന്നാൽ ഗയയിലെ സീതയുടെ കഥ സ്ത്രീക്കും പിതാക്കൾക്ക് ശ്രാദ്ധം ചെയ്യാനുള്ള ആത്മീയ അവകാശം ഉണ്ടെന്ന് ഓർമ്മപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഇന്നും പല സ്ത്രീകളും ഗയയിൽ പിണ്ഡദാനം നടത്തുന്നു.

ഫാൽഗു ഹിന്ദുക്കൾക്ക് മാത്രമല്ല, ബൗദ്ധമതത്തിനും അതീവ പുണ്യ നദി ആണ്. ഇതേ നദീതീരത്താണ് സിദ്ധാർത്ഥ ഗൗതമൻ കഠിന തപസ്സ് അനുഷ്ഠിച്ചതും, പിന്നീട് സുജാത നൽകിയ പാൽപായസം കഴിച്ച് ബോധിവൃക്ഷത്തിൻ കീഴിൽ ജ്ഞാനോദയം നേടിയതും.

ഇന്ന് ഫാൽഗുവിന്റെ കരയിൽ നിൽക്കുമ്പോൾ ചരിത്രവും പുരാണവും ഒരുമിച്ച് ശ്വാസമെടുക്കുന്നതുപോലെ തോന്നും. ഒരു വശത്ത് സീതയുടെ ശാപകഥ, മറുവശത്ത് ബുദ്ധന്റെ ധ്യാനം, മറ്റൊരുവശത്ത് പിതാക്കൾക്കായി പ്രാർത്ഥിച്ച് നിൽക്കുന്ന മനുഷ്യർ… ഗയ എന്ന സ്ഥലം ഒരു യാത്രയല്ല, ഒരു അനുഭവമാണ്.

No comments:

Post a Comment