ഒരിക്കൽ ഒരു രാജാവ് തന്റെ സഭയിൽ ഒരു ചോദ്യം ഉന്നയിച്ചു:
“ജനിച്ച സമയവും നക്ഷത്രവും മുഹൂർത്തവുമാണ് ഒരാളുടെ ഭാഗ്യം നിർണ്ണയിക്കുന്നതെങ്കിൽ, അതേ സമയത്ത് ജനിച്ച ആയിരക്കണക്കിന് കുട്ടികളിൽ ഞാൻ മാത്രം എങ്ങനെ രാജാവായി? മറ്റുള്ളവർ എന്തുകൊണ്ട് രാജാക്കന്മാരായില്ല?”
സഭയിൽ നിശ്ശബ്ദത പരന്നു. അപ്പോൾ ഒരു വൃദ്ധനായ പണ്ഡിതൻ പറഞ്ഞു: ഈ ചോദ്യത്തിനുള്ള ഉത്തരം അടുത്തുള്ള കാട്ടിൽ താമസിക്കുന്ന സന്യാസിയിൽ നിന്ന് ലഭിക്കുമെന്ന്.
രാജാവ് ഒറ്റയ്ക്ക് കുതിരപ്പുറത്ത് കയറി അദ്ദേഹത്തെ തേടിപ്പോയി. അവിടെ ഒരു മഹാത്മാവ് കത്തുന്ന അഗ്നിക്കരികിൽ ഇരുന്ന്, അതിൽ നിന്നുള്ള ചുട്ടുകരിഞ്ഞ തീകനലുകൾ എടുത്ത് ഭക്ഷിക്കുന്നത് രാജാവ് കണ്ടു.
രാജാവ് തന്റെ ചോദ്യം ചോദിച്ചപ്പോൾ മഹാത്മാവ് കോപത്തോടെ പറഞ്ഞു:
“എനിക്ക് എന്റെ തന്നെ ദുഃഖങ്ങളിൽ നിന്ന് മോചനം ഇല്ല. നിന്റെ ചോദ്യത്തിന് ഉത്തരം പറയാൻ എനിക്ക് സമയമില്ല. മലകൾക്കപ്പുറം താമസിക്കുന്ന മറ്റൊരു മഹാത്മാവിന്റെ അടുത്തേക്ക് പോകൂ.”
ദുർഘടമായ മലകൾ കടന്ന് രാജാവ് രണ്ടാമത്തെ മഹാത്മാവിന്റെ അടുത്തെത്തി. അവിടെ അദ്ദേഹം കണ്ട കാഴ്ച അതിലും വിചിത്രമായിരുന്നു. ആ മഹാത്മാവ് ഇരുമ്പ് ചവണ കൊണ്ട് സ്വന്തം ശരീരത്തിലെ മാംസം നുള്ളിയെടുത്ത് ഭക്ഷിക്കുകയായിരുന്നു.
രാജാവ് വീണ്ടും തന്റെ ചോദ്യം ചോദിച്ചു. എന്നാൽ അദ്ദേഹം മറുപടി നൽകാൻ തയ്യാറായില്ല.
പകരം അദ്ദേഹം പറഞ്ഞു:
“അടുത്തുള്ള ഗ്രാമത്തിൽ ഇപ്പോൾ ജനിച്ച ഒരു കുഞ്ഞുണ്ട്. അവന്റെ അടുത്തേക്ക് പോകൂ. നിന്റെ ചോദ്യത്തിനുള്ള ഉത്തരം അവനിൽ നിന്ന് ലഭിക്കും.”
രാജാവ് ആ കുഞ്ഞിന്റെ അടുത്തെത്തിയപ്പോൾ, കുഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് രാജാവിന്റെ ഏഴ് ജന്മങ്ങൾക്ക് മുൻപുള്ള രഹസ്യം വെളിപ്പെടുത്തി.
ഒരു ജന്മത്തിൽ രാജാവും ആ രണ്ട് മഹാത്മാക്കളും ഉൾപ്പെടെ നാലുപേർ സഹോദരന്മാരായ രാജകുമാരന്മാരായിരുന്നു. ഒരിക്കൽ കാട്ടിൽ വഴിതെറ്റിയ അവർ മൂന്ന് ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ അലഞ്ഞുനടന്നു.
അവരുടെ കൈവശം കുറച്ച് മാവ് മാത്രം ബാക്കിയുണ്ടായിരുന്നു. അതുകൊണ്ട് അവർ നാല് റൊട്ടികൾ ഉണ്ടാക്കി.
അപ്പോൾ പ്രായമായ, വിശന്നുവലഞ്ഞ ഒരു സന്ന്യാസി അവിടെയെത്തി ഭക്ഷണം ചോദിച്ചു.
