ഇന്ന് മുതൽ പത്ത് ദിവസത്തേക്ക് ഹരിദ്വാർ, പ്രയാഗ്രാജ് പോലുള്ള പുണ്യ നഗരങ്ങളിൽ ഗംഗാദശര ആഘോഷം തുടങ്ങുന്നു.
ഗംഗാമയ്യാ (ഞാൻ അങ്ങനെ ആണ് വിളിക്കുന്നത്, കാരണം ഗംഗാ നദീതടം ഇന്ത്യയുടെ മൊത്തം ഭൗമവിശാലതയുടെ ഏകദേശം 26% ഭാഗം വ്യാപിച്ചുകിടക്കുന്നു, ഇന്ത്യയിലെ കൃഷിയോഗ്യ ഭൂമിയുടെ ഏകദേശം 30–40% വരെ ഗംഗാ നദീതടവുമായി ബന്ധപ്പെട്ടതാണ്) സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് അവതരിച്ച ദിനത്തിന്റെ ഓർമ്മയായി ആഘോഷിക്കുന്ന ഉത്സവമാണ് ഗംഗാ ദശഹറ.
"ദശ് ഹറ” എന്ന പദം “പത്ത് പാപങ്ങൾ നീക്കൂന്നത് എന്ന അർത്ഥവുമായി ബന്ധപ്പെട്ടതാണ്. ഈ ദിവസം ഗംഗയിൽ വിശുദ്ധ സ്നാനം ചെയ്യുന്നത് ചിന്ത, വാക്ക്, പ്രവൃത്തി എന്നിവയിലൂടെ സംഭവിക്കുന്ന പത്ത് തരത്തിലുള്ള പാപങ്ങൾ നീക്കുമെന്ന് വിശ്വസിക്കുന്നു
ഭഗീരഥ രാജാവിൻ്റെ കഠിന തപസ്സിന്റെ ഫലമായി ദേവി ഗംഗ ഭൂമിയിലേക്ക് ഇറങ്ങി വന്നു. ഭഗീരഥന്റെ ശപിക്കപ്പെട്ട പൂർവ്വികർക്കു മോക്ഷം നൽകാനായിരുന്നു ഈ അവതാരം എന്നാണ് വിശ്വാസം. ഗംഗാജലം അവരുടെ ആത്മാക്കളെ ശുദ്ധീകരിച്ച് മോക്ഷം നൽകി എന്ന് പുരാണങ്ങൾ പറയുന്നു.
ഗംഗയുടെ ഉത്ഭവവും പഞ്ചപ്രയാഗുകളും
ഗംഗയുടെ രൂപീകരണത്തിന് പിന്നിലും വലിയൊരു ആത്മീയ-ഭൗമശാസ്ത്ര കഥയുണ്ട്.
ഭാഗീരഥി നദി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുള്ള ഗംഗോത്രി ഹിമാനിയിലെ 'ഗോമുഖ്' എന്ന സ്ഥലത്തുനിന്നാണ് ഭാഗീരഥി നദി ഉത്ഭവിക്കുന്നത്. ഹൈന്ദവ പുരാണങ്ങളിലും വിശ്വാസങ്ങളിലും ഗംഗയുടെ യഥാർത്ഥ ഉത്ഭവമായി കണക്കാക്കുന്നത് ഭാഗീരഥിയെയാണ്.
അളകനന്ദ നദി - സത്പഥ് ഹിമാനിയിൽ നിന്നാണ് അളകനന്ദ ഉത്ഭവിക്കുന്നത്. ഈ രണ്ട് നദികളും ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ സംഗമിക്കുന്ന നിമിഷം മുതൽ ആ മഹാനദി “ഗംഗ” എന്ന പേരിൽ അറിയപ്പെടുന്നു. അതുകൊണ്ടുതന്നെ ദേവപ്രയാഗിനെ പലരും “ഗംഗയുടെ ജന്മസ്ഥലം” എന്നാണ് ഭക്തിപൂർവ്വം വിളിക്കുന്നത്.
“പ്രയാഗ്” എന്നാൽ ഹിമാലയ മേഖലയിൽ നദികൾ തമ്മിൽ സംഗമിക്കുന്ന വിശുദ്ധ സ്ഥലങ്ങളെയാണ് “പ്രയാഗ്” എന്ന് വിളിക്കുന്നത്. അളകനന്ദ നദിയുമായി വിവിധ നദികൾ ചേരുന്ന അഞ്ച് മഹാസംഗമങ്ങൾ ചേർന്നതാണ് പ്രശസ്തമായ “പഞ്ചപ്രയാഗ്”.
പഞ്ചപ്രയാഗുകൾ:
1️⃣ വിഷ്ണുപ്രയാഗ് – അളകനന്ദയും ധൗളിഗംഗയും സംഗമിക്കുന്നു.
2️⃣ നന്ദപ്രയാഗ് – അളകനന്ദയും നന്ദാകിനിയും ഒന്നിക്കുന്നു.
3️⃣ കർണപ്രയാഗ് – അളകനന്ദയും പിണ്ഡാർ നദിയും സംഗമിക്കുന്നു; മഹാഭാരതത്തിലെ കർണനുമായി ബന്ധപ്പെട്ട കഥകളും ഇവിടെ പ്രശസ്തമാണ്.
4️⃣ രുദ്രപ്രയാഗ് – അളകനന്ദയും മണ്ഡാകിനിയും ഇവിടെ ചേരുന്നു. കെദാർനാഥ് ഭാഗത്ത് നിന്നാണ് മണ്ഡാകിനി വരുന്നത്.
5️⃣ ദേവപ്രയാഗ് – ഭാഗീരഥിയും അളകനന്ദയും ഒന്നിച്ച് “ഗംഗ”യായി മാറുന്ന അതിപവിത്ര സംഗമം.
ഗംഗ ഒരു നദി മാത്രമല്ല ഇന്ത്യൻ സംസ്കാരത്തിൽ അത് ആത്മീയതയുടെ, ശുദ്ധിയുടെ, മാതൃത്വത്തിന്റെ, മോക്ഷത്തിന്റെ ജീവിക്കുന്ന പ്രതീകമാണ്.
No comments:
Post a Comment