Monday, 5 October 2026

ഭക്തി

ഭഗവാനെ ആരാധിക്കുന്നത് ഭയത്തോടെയാകരുത്… ഭാവത്തോടെയാകണം.

ഏത് ദിവസം പ്രാർത്ഥിക്കാൻ മനസ്സില്ലെങ്കിൽ അന്ന് പ്രാർത്ഥിക്കാതിരിക്കുക.
“പ്രാർത്ഥിച്ചില്ലെങ്കിൽ ദൈവം കോപിക്കും”, “ഇന്നത്തെ ദിവസം മോശമാകും” എന്ന ഭയത്തിൽ ചെയ്യുന്ന പ്രാർത്ഥനയ്ക്ക് എന്ത് അർത്ഥമാണുള്ളത്?

നിവൃത്തിയില്ലാത്തതുകൊണ്ടോ, ദൈവഭയം കൊണ്ടോ, ആരെങ്കിലും നിർബന്ധിച്ചതുകൊണ്ടോ പ്രാർത്ഥിക്കാൻ തുനിയരുത്.

നിങ്ങളെ സ്നേഹിക്കുന്ന ഒരാളുടെ മുന്നിൽ മനസ്സില്ലാതെ ഭക്ഷണം വിളമ്പുന്നതുപോലെയാണ് അത്. ഭക്ഷണം കഴിച്ചാലും അതിൽ സ്നേഹത്തിന്റെ രുചിയുണ്ടാകില്ല; ഒരു തൃപ്തിയും ഉണ്ടാകില്ല.

മനുഷ്യർക്ക് പോലും അകത്ത് സ്നേഹമോ ബഹുമാനമോ ഇല്ലാതെ, സ്വന്തം കാര്യം നേടാൻ വേണ്ടി പുറമേ കാണിക്കുന്ന വലിയ സ്നേഹത്തേക്കാളും ബഹുമാനത്തേക്കാളും ആത്മാർത്ഥമായ നിസ്വാർത്ഥ സ്നേഹമാണ് വിലപ്പെട്ടത്.

അപ്പോൾ ദൈവം അത് മനസ്സിലാക്കില്ലേ? ഭയന്നും നിർബന്ധിതരായും ചെയ്യുന്ന പൂജയേക്കാൾ, ഒന്നും പ്രതീക്ഷിക്കാതെ സ്നേഹത്തോടെ ദൈവത്തെ ഓർക്കുന്ന ഒരു നിമിഷം പോലും കൂടുതൽ അർത്ഥവത്തായിരിക്കാം.

ഭഗവാന് വേണ്ടത് വിളക്കോ, നിവേദ്യമോ, വലിയ വഴിപാടുകളോ മാത്രമല്ല. നിങ്ങളുടെ ഭാവമാണ്.
സ്നേഹം… ഭക്തി....  ആദരം… നിഷ്ഠ… സമർപ്പണം…

നമ്മൾ എത്ര കാണിക്ക ഇട്ടു, എത്ര വഴിപാട് കഴിച്ചു, എത്ര ദാനം നൽകി എന്നതിലല്ല കാര്യം. അതെല്ലാം ചെയ്യുമ്പോൾ നമ്മുടെ മനസ്സിൽ എന്തായിരുന്നു എന്നതാണ് പ്രധാനം.

മനസ്സില്ലാതെ അർപ്പിക്കുന്ന നൂറ് പൂക്കളേക്കാൾ, സ്നേഹത്തോടെ അർപ്പിക്കുന്ന ഒരു പൂവിന് പോലും കൂടുതൽ അർത്ഥമുണ്ടാകാം.

അതുകൊണ്ടുതന്നെ ബാഹ്യ പൂജയെക്കാൾ പലപ്പോഴും ശക്തമാണ് മാനസിക പൂജ.

വിളക്കും പൂവും നിവേദ്യവും പുറത്താകാം…
ഭക്തി ഉള്ളിലായിരിക്കണം.

കാരണം ദൈവം നോക്കുന്നത് നമ്മുടെ കൈകളിലേക്കല്ല,
ഹൃദയത്തിലേക്കാണ്.

No comments:

Post a Comment