ആദ്യത്തെ സഹോദരൻ, കോപത്തോടെ ചോദിച്ചു:
“ഞങ്ങൾക്കുതന്നെ ഭക്ഷണമില്ല. നിങ്ങൾക്ക് എന്ത് തരാനാണ്? തീക്കട്ട വേണമെങ്കിൽ തരട്ടെയോ?” അദ്ദേഹത്തിൻ്റെ പുനർജന്മാണ് ആ തീ കനലുകൾ ഭക്ഷിച്ചോണ്ടിരുന്നത്.
രണ്ടാമത്തെ സഹോദരൻ പരിഹാസത്തോടെ പറഞ്ഞു:
“നിങ്ങളെ ഭക്ഷിപ്പിച്ചിട്ട് ഞാൻ എന്റെ ശരീരത്തിലെ മാംസം തന്നെ തിന്നണമെന്നാണോ?” അദ്ദേഹത്തിൻ്റെ പുനർജന്മം ആണ് സ്വന്തം ശരീരത്തിലെ മാംസം നുള്ളിയെടുത്ത് ഭക്ഷിച്ചോണ്ടിരുന്നത്.
മൂന്നാമത്തെ സഹോദരൻ ദേഷ്യത്തോടെ പറഞ്ഞു:
“ഞാൻ തന്നെ വിശന്നുമരിക്കുകയാണ്. എനിക്ക് ഒന്നും തരാൻ കഴിയില്ല.” ആ മൂന്നാമത്തെ സഹോദരൻ ഞാനാണ്.
എന്നാൽ നാലാമത്തെ സഹോദരൻ, അതായത് ഇന്നത്തെ രാജാവ്, തന്റെ കൈവശമുണ്ടായിരുന്ന റൊട്ടിയുടെ പകുതി സ്നേഹത്തോടും ഭക്തിയോടും ആദരവോടും കൂടി ആ മഹാത്മാവിന്റെ മുന്നിൽ സമർപ്പിച്ചു. ആ നാലാമത്തെ സഹോദരൻ നീയാണ്.
മഹാത്മാവ് ആഹാരം പകുത്ത് കൊടുത്ത സഹോദരനിൽ സന്തുഷ്ടനായി അദ്ദേഹത്തെ അനുഗ്രഹിച്ചു:
“നിന്റെ ഈ സത്കർമ്മത്തിന്റെ ഫലം ഭാവിയിൽ നിന്റെ ജീവിതത്തിൽ തീർച്ചയായും പ്രതിഫലിക്കും.”
അവസാനം ആ കുഞ്ഞ് രാജാവിനോട് പറഞ്ഞു:
“സമയം ഒരുപോലെയായിരിക്കാം. നക്ഷത്രം ഒരുപോലെയായിരിക്കാം. ജനനമുഹൂർത്തവും ഒരുപോലെയായിരിക്കാം. പക്ഷേ മനുഷ്യരുടെ കർമ്മം ഒരുപോലെയല്ല.”
ജനനസാഹചര്യങ്ങൾ ഒരാൾക്ക് ചില അവസരങ്ങൾ നൽകാം.
പക്ഷേ ആ അവസരങ്ങളിൽ അവൻ എങ്ങനെ പെരുമാറുന്നു എന്നതാണ് അവന്റെ ജീവിതത്തിന്റെ ദിശയെ രൂപപ്പെടുത്തുന്നത്.
ഒരേ സാഹചര്യത്തിൽ നിൽക്കുന്ന രണ്ടുപേർ രണ്ട് വ്യത്യസ്ത തീരുമാനങ്ങൾ എടുക്കാം. ആ തീരുമാനങ്ങളാണ് പിന്നീട് അവരുടെ സ്വഭാവത്തെയും സംസ്കാരത്തെയും ജീവിതഫലങ്ങളെയും വ്യത്യസ്തമാക്കുന്നത്.
അതുകൊണ്ട് ജീവിതത്തെ മുഴുവൻ നക്ഷത്രങ്ങളുടെയും മുഹൂർത്തങ്ങളുടെയും പേരിൽ മാത്രം വിശദീകരിക്കാൻ കഴിയില്ല.
ഭാഗ്യം നമുക്ക് ലഭിക്കുന്ന സാഹചര്യങ്ങളിൽ ഒരു പങ്ക് വഹിച്ചേക്കാം.
എന്നാൽ ആ സാഹചര്യങ്ങളിൽ നാം ചെയ്യുന്ന തിരഞ്ഞെടുപ്പുകൾക്കും അത്രതന്നെ വലിയ പങ്കുണ്ട്.
ജീവിതത്തിലെ യഥാർത്ഥ സമ്പത്ത് രാജപദവിയിലും അധികാരത്തിലും മാത്രം അല്ല.
നിസ്വാർത്ഥമായ ദാനം, കരുണ, സ്നേഹം, ത്യാഗം — ഇവയാണ് മനുഷ്യന്റെ ജീവിതത്തിന് യഥാർത്ഥ മഹത്വം നൽകുന്നത്.
No comments:
Post a Comment