ഇന്നലെ മോണിംഗ് വാക്കിന് ഇടക്ക് ഈ ബസ് സ്റ്റോപ്പിൽ വന്ന് ഇരുന്നപ്പോൾ 65 വയസ്സോളം പ്രായമായ ഒരു സ്ത്രീ എൻ്റെ അടുത്ത് വന്ന് എനിക്ക് ഒരു നിവേദനം എഴുതി തരുമോ എന്ന് ചോദിച്ചു. എഴുതി തരാം എന്ന് പറഞ്ഞപ്പോൾ അവരുടെ ഭാണ്ടകേട്ടിൽ നിന്ന് കുറെ A4 പേപ്പറുകളും പേനയും പുറത്തെടുത്തു തന്നു. അവർ പറയുന്നത് ഞാൻ എഴുതാൻ തുടങ്ങി. എൻ്റെ ദിനേശിന കുറേ വർഷങ്ങൾ ആയി കാണാൻ ഇല്ല, അവനെ അടിക്കുകയും, വേദനിപ്പിക്കുകയും ചെയ്ത പോലീസുകാർക്കും പട്ടാളക്കാർക്കും എതിരെ ആക്ഷൻ എടുക്കണം എന്ന് ഇന്ത്യൻ ഗവൺമെൻ്റിനും നേപ്പാൾ ഗവൺമെൻ്റിനും ഉളള നിവേദനം ആണ് എന്നെ കൊണ്ട് എഴുതിപ്പിക്കുന്നത്. ഈ കാരണങ്ങൾക്ക് ഉത്തരവാദികളായവർക്ക് (3 സ്ത്രീകളുടെയും ഒരു പുരുഷൻ്റെയും പേരുകൾ) എതിരെ കേസ് എടുക്കണം എന്നും ഒക്കെ ഉള്ളത് തലങ്ങും വിലങ്ങും എഴുതിച്ചോണ്ടിരുന്നു.
എൻ്റെ കൈ കഴക്കുന്നുണ്ടായിരുന്നു, പക്ഷെ അവർ നിർത്താൻ ഉള്ള ഭാവം ഇല്ല. എന്നിൽ നിന്ന് ഒരകലത്തിൽ നിന്നിരുന്ന അവർ എന്നോട് ചേർന്ന് ഇരുന്ന് പറയാൻ തുടങ്ങി. ഉടുത്തിരുന്ന തുണി പല ഭാഗത്തും കീറിയിരിക്കുന്നു. പല്ല് തേച്ചിത്തും കുളിച്ചിട്ടും വളരെ നാളായി എന്ന് അടുത്തിരുന്നപ്പോൾ തന്നെ മനസ്സിലായി. വഴി പോക്കർ അത്ഭുതത്തോടെ ഞങ്ങളെ നോക്കി പോകുന്നുണ്ടായിരുന്നു. നേപ്പാളി സ്ത്രീ ആണെന്ന് സംസാരത്തിൽ നിന്ന് മനസ്സിലായി.
നേപ്പാളികളും തിബ്ബത്തികളും ധാരാളം ഉണ്ട് ഇവിടെ. 25 ഓളം യൂണിവേഴ്സിറ്റികളും വിഐപികളുടെ മക്കൾ പഠിക്കുന്ന ധാരാളം ബോർഡിംഗ് സ്കൂളുകളും ഉള്ള ഏരിയ ആയത് കൊണ്ട് ധാരാളം വിദേശികൾ ഉണ്ട് പഠിക്കാനും പഠിപ്പിക്കാനും.
ഞാൻ കൈ കുടയുന്നത് കണ്ടപ്പോൾ താ ഞാൻ നിവേദനത്തിൽ ഒപ്പിടത്തെ എന്ന് പറഞ്ഞ് വാങ്ങി ഒപ്പിട്ട് തിരിച്ച് തന്നിട്ട് അതിൻ്റെ ഫോട്ടോ എടുക്കാൻ പറഞ്ഞു. ചുമ്മാ കുത്തികുറിച്ച കുറെ പേപ്പറുകളുടെയും കൂടെ ഫോട്ടോ എടുപ്പിച്ചിത്ത് എല്ലാം ഷെയർ ചെയ്യാൻ പറഞ്ഞിട്ട് എണീറ്റു.
അടുത്തുള്ള ചായ കടയിലേക്ക് ചൂണ്ടി കാണിച്ചോണ്ട് ഞാൻ പറഞ്ഞു അവിടെ പോയി ചായയും കഴിക്കാൻ വേണ്ടതും മേടിച്ചോളാൻ, ചായകടക്കാനോടും അംഗ്യത്തിൽ പറഞ്ഞു കൊടുക്കാൻ. കുറെ കഴിഞ്ഞ് ചായക്കടയിൽ പോയി പണവും കൊടുത്ത് ഞാൻ വീട്ടിലേക്കും പോയി.
രാത്രിയിൽ പകൽ നടന്നത് എല്ലാം അയവിറക്കിയപ്പോൾ ഈ കാര്യവും ഓർമ്മ വന്നു. തണുപ്പ് തുടങ്ങുകയാണ്, ഓരോ തണുപ്പിലും റോഡ് സൈഡിൽ കിടക്കുന്നവർക്ക് ആയി ഗവണ്മെൻ്റ് ഷെൽട്ടർ ഹോംസ് ഉണ്ടാക്കും. കിടക്കയും കമ്പിളിയും കൊടുക്കും ഉറങ്ങാൻ. ഇന്ന് അവരെ ഏതെങ്കിലും ഷെൽട്ടർ ഹോമിൽ എത്തിക്കണം എന്ന ഉദ്ദേശ്യത്തോടെ ഞാൻ അവരെ വൈറ്റ് ചെയ്യുന്നതിൻ്റെ കൂടെ ആണ് ഇത് എഴുതുന്നത്. ഇന്നല്ലെങ്കിൽ നാളെ എവിടെയെങ്കിലും വച്ച് അവരെ കാണും എന്ന പ്രതീക്ഷയിൽ.
No comments:
Post a Comment